ന്യൂദല്‍ഹി: സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളായ ഗോള്‍ഡ് മോണിറ്റൈസേഷന് സ്കീം, ഗോള്‍ഡ് സോവറിന്‍ ബോണ്ട്, സ്കീം, ഗോള്‍ഡ് കോയിന് ആന്‍ഡ് ബുള്യണ് സ്കീം എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും. ദേശീയ മുദ്ര ആലേഖനം ചെയ്ത് രാജ്യത്ത് ആദ്യമായി നിര്‍മ്മിച്ച ദേശീയ സ്വര്‍ണ്ണ നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.
1995ലെ ഗോള്‍ഡ് മോണിറ്റൈസേഷന് സ്കീമിന് പകരമാണ് ഗോള്‍ഡ് മോണിറ്റൈസേഷന് സ്കീം 2015 നടപ്പാക്കുന്നത്. ഭാരതത്തില്‍ താമസമുള്ള പൗരന്മാര്ക്ക് പദ്ധതിയുടെ കീഴില്‍ നിക്ഷേപം നടത്താം. 30 ഗ്രാം സ്വര്‍ണ്ണമെങ്കിലും കുറഞ്ഞത് നിക്ഷേപിച്ചിരിക്കണം. പദ്ധതിക്ക് കീഴില്‍ നിക്ഷേപിക്കാവുന്ന സ്വര്‍ണ്ണത്തിന് കൂടിയ പരിധിയില്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സര്‍ട്ടിഫൈ ചെയ്ത കളക്ഷന്‍ ആന്‍ഡ് പ്യൂരിറ്റി ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ സ്വര്‍ണ്ണം ഇതിനായി സ്വീകരിക്കും.
സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്കീം പ്രകാരം ആദ്യ വായ്പാവിഹിതത്തിലെ ബോണ്ടുകള്‍ക്കുള്ള അപേക്ഷകള്‍ 2015 നവംബര്‍ അഞ്ച് മുതല്‍ നവംബര്‍ 20 വരെ സ്വീകരിക്കും. 2015 നവംബര്‍ 26ന് ബോണ്ടുകള്‍ വിതരണം ചെയ്യും. വിജ്ഞാപനം ചെയ്തിരിക്കുന്ന ബാങ്കുകളും നിശ്ചിത പോസ്റ്റ് ഓഫീസുകളും വഴിയാണ് ബോണ്ടുകള്‍ വില്‍ക്കുക. സ്വര്‍ണ്ണാഭരണം വാങ്ങുന്നതിന് ബദലായി സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്ന പദ്ധതി 2015-16ലെ കേന്ദ്ര ബജറ്റില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സ്വര്‍ണ്ണ നാണയവും സ്വര്‍ണ്ണ കട്ടിയും ഗോള്‍ഡ് മോണിടൈസേഷന്‍ പദ്ധതിയുടെ ഭാഗമാണ്.
നാണയത്തിന്റെ ഒരു വശത്ത് അശോക ചക്രവും മറു ഭാഗത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവും ആലേഖനം ചെയ്യും. ആദ്യ ഘട്ടത്തില്‍ അഞ്ച് ഗ്രാമിന്റെ 15000 നാണയങ്ങളും 10 ഗ്രാമിന്റെ 20000 നാണയങ്ങളും 20 ഗ്രാമിന്റെ 3750 സ്വര്‍ണ്ണക്കട്ടികളുമാണ് ലഭ്യമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: