ചെന്നൈ: കോടതി ഇടപെടലിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ആദ്യമായി ഭിന്ന ലിംഗ വിഭാഗത്തില്‍ നിന്നൊരു എസ്ഐ. മദ്രാസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സേലം സ്വദേശിയായ കെ.പ്രിതിക യാഷിണിയാണ് എസ്ഐ ആയി ഒരുങ്ങുന്നത്.
2013ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയ പ്രിതിക നേരത്തേ പ്രദീപ്കുമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷമാണ് പ്രിതിക എന്ന പേര് സ്വീകരിച്ചത്. വിദ്യാഭ്യാസ സാക്ഷ്യപത്രങ്ങളില്‍ പഴയ പേരുതന്നെ തുടര്‍ന്നതിനാല്‍ പ്രിതികയെ എസ്.ഐ. പരീക്ഷ എഴുതാന്‍ തമിഴ്നാട് യൂണിഫോംഡ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് അനുവദിച്ചില്ല.
ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച പ്രിതികയ്ക്ക് അനുകൂലമായി ചീഫ് ജസ്റ്റിസ് എസ്.കെ. കൗളും ജസ്റ്റിസ് പുഷ്പ സത്യനാരായണയുമടങ്ങിയ ഡിവിഷന് ബെഞ്ച് വിധിച്ചു.
വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവ് നടപ്പായാല്‍ തമിഴ്നാട് പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ പദവിയിലെത്തുന്ന ആദ്യ ഭിന്നലിംഗ വിഭാഗക്കാരിയാവും പ്രിതിക.
ഇനിമുതല്‍ നിയമനങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുമ്പോള്‍ ഭിന്നലിംഗക്കാരെ മൂന്നാംവിഭാഗമായിക്കണ്ട് പ്രത്യേകമായി ഉള്‍ക്കൊള്ളിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
കായികക്ഷമതാ പരീക്ഷയില്‍ നൂറുമീറ്റര്‍ 17.5 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കണമെന്നതായിരുന്നു ബോര്‍ഡിന്റെ നിലപാട്. 18.6 സെക്കന്‍ഡെടുത്താണ് പ്രിതിക ഫിനിഷ് ചെയ്തതെന്നുകാട്ടി ബോര്‍ഡ് പ്രിതികയെ അഭിമുഖത്തിന് വിളിക്കുന്നതില്‍നിന്ന് തടഞ്ഞു. ഇവിടെയും ഹൈക്കോടതിയാണ് പ്രിതികയുടെ രക്ഷയ്ക്കെത്തിയത്.
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ ബിരുദാനന്തര ബിരുദമുള്ള പ്രിതിക അഭിമുഖത്തിലും പരീക്ഷയിലും മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്.
മാനസികമായ പിരിമുറുക്കമായിരിക്കണം നൂറുമീറ്റര്‍ ഓട്ടത്തില്‍ 1.1 സെക്കന്‍ഡിന് പിന്നിലാവാന്‍ കാരണമെന്നും മെഡിക്കല്‍ ഫിറ്റ്നസ് പരിശോധനകളില്‍ വിജയിച്ചിട്ടുള്ള പ്രിതികയുടെ മൊത്തം പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഇതൊരു വീഴ്ചയായി കാണേണ്ടതില്ലെന്നും കോടതി പറഞ്ഞു. തമിഴ്നാട് പോലീസില്‍ ഭിന്നലൈംഗിക വിഭാഗത്തില്‍പ്പെട്ട രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ ഇപ്പോഴുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: