കല്‍പ്പറ്റ : തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ മുന്നണികള്‍ കൂട്ടലിലും കുറയ്ക്കലിലുമാണ്. വയനാട്ടില്‍ ശക്തമായ ത്രികോണമത്സരം നേരിടേണ്ടിവന്ന പല ഭാഗത്തും എല്‍ഡിഎഫ്, യുഡിഎഫ് ബിജെപി മുന്നണികള്‍ അവരുടെ പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിച്ചു. ഉച്ചക്ക് മുന്‍പുതന്നെ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യാന്‍ തീരുമാനിച്ച ബിജെപി അത് കൃത്യമായി നടപ്പാക്കുകയും ചെയ്തു. നൂല്‍പ്പുഴ പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ 12.30ഓടെതന്നെ 70 ശതമാനം പോളിംഗ് രേഖപെടുത്തിയത് ഇതിന് ഉദാഹരണമാണ്. തോട്ടംമേഖലകളില്‍ മന്ദഗതിയില്‍ ആരംഭിച്ച പോളിംഗ് വൈകുന്നേരത്തോടെ ശരാശരിയില്‍ എത്തിനിന്നു. എന്നാല്‍ ആദിവാസിമേഖലയില്‍ കനത്ത വോട്ടിംഗാണ് നടന്നത്. മിക്കവാറും കോളനികളില്‍ രാഷ്ട്രീയഭേദമന്യേ വോട്ടര്‍മാര്‍ക്ക് വോട്ടുരേഖപെടുത്തുന്നതിനായി മൂന്ന് കക്ഷികളും വാഹനസൗകര്യം ഏര്‍പെടുത്തിയിരുന്നു. ബിജെപി അധികമായി നേടുന്ന വോട്ട് എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് പൊതുവില്‍ തലവേദനയാകും. ഒന്നോ രണ്ടോ വോട്ടുകള്‍ക്ക് ജയപരാജയം നിര്‍ണ്ണയിക്കുന്ന ത്രിതല തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം വാര്‍ഡുകളിലും ബിജെപി നിര്‍ണ്ണായകമാണ്.
ജില്ലാപഞ്ചായത്തിലേക്ക് 16ല്‍ 16ഉം ബ്ലോക്ക് പഞ്ചായത്തിലേക്ക് 54ല്‍ 52ഉം മുനിസിപ്പാലിറ്റിയിലേക്ക് 99 ല്‍ 70ഉം ഗ്രാമപഞ്ചായത്തിലേക്ക് 389 സ്ഥാനാര്‍ത്ഥികളെയും നിര്‍ത്തി ബിജെപി ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ജില്ലയിലെ പല വാര്‍ഡുകളിലും ബിജെപി വിജയിക്കുമെന്നുതന്നെയാണ് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടല്‍. കുടിയേറ്റമേഖലയായ മുള്ളന്‍ക്കൊല്ലിയില്‍ പോളിംഗ് ശതമാനം ഇടിഞ്ഞത് യുഡിഎഫിനെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ തിരുനെല്ലി, മീനങ്ങാടി പോലുള്ള പഞ്ചായത്തുകളിലെ കനത്ത പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. പുല്‍പ്പള്ളി, പൂതാടി തുടങ്ങിയ എസ്എന്‍ഡിപി ബെല്‍റ്റുകളില്‍ വോട്ടര്‍മാര്‍ ബിജെപി വോട്ട് ചെയ്തു എന്നതും ഇടത്-വലത് മുന്നണികളെ ഞെട്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ മാത്രമാണ് യഥാര്‍ത്ഥ ചിത്രം വ്യക്തമാവുകയുള്ളൂ.
പൊതുവില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നുവെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും അത് തങ്ങളെ ബാധിക്കില്ലെന്നാണ് ഇടത്-വലത് മുന്നണികള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിയും വര്‍ദ്ധിച്ച ആത്മവിശ്വാസത്തിലാണ് തങ്ങളുടെ അവസാനത്തെ വോട്ടുപോലും പോള്‍ ചെയ്യിക്കാനായി എന്ന സന്തോഷത്താല്‍. ബിജെപിയെ സംബന്ധിച്ചിടത്തോളം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ടെസ്റ്റ് റണ്ണാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ത്രിതല പഞ്ചായത്ത് ഫലത്തെ ആശ്രയിച്ചായിരിക്കും നിലകൊള്ളുക. ജില്ലയില്‍ ബിജെപിയുടെ മുഴുവന്‍ നേതാക്കളും മത്സരരംഗത്തായിരുന്നു എന്നതും ബിജെപി അണികള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: