ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇന്ന് നടക്കുമ്പോള്‍ ഏറ്റവും ആത്മവിശ്വാസത്തോടെയാണ് ബിജെപിയും സമത്വമുന്നണിയും വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളും പട്ടികജാതി സമൂഹങ്ങളും മുന്‍പില്ലാത്ത വിധം ബിജെപിക്കു പിന്നില്‍ ഇത്തവണ അണിനിരന്നുവെന്നതാണ് പ്രത്യേകത. പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകള്‍ കൂടാതെ പുതിയ പരീക്ഷണവും പിന്തുണയും അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ നിരവധി ഡിവിഷനുകളില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. ആയിരത്തി മുന്നൂറിലേറെ സീറ്റുകളിലാണ് ബിജെപിയും സഖ്യകക്ഷികളും മത്സരിക്കുന്നത്. നൂറ്റമ്പതോളം സ്ഥാനാര്‍ത്ഥികളെ എസ്എന്‍ഡിപിയും നിര്‍ത്തിയിട്ടുണ്ട്.
ജാതിയും മതവും പറയാതെ വികസനവും നാടിന്റെ നന്മയും ജനങ്ങളുടെ ഉന്നമനവും ഉയര്‍ത്തിക്കാട്ടിയുള്ള വികസനോന്മുഖ പ്രചരണം നടത്തിയത് ബിജെപിയും സഖ്യവും മാത്രമായിരുന്നു. ജില്ല നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍; പരമ്പരാഗത വ്യവസായ മേഖലകളിലെ പ്രതിസന്ധി, കയര്‍, മത്സ്യമേഖലകളുടെ തകര്‍ച്ച, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അവതാളത്തിലായത്. ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളിലെയും അടിസ്ഥാന സൗകര്യ വികസന മുരടിപ്പ്, കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പതിനെട്ടുമാസത്തെ എണ്ണിയൊലൊടുങ്ങാത്ത വികസന നേട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ബിജെപി ചര്‍ച്ചാവിഷയമാക്കി. ശ്രീനാരായണ ഗുരുവിനെയും എസ്എന്‍ഡിപിയെയും കെപിഎംഎസ്സിനെയും നിരന്തരമായി സിപിഎമ്മും കോ ണ്‍ഗ്രസും അവഹേളിച്ചതും പ്രധാന പ്രചാരണ വിഷയങ്ങളായി.
വൈകാരിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി മതാന്ധതയും ജാതിസ്വാര്ത്ഥതയും വളര്‍ത്തുന്ന പ്രചാരണങ്ങള്‍ നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുകയായിരുന്നു. വികസന രാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം പയറ്റി നിലനില്‍ക്കാനുള്ള ശ്രമങ്ങളാണ് ഇരു മുന്നണികളും നടത്തയത്. ബീഫായിരുന്നു പ്രചാരണങ്ങളില്‍ മുന്നണികളുടെ താരമായത്. വെള്ളാപ്പള്ളിയെയം എസ്എന്‍ഡിപിയെയും അസഭ്യം പറയുന്നതിലും ഇരുപക്ഷവും മത്സരിച്ചു.
രാഷ്ട്രീയ പ്രബുദ്ധത ഏറെയുള്ള ആലപ്പുഴ ജില്ല വര്‍ഗ്ഗീയതയും വിദ്വേഷ രാഷ്ട്രീയവും തള്ളിക്കളഞ്ഞ് തങ്ങളുയര്‍ത്തിയ വികസന രാഷ്ട്രീയം വോട്ടര്‍മാര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ബിജെപി പ്രതീക്ഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: