കൊച്ചി: ഓള് ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ചലച്ചിത്രകാരന് ശ്യാം ബെനഗല്‍ തിരിതെളിയിക്കും. 15ന് കൊച്ചി ലെ മെറിഡിയനിലാണ് ഉദ്ഘാടന ചടങ്ങുകള്‍. ബര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ അവാര്‍ഡ് നേടിയ ജാഫര്‍ പനാഹിയുടെ ടാക്സിയാണ് ഉദ്ഘാടന ചിത്രം.
5 ദിനം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ 34 രാജ്യങ്ങളില്‍ നിന്നായി 131 സിനിമകള്‍ 18 വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കും. കൊച്ചിയിലെ സിനിപൊളിസ് തീയെറ്റര്‍ കോംപ്ലെക്സിലാണ് പ്രധാനമായും പ്രദര്‍ശനം. ദര്‍ബാര്‍ ഹാളില്‍ കുട്ടിക്കള്ക്കുവേണ്ടിയുളള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുളള ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റിന് മെറിഡിയന് വേദിയാകും. 15ാം തീയതി നടക്കുന്ന‘ഇന്റര്‍നാഷണല്‍ ഫിലിം ബിസിനസ്സ്’ അവാര്ഡോടെയാണ്് ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റിന് തുടക്കം കുറിക്കുന്നത്.
ദേശീയ, അന്തര്‍ദേശീയ വ്യവസായ മേഖലയിലെ പ്രമുഖര്‍ക്ക് പുരസ്കാരം നല്‍കും. ആഗോള സിനിമയുടെ നിര്‍മ്മാണ, വിതരണം, സിനിമ സാങ്കേതിക വിദ്യയുടെ ആധുനിക സങ്കേതങ്ങളെ പറ്റിയുളള ചര്‍ച്ചകള്‍, പരസ്പര സഹകരണത്തോടെയുളള സിനിമ നിര്‍മ്മാണത്തിന്റെ സാദ്ധ്യതകള്‍ തുടങ്ങിയവ ഫിലിം മാര്‍ക്കറ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് കേരള (ഫെഫ്ക)യുമായി സഹകരിച്ചാണ് ആലിഫ് 2015 സംഘടിപ്പിച്ചിട്ടുളളത്.
50 സിനിമകളാണ് മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഫീച്ചര്‍ ഫിലിം, പുതുമുഖ സംവിധായകര്‍, ഡോക്യുമെന്ററി സിനിമകള്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയ വിഭാഗങ്ങളിലാണ് ‘ഗോള്‍ഡന്‍ ഫ്രയിം അവാര്‍ഡ് നല്‍കുന്നത്. ഇറാനിയന്‍ സംവിധായകന് കോസ്റോ മാസുമിയുടെ നേതൃത്വത്തലുളള ജൂറി കമ്മറ്റിയാണ് വിധി നിര്‍ണ്ണയിക്കുന്നത്.
സംവിധാന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കാനായി 1978ല്‍ പുറത്തിറങ്ങിയ കൊടിയേറ്റം, 1987ല്‍ പുറത്തിറങ്ങിയ അനന്തരവും പ്രദര്‍ശിപ്പിക്കും. പത്രസമ്മേളനത്തില്‍ ഏരീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശ്യാം കുറുപ്പ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബി. ഉണ്ണികൃഷ്ണന്, ഫെഫ്ക ഭാരവാഹികളായ സിബി മലയില്‍, കമല്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: