Categories: Ernakulam

വോട്ട് ചെയ്യാന്‍ പ്രമുഖരുടെ നിര

Published by

കൊച്ചി: ജില്ലയിലെ പ്രമുഖ വ്യക്തികള്‍ വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്തി. നടന്‍ ദിലീപ് ആലുവ നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ സെന്റ് ഫ്രാന്‍സിസ് എല്‍ പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. അമ്മയ്‌ക്കും സഹോദരനും സഹോദര ഭാര്യയ്‌ക്കും ഒപ്പമാണ് ദിലീപ് എത്തിയത്. നടി മീരാ നന്ദന്‍ എളമക്കര സ്‌കൂളിലും കവിയൂര്‍ പൊന്നമ്മ ആലുവ തട്ടാംപടിയിലെ ബൂത്തിലും വോട്ടുചെയ്യാനെത്തി.

മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ശ്രീനിവാസനും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല. ക്രിക്കറ്റ് താരം ശ്രീശാന്ത് ചിക്കന്‍പോക്‌സ് ബാധിച്ചതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. ചലച്ചിത്രനടി രമ്യ നമ്പീശന്‍ ചോറ്റാനിക്കരയില്‍ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന വിശ്വാസത്തിലാണ് വോട്ട് നല്‍കുന്നതെന്ന് രമ്യ പറഞ്ഞു.

സാനുമാസ്റ്ററും ഭാര്യ രത്‌നമ്മയും സൗത്ത് സെന്റ് ജോസഫ് സ്‌കൂളില്‍ വോട്ട് ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഭാര്യയും മകള്‍ക്കുമൊപ്പം ചേരാനെല്ലൂര്‍ ജോസാലയം എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്‍ അങ്കമാലി നഗരസഭയിലെ കല്ലുപാലം അംഗനവാടിയിലും ജില്ലാ സെക്രട്ടറി പി. രാജീവ് കളമശേരി സെന്റ് പോള്‍സ് കോളേജിലെ ബൂത്തിലും വോട്ട് ചെയ്തു. സഭാ മേലധ്യക്ഷന്മാരും ജില്ലയിലെ വിവിധ പോളിങ്ങ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്‌ക്കല്‍, കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ എറണാകുളം സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി. കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ ശോഭനാ പബ്ലിക് സ്‌കൂളിലും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മാതിരാപ്പള്ളി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും വോട്ടു ചെയ്തു. മന്ത്രി കെ ബാബു തൃപ്പൂണിത്തുറ ചക്കംകുളങ്ങര ഗവണ്‍മെന്റ് സംസ്‌കൃതം സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി അനൂപ് ജേക്കബ്ബ് വെട്ടിമൂട് അംഗന്‍വാടിയിലും ഇബ്രാഹിം കുഞ്ഞ് ചിറയം വിശ്വദീപ്തി സ്‌കൂളിലും വോട്ട് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by