കൊച്ചി: ക്രിസ് ഡഗ്നലിന്റെയും സാഞ്ചസ് വാട്ടിന്റെയും ഇരട്ട പ്രഹരത്തില്‍ പൂനെ സിറ്റി മൂക്കുംകുത്തിവീണു. ഇന്നലെ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പൂനെ സിറ്റി എഫ്സിയെ കേരളത്തിന്റെ സ്വന്തം കൊമ്പന്മാര് തകര്‍ത്തെറിഞ്ഞത്.
ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തും 60-ാം മിനിറ്റിലുമാണ് ആരാധകരുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിച്ച് ഡഗ്നലും വാട്ടും എതിര് വലയില്‍ പന്ത് എത്തിച്ചത്. തുടര്‍ച്ചയായ ആറ് കളികള്‍ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയതീരമണിയുന്നത്. ഐഎസ്എല്‍ രണ്ടാം പതിപ്പിലെ രണ്ടാം വിജയവും. കിട്ടിയ അവസരങ്ങളില്‍ പകുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചുരുങ്ങിയത് അര ഡസന്‍ ഗോളുകള്‍ക്കെങ്കിലും കൊമ്പന്മാര്ക്ക് വിജയിക്കാമായിരുന്നു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഏഴയലത്തുപോലും എത്താന്‍ കഴിയാതെ പന്തിനായി പലപ്പോഴും ഉഴറി നടക്കുകയായിരുന്നു പൂനെ സിറ്റി താരങ്ങള്‍. ജയത്തോടെ എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്കു കയറി.
കഴിഞ്ഞ മത്സരത്തില്‍ ട്രെവര്‍ മോര്ഗന് സ്വീകരിച്ച അതേ രീതിയിലാണ് ഇന്നലെ മുഖ്യകോച്ചായ ടെറി ഫെലാനും ബ്ലാസ്റ്റേഴ്സിനെ അണിനിരത്തിയത്. 4-3-1-2 ശൈലിയില്‍ ആക്രമണ ഫുട്ബോളിന് മുന്‍തൂക്കം നല്കി ഇറക്കിയ ടീമില്‍ സ്ട്രൈക്കര്‍മാരായി ക്രിസ് ഡഗ്നലും മലയാളി മുത്ത് മുഹമ്മദ് റാഫിയും. ഇരുവര്‍ക്കും തൊട്ടുപിന്നില്‍ അറ്റാക്കിങ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി സാഞ്ചസ് വാട്ട്. മധ്യനിരയില്‍ ജോസു കുരായിസ്, മെഹ്താബ് ഹുസൈന്, ജാവോ കൊയിമ്പ്ര. പ്രതിരോധത്തില്‍ കോട്ടകെട്ടാന്‍ സൗമിക് ഡേ, ക്യാപ്റ്റന്‍ പീറ്റര്‍ റാമേജ്, സന്ദേശ് ജിംഗാന്, രാഹുല്‍ ബെക്കെ എന്നിവര്‍. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് ടെറി ഫെലാന് ഇന്നലെ വരുത്തിയത്. കഴിഞ്ഞ കളിയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ബ്രുണോ പെറോണിന് പകരം കളത്തിലെത്തിയത് പ്ലേ മേക്കര്‍ ജോസു കുരായിസ്.
പൂനെ സിറ്റി 4-4-1-1 ശൈലിയില്‍ കളത്തിലിറങ്ങി. കാലു ഉച്ചെയെ സ്ട്രൈക്കറായും ടുന്‍കെ സാന്‍ലിയെ തൊട്ടുപിന്നിലും ഡേവിഡ് പ്ലാറ്റ് നിയോഗിച്ചു. മധ്യനിരയില്‍ ജാക്കിചന്ദ്, സകോറ, യൂജിന്‍സന്‍ ലിങ്ദോ, ലെനി റോഡ്രിഗസ് എന്നിവരും പ്രതിരോധത്തില്‍ നിക്കി ഷോറെ, ധര്‍മ്മരാജ് രാവണന്, റോജര്‍ ജോണ്സണ്, പ്രീതം കോടാല്‍ എന്നിവരും കളത്തിലെത്തി. രണ്ട് മാറ്റങ്ങളാണ് ടീമില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് പ്ലാറ്റ് വരുത്തിയത്. ബികാഷ് ജെയ്റുവിന് പകരം ജാക്കിചന്ദും ഗൗര്‍മാംഗി സിംഗിന് പകരം പ്രതിരോധത്തില്‍ പ്രീതം കോടലും ഇറങ്ങി.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ പന്തെത്തിക്കാന്‍ പൂനെക്ക് കഴിഞ്ഞെങ്കിലും ക്യാപ്റ്റന്‍ പീറ്റര്‍ റാമേജ് ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം. കോയിമ്പ്ര പന്തുമായി മുന്നേറി രാഹുല്‍ ബെക്കെക്ക്. വലതുമൂലയില്‍ നിന്ന് ബോക്സിലേക്ക് ബെക്കെയുടെ തകര്‍പ്പന്‍ ക്രോസ്. മുഹമ്മദ് റാഫി ഉയര്‍ന്നുചാടി ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ മുഹമ്മദ് റാഫിയുടെ അപകടകരമായ ക്രോസ് നിക്കി ഷോറെ ക്ലിയര്‍ ചെയ്തു.
പത്താം മിനിറ്റില്‍ മെഹ്താബ് ഹുസൈനും സാഞ്ചസ് വാട്ടും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് സൗമിക് ഡേക്ക്. സൗമിക് ഒന്നു കുതിച്ചശേഷം ബോക്സിലേക്ക് നല്കിയ ക്രോസിന് മുഹമ്മദ് റാഫി ഉയര്‍ന്നുചാടി തലവെക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നെ വാട്ടും കുരായിസും ചേര്‍ന്ന് നടത്തിയ നീക്കം നിക്കി ഷോറെ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. ജോസു എടുത്ത കോര്‍ണറിനൊടുവില്‍ പന്ത് കിട്ടിയത് കൊയിമ്പ്രക്ക്. കൊയിമ്പ്ര അത് മെഹ്താബ് ഹുസൈന്. ഹുസൈന് ബോക്സിലേക്ക് നല്കിയ ത്രൂപാസ് നിയന്ത്രിച്ചുനിര്‍ത്തി ഷോട്ട് ഉതിര്‍ക്കുന്നതിന് പകരം സന്ദേശ് ജിംഗാന് തിടുക്കത്തില്‍ അടിച്ചത് പുറത്തേക്ക് പറന്നു.
ആദ്യപകുതിയില്‍ ലഭിച്ച പന്ത്രണ്ടോളം അവസരങ്ങള്‍ തുലച്ചുകളഞ്ഞതിനുശേഷം ആധാകരെ ആവേശത്തിലാഴ്ത്തി ഇഞ്ചുറി സമയത്ത് ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോള്‍. രാഹുല്‍ ബെക്കെയുടെ ക്രോസ് റോജര്‍ ജോണ്സണ് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്തെങ്കിലും പന്ത് കിട്ടിയത് സൂപ്പര്‍താരം ക്രിസ് ഡഗ്നലിന്. ഡഗ്നല്‍ നെഞ്ചില്‍ സ്വീകരിച്ചശേഷം നിലത്തിട്ട പന്ത് ഇടംകാലുകൊണ്ട് ബുള്ളറ്റുകണക്കെ വലയിലേക്ക് പായിച്ചപ്പോള്‍ അതുവരെ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളുമായി ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍മാര്‍ക്ക് മുന്നില്‍ ബാലികേറാ മലയായി നിലയുറപ്പിച്ച സിമോണ്‍സെന്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് 20 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ പൂനെക്ക് ഒരിക്കല്‍ മാത്രമാണ് ഷോട്ട് പായിക്കാന്‍ കഴിഞ്ഞത്.
ആദ്യപകുതിയുടെ തനിയാവര്‍ത്തനമായിരുന്നു രണ്ടാം പകുതിയിലും. ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാര് എണ്ണയിട്ടയന്ത്രം കണക്കെ പൂനെ ബോക്സിലേക്ക് ഇരച്ചുകയറി. 53, 54 മിനിറ്റുകളില്‍ ക്രിസ് ഡഗ്നല്‍ ഇടതുവിംഗില്‍ക്കൂടി കുതിച്ചുകയറിയശേഷം ബോക്സിലേക്ക് നല്കിയ തകര്‍പ്പന്‍ പാസുകള്‍ റാഫിക്കും വാട്ടിനും കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. 55-ാം മിനിറ്റില്‍ ജോസുവിന്റെ ഇടംകാലന്‍ ഷോട്ട് നേരെ പൂനെഗോളിയുടെ കയ്യിലേക്ക്.
60-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സ് രണ്ടാം തവണയും പൂനെ വല കുലുക്കി. ഇക്കുറി ഗോള്‍ നേടാനുള്ള നിയോഗം സാഞ്ചസ് വാട്ടിന്. ആദ്യ ഗോള്‍ നേടിയ ക്രിസ് ഡഗ്നല്‍ നല്കിയ പാസ് സ്വീകരിച്ച് വാട്ട് പായിച്ച ഷോട്ട് വലയില്‍ കയറുന്നത് നോക്കിനില്‍ക്കാനേ പൂനെ ഗോളി സിമോണ്‍സെന്‍ കഴിഞ്ഞുള്ളൂ. 64-ാം മിനിറ്റില്‍ വീണ്ടും ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് അവസരം.
റാഫിയും ഡഗ്നലും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് വാട്ടിന്. എന്നാല്‍, വാട്ടിന്റെ ഷോട്ട് പുറത്തേക്ക് പറന്നു. 66-ാം മിനിറ്റില്‍ ജാക്കിചന്ദിനെ പിന്‍വലിച്ച് പൂനെ ബികാഷ് ജെയ്റുവിനെയും 68-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കൊയിമ്പ്രയെ തിരിച്ചുവിളിച്ച് ഇഷ്ഫഖിനെയും തൊട്ടുപിന്നാലെ റാഫിക്ക് പകരം അന്റോണിയന്‍ ജര്‍മനെയും ടെറി ഫെലാന് രംഗത്തിറക്കി. 75-ാം മിനിറ്റില്‍ ടുന്‍കെ സാന്‍ലിയെ പിന്‍വലിച്ച് വെസ്ലി വെര്ഹോക്കിനെയും പൂനെ കോച്ച് ഡേവിഡ് പ്ലാറ്റ് കളത്തിലിറക്കി.
84-ാം മിനിറ്റില്‍ വാട്ടും ജെര്‍മനും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ബോക്സിനുള്ളില്‍ വാട്ടിന്. എന്നാല്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കേ വാട്ടിന്റെ ഷോട്ട് പുറത്തേക്ക്.
മധ്യനിരയും മുന്നേറ്റവും മിന്നി
കൊച്ചി: കഴിഞ്ഞ മത്സരത്തില്‍ ട്രെവര്‍ മോര്ഗന് വിന്യസിച്ച അതേ രീതിയില്‍ തന്നെയാണ് ഇന്നലെ ടെറി ഫെലാനും പിന്തുടര്ന്നത്. എന്നാല്‍ ഫെലാന്റെ സാന്നിധ്യം ടീമിന് പുത്തനുണര്‍വ് നല്കി എന്നത് യഥാര്‍ത്ഥ്യം. ടീമംഗങ്ങളുടെ ശരീരഭാഷയില്‍ പോലും വിജയിക്കാനുള്ള ത്വര പ്രകടമായിരുന്നു. മാറ്റങ്ങളില്ലാതെ കളിക്കാനുള്ള തീരുമാനം ടീമിന്റെ പ്രകടനത്തെ മികച്ചതാക്കി. ഒത്തിണക്കോടെ മുന്നേറ്റങ്ങള്‍ മെനയാന്‍ കഴിഞ്ഞതിനൊപ്പം ക്രിസ് ഡഗ്നലിനും സാഞ്ചെസ് വാട്ടിനും ആക്രമിച്ചു കളിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചു.
ഇടത്, വലത് വിംഗുകളിലൂടെയുള്ള മുന്നേറ്റങ്ങള്‍ക്ക് കൃത്യമായ രൂപം കൊണ്ടുവരാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. ഫിനിഷിങ്ങിലേക്കുള്ള നീക്കങ്ങളില്‍ പരിഹരിക്കാനാകുന്ന ചില പൊരുത്തക്കേടുകള്‍ മുഴച്ചുനിന്നു. പൂനെയ്ക്കെതിരായ ആദ്യ മത്സരത്തില്‍ പാളിപ്പോയ പ്രതിരോധ നിരയുടെ പ്രകടനവും ഏറെക്കുറെ കുറ്റമറ്റതായിരുന്നു. കളിക്കാരുടെ കഴിവിനനുസരിച്ച് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്തില് രണ്ട് കോച്ചുമാരുടെയും സേവനം ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു എന്നതും യാഥാര്‍ത്ഥ്യം. പരസ്പരം സഹകരിച്ച് കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് മോര്‍ഗനും ഫെലാനും ഒന്നിച്ചത് കളിക്കാരുടെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചു.
സൈഡ് ലൈനിനപ്പുറം താരങ്ങള്‍ക്ക് ആവേശവും നിര്‍ദ്ദേശങ്ങളും ശാസനകളുമായി ഇരുവരും നിലയുറപ്പിച്ച കാഴ്ച ഒരു ടീമെന്ന നിലയില്‍ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിനെയാണ് അടയാളപ്പെടുത്തുന്നത്. അതിന് അടിവരയിടുന്നതാണ് ഇന്നലെ പൂനെക്കെതിരെ നടത്തിയ തേരോട്ടം.
കാണികള്‍ വീണ്ടും കുറഞ്ഞു
കൊച്ചി: മികച്ച കളി പുറത്തെടുത്തിട്ടും കഴിഞ്ഞ അഞ്ചു കളികളില്‍ ജയം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെടുത്തിയ കേരളാ ബ്ലാസ്റ്റേഴ്സിനെ കൈവിട്ട് കാണികളും. കൊച്ചിയില്‍ നടന്ന ആദ്യ മൂന്നു മല്‍സരങ്ങളിലും 60,000ല്‍ അധികം കാണികള്‍. കഴിഞ്ഞ മല്‍സരത്തില്‍ 48,000. ഇന്നലെ സ്റ്റേഡിയത്തിലെത്തിയത് 40,125 പേര് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: