ചേര്‍ത്തല: വേറിട്ട പ്രചരണത്തിലൂടെ നാട്ടുകാരെ കയ്യിലെടുക്കുകയാണ് സമത്വമുന്നണി സ്ഥാനാര്‍ത്ഥി പി.എസ്. രാജീവ്. ചേര്‍ത്തലയിലെ ജനകീയ തഹസില്‍ദാറായിരുന്ന പി.എസ്. രാജീവാണ് കന്നി പോരാട്ടത്തിന്റെ പ്രചരണത്തിനായി സൈക്കിളിള്‍ സവാരി നടത്തിയത്.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിപ്പുറം ഡിവിഷനില്‍ സമത്വമുന്നണി സ്ഥാനാര്‍ത്ഥിയായാണ് രാജീവ് മത്സരിക്കുന്നത്. നിരവധി പൊതു തെരഞ്ഞെടുപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഇദ്ദേഹം മത്സര രംഗത്ത്് പുതുമുഖമാണ്. 2013ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. യുഡിഎഫിലെ കെ.പി.ചക്രപാണി, എല്‍ഡിഎഫിലെ പി.ഡി. സബീഷ് എന്നിവരാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍. മറ്റ് സ്ഥാനാര്‍ത്ഥികളില്‍ നിന്നും വൃത്യസ്തമായിരുന്നു രാജീവിന്റെ പ്രചരണ രീതി. ഡിവിഷന്‍ അതിര്‍ത്തിയിലെ മുഴുവന്‍ വാര്‍ഡുകളിലും സൈക്കിളിലാണ് പര്യടനം നടത്തിയത്.
റിട്ട. എസ്‌ഐ എം.വി. പരമേശ്വരന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. തവണക്കടവില്‍ നിന്ന് ഉച്ചയ്‌ക്ക് ആരംഭിച്ച റാലി വൈകിട്ട് പള്ളിചന്തയില്‍ സമാപിച്ചു. സമാപന സമ്മേളനം സിനിമ താരം എഴുപുന്ന ബൈജു ഉദ്ഘാടനം ചെയ്തു.
















