മുഹമ്മ: പൂജിച്ച നെല്‍വിത്തുകള്‍ കായലില്‍ വിതറി മത്സ്യത്തൊഴിലാളികള്‍ പാരമ്പര്യ തനിമ നിലനിര്‍ത്തി. ചെമ്പിലരയന്റെ കാലംമുതല്‍ ചെയ്തുപോന്ന ആചാരമാണ് ഇത്തവണയും മത്സ്യ തൊഴിലാളികള്‍ പിന്തുടര്ന്നത്.
മല്‍സ്യ സമൃദ്ധിയ്ക്കുവേണ്ടി നൂറ്റാണ്ടുകളായി തൃക്കുന്നപ്പുഴ ശാസ്താ ക്ഷേത്രത്തില്‍ നെല്‍വിത്തുകള്‍ പൂജിച്ച് വേമ്പനാട്ടുകായലില്‍ വിതറിയിരുന്നു. ഇടക്കാലത്ത് ഈ ആചാരം നിലച്ചുപോയി. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലമായി കായല്‍ സംരക്ഷണ സമിതികളുടെയും വ്യാസപൗര്‍ണമി പുരുഷ മല്‍സ്യ തൊഴിലാളി വികസന സ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തില്‍ ആചാരം പുന:സ്ഥാപിക്കപ്പെട്ടു.
കായലിലെ വറുതിമാറ്റാനും മല്‍സ്യ ലഭ്യത വര്‍ധിപ്പിക്കുവാനും ഉതകുമെന്നാണ് പരമ്പരാഗത വിശ്വാസം. ആയില്യം നാളിലാണ് കായല്പൂജ നടക്കുന്നത്. രാവിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെത്തി നെല്‍വിത്തുകള്‍ പൂജിച്ച് അടനിവേദ്യം കഴിപ്പിച്ച് മണ്ണാറശാലയിലെത്തിച്ചേരും. പിന്നീട് മഞ്ഞള്‍ നിവേദ്യം നടത്തി അമ്പലപ്പുഴ ക്ഷേത്രത്തിലെ ദര്‍ശനവും കഴിഞ്ഞ് താളമേളങ്ങളുടെ അകമ്പടിയോടെ നെന്മണികള് കായലിന്റെ വിവിധ മേഖലകളില്‍ വിതറുകയാണ് പതിവ്.
കായല്‍ സംരക്ഷണ സമിതികളുടെ നേതൃത്വത്തില്‍ വാരണം, കായിപ്പുറം, മുഹമ്മ, അമ്പലക്കടവ്, ആര്യാട് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് നെല്‍വിത്തുകള്‍ പൂജിക്കാന്‍ മല്‍സ്യതൊഴിലാളികള്‍ തൃക്കുന്നപ്പുഴയിലെത്തിയത്.കായിപ്പുറത്ത് വ്യാസപൗര്‍ണമി പുരുഷ മല്‍സ്യ തൊഴിലാളി വികസന സ്വയം സഹായ സംഘംപ്രസിഡന്റ് പി.ആര്. ബാബുചാണിവെളി സെക്രട്ടറി എം.വി. മോഹന്‍ദാസ് മേനാംഞ്ചേരി, ടി.വി. കമലാസനന് കൊച്ചുവെളി, ജ്യോതികുമാര്‍ മേനാംഞ്ചേരി എന്നിവരും മുഹമ്മ സ്രായില്‍ കെ.എം. പൂവ്, സുര, അമ്പലക്കടവില്‍ അനില്‍കുമാറും ആര്യാട് കൈലാസനും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: