തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് മുസ്ലിം ലീഗ് ഇടുക്കി ജില്ലാ സെക്രട്ടറി എസ്.എം. ഷെറീഫിനെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. പാര്‍ട്ടി ജില്ല പ്രസിഡന്റ് ഷുക്കൂറിന്റെ സ്ഥാപിത താല്പര്യത്തിന്റെ പേരിലാണ് തന്നെ നീക്കിയതെന്ന് ഷെരീഫ് ജന്മഭൂമിയോട് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ വ്യക്തിപരായ കാര്യങ്ങളുള്ളതിനാല്‍ സജ്ജീവമായി പ്രവര്‍ത്തിക്കില്ലെന്ന് ജില്ല നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്നും ഷെരീഫ് പറഞ്ഞു. തൊടുപുഴ നഗരസഭയുടെ 17-ാം വാര്‍ഡില്‍ തന്റെ പേരാണ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നത്. ജില്ല പ്രസിഡന്റ് ഇടപെട്ട് മറ്റൊരാളെ അവിടെ മത്സരിപ്പിക്കുകയിരുന്നു. അച്ചടക്കമുള്ള പ്രവര്‍ത്തകനായിരുന്നതിനാല്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. സ്വതന്ത്രനായി മത്സരിച്ചാല്‍ നല്ല വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുറപ്പായിട്ടും മത്സരിക്കാന്‍ തയ്യാറായില്ല. ഇലക്ഷന് മുന്‍്പ് തനിക്കെതിരെ നടപടിയെടുത്താല്‍ പ്രശ്നമാകുമെന്ന് മനസിലായതിനാലാണ് ഇലക്ഷന് കഴിഞ്ഞ് പുറത്താക്കിയതെന്നും ഷെറീഫ് പറഞ്ഞു. എം.കെ മുനീറുള്പ്പെടെയുള്ളവരുമായി എംഎസ്എഫിന്റെ സംസ്ഥാന ചുമതല വഹിച്ചയാളാണ് ഷെറീഫ്. റിട്ട. അധ്യാപകനായ ഇദ്ദേഹം അഞ്ച് പതിറ്റാണ്ടായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ ലീഗിന്റെ യോഗങ്ങളില്‍ ക്ലാസെടുക്കാന്‍ പോയിരുന്നതും ഇദ്ദേഹമാണ്. ജില്ല പ്രസിഡന്റ് ഷുക്കൂറിന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെ സംസ്ഥാന ഘടകത്തിന് പരാതി നല്‍കുമെന്നും ഷെറീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: