കൊച്ചി: സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരള (ഫെഫ്ക). തിരുവനന്തപുരം റീജ്യണല്‍ ഓഫീസര്‍ക്ക് സിനിമയുടെ സാങ്കേതിക വശത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
പ്രാദേശിക ഭാഷാ ചിത്രങ്ങളോട് സെന്‍സര്‍ ബോര്‍ഡ് വിവേചനം കാട്ടുകയാണ്. പ്രാദേശിക ഭാഷാ ചിത്രങ്ങളില്‍ പുകവലിയും മദ്യപാനവും കാണിക്കുമ്പോള്‍ മുന്നറിയിപ്പ് എഴുതിക്കാണിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ഹിന്ദി, ഇംഗ്ലീഷ് സിനിമകള്‍ക്ക് ഇത് ബാധകമല്ല. രണ്ട് തരത്തിലുള്ള നിയമം ഇരട്ടത്താപ്പാണ്. മൃഗങ്ങളുടെ ഗ്രാഫിക്സ് ചിത്രീകരണത്തിലും അനാവശ്യ നിബന്ധനകളാണ് സെന്‍സര്‍ ബോര്‍ഡ് ഏര്‍പ്പെടുത്തുന്നത്.
ഗ്രാഫിക്സ് ആണെന്ന് എഴുതിക്കാണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ വാശിപിടിക്കുന്നു. കാണുന്നത് യാഥാര്‍ത്ഥ്യമല്ലെന്ന് പ്രേക്ഷകനെ ഓര്‍മ്മിപ്പിക്കുന്നത് ആസ്വാദനത്തെ ബാധിക്കും. സിനിമയുടെ സാങ്കേതിക കാര്യങ്ങള്‍ അറിയാത്ത ഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടലുകള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിക്കുകയും റിലീസ് മാറ്റിവെക്കേണ്ടി വരികയും ചെയ്യുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.
ഉദ്യോഗസ്ഥരുണ്ടാക്കുന്ന നിയമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും നിലപാട് തിരുത്തിയില്ലെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസ് ഉപരോധിക്കുമെന്നും ഫെഫ്ക അറിയിച്ചു. ഭാരവാഹികളായ സിബി മലയില്‍, കമല്‍, അരോമ മോഹന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: