നെയ്യാറ്റിന്‍കര: കെഎസ്ആര്‍ടിസി ജീവനക്കാരന് പോലീസ് മര്‍ദ്ദനം. ഇതില്‍ പ്രതിഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനാരംഭിച്ച പണിമുടക്ക് ഇന്നലെ രാവിലെ 11 മണിവരെ നീണ്ടു. പാറശ്ശാല നിന്ന് തൃശ്ശൂരിലേക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവര്‍ ചെങ്കല്‍ മര്യാപുരം സ്വദേശി അനില്‍കുമാറിനാണ് ആറ്റിങ്ങലില്‍ വച്ച് മര്‍ദ്ദനമേറ്റത്.
ആറ്റിങ്ങല്‍ ജംഗ്ഷനു സമീപം അനില്‍കുമാര്‍ ഓടിച്ചിരുന്ന ബസ് ഒരു ജീപ്പുമായി ഇടിച്ചു. ജീപ്പുടമ അനില്‍കുമാറിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അസഭ്യം പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ സ്റ്റേഷനിലെ ട്രാഫിക് എസ്ഐ അനീഷ്കുമാര്‍ സ്ഥലത്തെത്തി. യാതൊരു പ്രകോപനവും കൂടാതെ എസ്ഐ അനില്‍കുമാറിനെ മര്‍ദ്ദിക്കുകയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി കള്ളക്കേസ് ചാര്‍ജ് ചെയ്തതായും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പാറശ്ശാല ഡിപ്പോയിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
അനില്‍കുമാറിനെ കസ്റ്റഡിയില്‍ നിന്ന് വിട്ടയയ്ക്കണമെന്നും മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും പാറശ്ശാലയില്‍ സംയുക്ത ട്രേഡ് യൂണിയന് നേതൃത്വം ആവശ്യപ്പെട്ടു. മര്‍ദ്ദിച്ച പോലീസുദ്യോഗസ്ഥന്മാര്ക്കെതിരെ നടപടി എടുക്കാമെന്നുള്ള ഉന്നത പോലീസധികാരികളുടെ ഉറപ്പിന്മേല് ജീവനക്കാര്‍ പണിമുടക്ക് അവസാനിപ്പിക്കുകയായിരുന്നു. 11 മണിയോടെ അനില്‍കുമാറിനെ പോലീസ് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: