കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന രാഷ്ട്രീയ ഭീകരത അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സിപിഎം ക്രിമിനല്‍ സംഘം ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ നിരന്തരമായി അക്രമം അഴിച്ച് വിടുകയാണ്. വീടുകള്‍ക്ക് നേരെ അക്രമം നടത്തില്ലെന്ന് സിപിഎം നേതൃത്വം സമാധാന യോഗത്തില്‍ ഉറപ്പ് നല്‍കിയതാണ്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. കൂത്തുപറമ്പ് ശങ്കരനെല്ലൂരില്‍ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ് സിപിഎം സംഘം അടിച്ച് തകര്‍ത്തത്. ചില വീടുകള്‍ താമസയോഗ്യമല്ലാത്ത വിധത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. വീടിനകത്ത് അതിക്രമിച്ച് കടന്ന സംഘം സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് കൊണ്ട് പോവുകയും ചെയ്തു. നിരവധി വീടുകള്‍ ബോംബെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ക്രമസമാധാന പാലനത്തിനെത്തുന്ന പോലീസുകാരെപ്പോലും സിപിഎം അക്രമികള്‍ വെറുതെ വിടില്ലെന്ന സൂചനയാണ് കൂത്തുപറമ്പ് സിഐ പ്രേംസദനെതിരായ അക്രമം ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂര്‍ മയ്യില്‍ പ്രദേശത്ത് സിപിഎം അക്രമത്തില്‍ പരിക്കേറ്റ ശ്രീജിത്തും ധനൂപും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം നടത്തിയ ഏകപക്ഷീയമായ അക്രമത്തില്‍ ലീഗ് പ്രവര്ത്തകന് തളിപ്പറമ്പിലെ കെ.വി.എം.കുഞ്ഞി മരണപ്പെട്ടത് ഏറെ ആശങ്കാജനകമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന അക്രമത്തില്‍ നിന്ന് സിപിഎം നേതൃത്വം പിന്‍വാങ്ങണമെന്നും അക്രമികളെ ഒറ്റപ്പെടുത്താന്‍ സമാധാനകാംക്ഷികള്‍ തയ്യാറാകണമെന്നും പ്രമോദ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: