പയ്യന്നൂര്‍: പരീക്കാംതടം കെഎസ്ടിപി പഴയങ്ങാടി റോഡ് ജംഗ്ഷനില്‍ ദേശീയപാത നാലുവരിയാക്കി വീതി കൂട്ടാന്‍ തീരുമാനമായി. പരീക്കാംതടം റോഡ് ജംഗ്ഷനില്‍ അപകട സാധ്യത ഇല്ലാതാക്കുന്നതിന് ടി.വി.രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത ദേശീയപാതാ ഉദ്യോഗസ്ഥരുടെയും കെഎസ്ടിപി കണ്‍സള്‍ട്ടന്റുമാരുടെയും വിവിധ സംഘടനകളുടെയും യോഗത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെട്ടത്. കെഎസ്ടിപി ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തും. ട്രാഫിക് ജംഗ്ഷനില്‍ കെഎസ്ടിപി റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിന് പ്രോജക്ട് ഡയറക്ടറോട് അഭ്യര്‍ത്ഥിക്കും.
ട്രാഫിക് ഐലന്റും സിഗ്നലുകളും നടപ്പിലാക്കിയാലും മറുപുറം കാണാത്ത വളവ് ദേശീയ പാതയെ അപകടക്കെണിയൊരുക്കുന്നതിനാലാണ് 200 മീറ്റര്‍ നീളത്തില്‍ നാലുവരിയാക്കുന്നത്. നിരവധി അപകടങ്ങള്‍ സംഭവിച്ച് ഈ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍പെട്ട് യുവാവ് മരിച്ചിരുന്നു.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയും പഴയങ്ങാടി-പാപ്പിനിശ്ശേരി റോഡും ചേരുന്ന ഈ ജംഗ്ഷന്റെ ആധുനികവല്‍ക്കരണം വാഹനയാത്രയ്ക്ക് സുരക്ഷിതത്വം നല്‍കും. യോഗത്തില്‍ ദേശീയപാതാ അസി.എഞ്ചിനിയര്‍ പി.എം.യമുന, കെഎസ്ടിപി പ്രോജക്ട് മാനേജര്‍ കെ.കെ.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: