കണ്ണൂര്‍: ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ വെബ്കാസ്റ്റിംഗ് ബൂത്തിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിച്ച സാഹചര്യത്തില്‍ ചുമതല ഉത്തരവാദിത്തത്തോടെ നിര്‍വഹിച്ച അക്ഷയ ജില്ലാ പ്രോജക്ടിനെയും സംരംഭകരെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും, ഐടി മിഷനും, ജില്ലാ ഭരണകൂടവും അഭിനന്ദിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലാണ് ആദ്യമായി അക്ഷയ ജില്ലാ പ്രൊജക്ടിന്റെ സഹകരണത്തോടെ ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ നേതൃത്വത്തില്‍ വെബ് കാസ്റ്റിങ്ങ് നടത്തിയത്. അന്ന് 173 ബൂത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ച വെബ്കാസ്റ്റിങ്ങ് സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാനത്തെ 1018 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങ് നടത്താന്‍ അക്ഷയ പ്രൊജക്ടിനെ ചുമതലയേല്‍പ്പിച്ചത്. കണ്ണൂരില്‍ 645 പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങ് നടത്താനുളള ക്രമീകരണങ്ങള്‍ അക്ഷയ ജില്ലാ പ്രൊജക്ട് നടത്തിയിരുന്നെങ്കിലും ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പറ്റാത്ത സാഹചര്യത്തില്‍ എണ്ണം 408 ല്‍ നിജപ്പെടുത്തുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അക്ഷയ സംരംഭകരാണ് വെബ്കാസ്റ്റിങ്ങിന് വേണ്ട ഉപകരണങ്ങളുമായി ബൂത്തുകളില്‍ പരാതിക്കിടയില്ലാത്ത രീതിയില്‍ സേവനം നടത്തിയത്. കലക്ടറേറ്റില്‍ ഒരുക്കിയ കണ്ട്രോള് റൂമില്‍ 408 ബൂത്തിലെയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി. സാങ്കേതിക പ്രശ്നങ്ങള്‍ ദ്രുതഗതിയില്‍ പരിഹരിച്ചു. ജില്ലാ ഭരണകൂടം, അക്ഷയ, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ബിഎസ്എന്‍എല്‍, കെഎസ്ഇബി എന്നീ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ജില്ലയില്‍ 408 ബൂത്തില്‍ വെബ്കാസ്റ്റിങ്ങ് വിജയകരമായി പൂര്‍ത്തീകരിക്കാനായതെന്ന് അക്ഷയ ജില്ലാ ഓഫീസര്‍ നൗഷാദ് പൂതപ്പാറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: