മാലെ: പ്രസിഡണ്ടിനെതിരായ വധശ്രമത്തെ തുടര്‍ന്ന് ഉടലെടുത്ത കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ മാലെദ്വീപില്‍ മുപ്പതു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാലെദ്വീപ് ആഭ്യന്തരമന്ത്രി ഉമര്‍ നസീര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
സപ്തംബര്‍ 28ന് പ്രസിഡന്റ് അബ്ദുള്ള യമീനും കുടുംബവും സഞ്ചരിച്ച ബോട്ടിലുണ്ടായ സ്ഫോടനമാണ് ദ്വീപ് രാഷ്ട്രത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചത്. സ്ഫോടനത്തില്‍ യമീന് അപകടമൊന്നുമുണ്ടായില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ടു സഹായികള്‍ക്കും പരിക്കേറ്റിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍, പ്രസിഡണ്ടിനെ വധിക്കാന്‍ ശ്രമിച്ചതിന് വൈസ് പ്രസിഡണ്ട് അഹമ്മദ് അദീബ് അറസ്റ്റിലായി.
സംശയമുള്ള മറ്റുചിലരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മാലെദ്വീപിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയുധശേഖരങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പ്രസിഡണ്ടിനെ ലക്ഷ്യമിട്ട് ശത്രുക്കള്‍ കൂട്ടിവെച്ചതാണ് ആയുധങ്ങളെന്നു കരുതപ്പെടുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: