കൊച്ചി: ദേശീയ അവാര്‍ഡ് നേടിയ ജയരാജ് ചിത്രം ഒറ്റാല്‍ റിലീസ് ദിവസം തന്നെ ഓണ്‍ലൈനിലും ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യ ചിത്രമെന്ന ബഹുമതി സ്വന്തമാക്കുന്നു. www.reelmonk.com എന്ന സ്വതന്ത്ര സിനിമ പോര്‍ട്ടലിലൂടെയാണ് ഒറ്റാല്‍ ഇന്ന് (നവംബര്‍ 6) ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരിലേക്കെത്തുന്നത്. വെറും 180 രൂപയ്‌ക്ക് ചിത്രം എവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ലോകത്തിന്റെ ഏതുഭാഗത്തമുള്ള സിനിമാസ്വാദകര്‍ക്ക് ലാപ്‌ടോപ്പ്, പിസി, ടിവി എന്നിവയിലേക്ക് എച്ച്ഡി ക്വാളിറ്റിയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതാണ് റീല്‍മോങ്കിന്റെ സംവിധാനം. ഞാന്‍ സ്റ്റീവ് ലോപ്പസ്, കന്യകാ ടാക്കീസ് തുടങ്ങി 50 ചിത്രങ്ങള്‍ നിലവില്‍ റീല്‍മോങ്കില്‍ ലഭ്യമാണ്.
ആഗോളതലത്തില്‍ ഏറെ ആസ്വാദകരുള്ള മലയാളം സിനിമകള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതിലൂടെ വിദേശത്തുള്ള സിനിമാപ്രേമികള്‍ക്ക് അവ റിലീസ് ചെയ്തയുടനെ തന്നെ കാണാന്‍ അവസരമുണ്ടാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒറ്റാലിന്റെ സംവിധായകന്‍ ജയരാജ് പറഞ്ഞു. ‘അവര്‍ക്ക് സിനിമകള്‍ സബ്‌ടൈറ്റിലോടു കൂടി ചെറിയ തുകയ്‌ക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസരം റീല്‍മോങ്ക്.കോം ഒരുക്കുന്നു,’ അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നിന്നുള്ള 22-കാരായ മൂന്ന് യുവാക്കളുടെ ആശയമാണ് ക്‌സിന്‍കോസ് ലാബ്‌സിന്റെ സൃഷ്ടിയായ റീല്‍മോങ്ക്.കോം. ബ്ലെയ്‌സ് ക്രൗലി, വിവേക് പോള്‍, ഗൗതം വ്യാസ് എന്നിവരാണ് കോംഗ്ലോ വെഞ്ചേഴ്‌സ് പ്രൊമോട്ട് ചെയ്യുന്ന റീല്‍മോങ്കിന്റെ അണിയറശില്‍പികള്‍. ഒറ്റാലിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്നെ വിദേശത്തുള്ള സിനിമാപ്രേമികള്‍ ഓണ്‍ലൈന്‍ റിലീസ് ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നതായി റീല്‍മോങ്ക്.കോം സിഇഒ ബ്ലെയ്‌സ് ക്രൗലി പറഞ്ഞു.
പ്രശസ്ത റഷ്യന്‍ എഴുത്തുകാരനായിരുന്ന ആന്റണ്‍ ചെക്കോവിന്റെ വാങ്കാ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമായ ഒറ്റാല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കുന്ന ചിത്രമെന്ന അവാര്‍ഡിനും അര്‍ഹമായിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: