നയ്യാറ്റിന്‍കര: എസ്എഫ്ഐ സമരത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിനിയെ റാഗ് ചെയ്തു. ധനുവച്ചപുരം ഐടിഐയില്‍ ഫിറ്റര്‍ (ജൂനിയര്‍ വിഭാഗം) ട്രേഡ് പഠിക്കുന്ന പരശുവയ്ക്കല്‍ ചാമവിള സ്വദേശിനിയെയാണ് ഐടിഐയിലെ എസ്എഫ്ഐ ഗുണ്ടകളുടെ റാഗിംഗിന് ഇരയായത്. പരാതിപ്പെട്ട വിദ്യാര്‍ഥിനിയെ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചതായും ആക്ഷേപമുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ ഈ വിദ്യാര്‍ഥിനി പങ്കെടുത്തില്ല. ഇതില്‍ പ്രകോപിതരായ നജീബ്, ശ്രീജ, ഗോപിക, ശരണ്യ എന്നീ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഈ വിദ്യാര്‍ഥിനിയെക്കൊണ്ട് നിര്‍ബന്ധിച്ച് എസ്എഫ്ഐയുടെ കൊടി പിടിപ്പിക്കുകയും മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിദ്യാര്‍ഥിനി യുടെ പരാതിയില്‍ പറയുന്നത്.
പ്രിന്‍സിപ്പല്‍ തദ്ദേശതെരഞ്ഞെടുപ്പ് ജോലിക്ക് പോയിരുന്നതിനാല്‍ അസിസ്റ്റന്റ് പ്രിന്‍സിപ്പലിന് റാഗ് ചെയ്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനി പരാതി നല്കി. എന്നാല്‍ അടുത്തദിവസം എസ്എഫ്ഐ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ വിളിച്ചുവരുത്തി അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും വിദ്യാര്‍ഥിനി പറയുന്നു. തുടര്‍ന്ന് റാഗ് ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ച അസിസ്റ്റന്റ് പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ഥിനി പോലീസിനും കളക്ടര്‍ക്കും ഐടിഐ ഉന്നതാധികാരികള്‍ക്കും പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്തതായി ധനുവച്ചപുരം ഐടിഐ പ്രിന്‍സിപ്പല്‍ ബിന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: