സ്വന്തം ലേഖകന്‍
കണ്ണൂര്‍: മുന്‍മന്ത്രി എം.വി.രാഘവന്റെ ~ഒന്നാം ചരമവാര്‍ഷിക ദിനം സിഎംപിയിലെ ഇരുവിഭാഗങ്ങളും വെവ്വേറെ ആചരിക്കുന്നു. സിഎംപി അരവിന്ദാക്ഷന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ എംവിആറിന്റെ മൃതദേഹം സംസ്ക്കരിച്ച പയ്യാമ്പലത്ത് നിര്‍മ്മിച്ച സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് നടക്കുന്ന ചരമവാര്‍ഷിക ദിനാചരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാകട്ടെ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. എല്ഡിഎഫിനോടൊപ്പമുളള അരവിന്ദാക്ഷന് വിഭാഗം നടത്തുന്ന അനുസ്മരണ പരിപാടിയിലാണ് പിണറായി മുഖ്യാതിഥിയായി എത്തുന്നത്. പിണറായിയെ കൂടാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉള്‍പ്പെടെയുളള നിരവധി ഇടത് നേതാക്കളും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. കൂത്തുപറമ്പ് വെടിവെപ്പിനും അഞ്ച് സഖാക്കളുടെ മരണത്തിനും ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി ജീവിതാവസാനം വരെ സിപിഎമ്മും പോഷകസംഘടനയായ ഡിവൈഎഫ്ഐയും വേട്ടയാടിയ എം.വി.രാഘവന്റെ ഒന്നാം ചരമ വാര്‍ഷികാചരണത്തില്‍ പിണറായി മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സിപിഎം അണികള്‍ക്കിടയിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ സജീവ ചര്‍ച്ചാവിഷയമായി കഴിഞ്ഞിട്ടുണ്ട്. മുഖ്യശത്രുവും വര്‍ഗശത്രുവുമായി മുദ്രകുത്തപ്പെട്ട എം.വി.രാഘവന് പാര്‍ട്ടിക്കു സ്വീകാര്യനായി മാറിക്കഴിഞ്ഞ സാഹചര്യത്തിലെ കൂത്തുപറമ്പ് ദിനാചരണത്തെ കുറിച്ച് സമൂഹത്തില്‍ വ്യാപകമായ ചര്‍ച്ചകള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
എംവിആര്‍ പ്രതിസ്ഥാനത്തില്ലാതെ കൂത്തുപറമ്പില്‍ വെടിയേറ്റുമരിച്ച അഞ്ചു ഡിവൈഎഫ്ഐക്കാരുടെ ഓര്മമയുമായി രക്തസാക്ഷിത്വദിനാചരണം സിപിഎം നടത്തുമ്പോള്‍ പാര്‍ട്ടി എന്നും സംഭവത്തിന് ഉത്തരവാദിയെന്നു കുറ്റപ്പെടുത്തിയ എം.വി.രാഘവന്റെ പേര് ഇക്കുറി എങ്ങിനെ ഉപയോഗിക്കുമെന്നറിയാന് കാത്തിരിക്കുകയാണ് നാട്ടുകാരും പാര്‍ട്ടി അണികളും. എംവിആറിന്റെ മകള്‍ എല്‍ഡിഎഫ് സ്ഥനാര്ഥിയായതുള്പ്പെടെയുള്ള സംഭവങ്ങള്‍ക്കിടെയാണ് ചരമ വാര്‍ഷികാചരണം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മരണശേഷം എം.വി.ആറിനെ ധീരനായ കമ്മ്യൂണിസ്റ്റ് നേതാവ് എന്നും മറ്റുമാണ് പാര്‍ട്ടിപത്രവും മറ്റു നേതാക്കളും വിശേഷിപ്പിച്ചിരുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം വിടുകയും ജീവിതാവസാനം വരെ സിപിഎം വേട്ടയാടുകയും ചെയ്ത എം.വി.രാഘവന് അവസാന കാലത്ത് ഇടതു ചേരിയില്‍ തിരിച്ചെത്തിയിരുന്നെന്നുമാണ് മരണാനന്തരം സിപിഎം പ്രചരിപ്പിച്ചത്. കണ്ണൂരില്‍ എം.വി.രാഘവന് നിര്‍മ്മിച്ച സിഎംപി ജില്ലാ കമ്മിറ്റി ഓഫീസ് ഇപ്പോള്‍ സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ്. അതേ സമയം പാര്‍ട്ടി ഓഫീസുകളും മറ്റു സ്വത്തുക്കളും കോടതിമുഖേന ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സി.പി.ജോണ്‍ വിഭാഗം.
എംവിആറിന്റെ സ്മാരക നിര്‍മ്മാണം തുടക്കം തൊട്ട് അനിശ്ചിതത്വത്തിലായിരുന്നു. രണ്ടായി പിളര്‍ന്ന സ്വന്തം പാര്‍ട്ടിയും കുടുംബാംഗങ്ങളും സ്മാരക നിര്‍മ്മാണത്തിനായി രംഗത്തെത്തിയതോടെയാണ് സ്മാരക നിര്‍മ്മാണം അനിശ്ചിതത്വത്തിലായിരുന്നത്. എന്നാല്‍ ഒടുവില്‍ അരവിന്ദാക്ഷന് വിഭാഗത്തോടൊപ്പമുളള എംവിആറിന്റെ മകളുടെ ഭര്‍ത്താവ് കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ സ്മാരകം പണിയുകയായിരുന്നു. ജീവിതകാലം മുഴുവന്‍ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്ന എം.വി.ആറിനെ മരണാനന്തരവും വിവാദങ്ങള്‍ വേട്ടയാടുകയായിരുന്നു.
സ്വന്തം പാര്‍ട്ടിയും കുടുംബാംഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കു പിന്നാലെയാണ് സ്മാരക നിര്‍മ്മാണവും വിവാദത്തില്‍ പെട്ട് അനിശ്ചിതമായിരിക്കുന്നത്. എംവിആറിനു തങ്ങള്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് ഇടതു ആഭിമുഖ്യമുള്ള സിഎംപിയും യുഡിഎഫിനൊപ്പമുള്ള സിഎംപിയും ഒരു പോലെ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് സ്മാരകം കുടുംബാംഗങ്ങള്‍ നിര്‍മ്മിക്കുമെന്ന അവകാശവുമായി എംവിആറിന്റെ മൂത്ത മകന് ഗിരീഷ് കുമാറും രംഗത്തു വന്നിരുന്നു.
എംവിആര്‍ രോഗബാധിതനായി ഓര്‍മ്മശക്തി നഷ്ടപ്പെട്ടതോടെയാണ് സിഎംപി, ഇരു ചേരികളിലുമായത്. അരവിന്ദാക്ഷന് വിഭാഗം ഇടതു പക്ഷത്തിനൊപ്പം പോയപ്പോള്‍, സി.പി.ജോണ്‍ വിഭാഗം യുഡിഎഫില്‍ ഉറച്ചു നിന്നു. ഇതിനു ശേഷം പാര്‍ട്ടി ഓഫീസുകള്‍ കൈയ്യടക്കാനുള്ള ശ്രമം തുടങ്ങി. കണ്ണൂരിലെ ഓഫീസ് സിപിഎം പിന്തുണയോട അരവിന്ദാക്ഷന് വിഭാഗം പിടിച്ചെടുത്തപ്പോള്‍ മറ്റു പല ജില്ലകളിലും സി.പി.ജോണ്‍ വിഭാഗത്തിനാണ് ഓഫീസുകള്‍ ലഭിച്ചത്. പറശ്ശിനിക്കടവ് ആയുര്‍വേദ കോളേജ്, പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം, പാമ്പു വളര്‍ത്തല്‍ കേന്ദ്രം തുടങ്ങിവയുടെ അവകാശതര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. എം.വി.ആറിന്റെ മരണത്തിനു പിന്നാലെയാണ് ഈ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായതും മക്കള്‍ ഇതു ചേരികളിലുമായി നിലകൊണ്ടതും. എംവിആറിന്റെ മൃതദേഹത്തിനായി ഇരു വിഭാഗവും നടത്തിയ നീക്കങ്ങള്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളും ഓഫീസുകളും സംബന്ധിച്ച് നിരവധി കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
പയ്യാമ്പലത്ത് എം.വി.ആറിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒമ്പതിന് 9 മണിക്ക് സ്മൃതിമണ്ഡപം ഉദ്ഘാടനം സി.എം.പി. നേതാവ് പാട്യം രാജന് നിര്‍വഹിക്കും. തുടര്‍ന്ന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും.
10 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ എംവിആര്‍ ഫൗണ്ടേഷന് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും സിഎംപി ജനറല്‍ സെക്രട്ടറി കെ.ആര്.അരവിന്ദാക്ഷന് ഉദ്ഘാടനം ചെയ്യും. പഴയ ബസ്സ് സ്ന്റാന്റില്‍ സി.പി.ജോണ്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി നടക്കും. കെ.സുധാകരന് ഉള്‍പ്പെടെയുളള യുഡിഎഫ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: