തിരുവനന്തപുരം: വിവാദമായ ബാര്‍കോഴക്കേസില്‍ പുറത്തു നിന്ന് നിയമോപദേശം തേടിയത് നടപടിക്രമം പാലിക്കാതെയെന്ന് സംസ്ഥാന നിയമവകുപ്പ്. കേസില്‍ സുപ്രീംകോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയ നടപടിക്കെതിരെയാണ് നിയമവകുപ്പ് സെക്രട്ടറി തന്നെ വിയോജിപ്പുമായി രംഗത്തെത്തിയത്. അഭിഭാഷകര്‍ക്ക് പ്രതിഫലം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയലിലാണ് നിയമവകുപ്പ് സെക്രട്ടറി ഇതുസംബന്ധിച്ച വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമവകുപ്പിന്റെ മന്ത്രി കെ.എം. മാണിയാണ്.
സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലിന്റെയോ നിയമവകുപ്പിന്റെയോ ശുപാര്‍ശ ഇല്ലാതെയാണ് ബാര്‍ കോഴക്കേസില്‍ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് വിജിലന്‍സ് നിയമോപദേശം തേടിയത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ മോഹന്‍ പരാശരന്, നാഗേശ്വര റാവു എന്നിവരില്‍ നിന്നാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിയമോപദേശം തേടിയത്.
ഇരുവര്‍ക്കുമായി ഏഴരലക്ഷം രൂപ പ്രതിഫലം നല്‍കണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ രേഖാമൂലം ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടത്. പ്രതിഫലം നല്‍കുന്നതിനെ അഡ്വക്കേറ്റ് ജനറല്‍ കെ. ദണ്ഡപാണിയും പിന്തുണച്ചെങ്കിലും നിയമ സെക്രട്ടറി വിയോജിപ്പ് രേഖപ്പെടുത്തി. സര്‍ക്കാര്‍ അഭിഭാഷകരെ മറികടന്ന് പുറത്തു നിന്ന് നിയമോപദേശം തേടിയതിനെ നേരത്തെ വിജിലന്‍സ് കോടതിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
സാധാരണ അഡ്വക്കേറ്റ് ജനറലോ നിയമവകുപ്പോ ശുപാര്‍ശ ചെയ്ത ശേഷം മാത്രമാണ് വകുപ്പുകള്‍ സ്വകാര്യ അഭിഭാഷകരില്‍ നിന്ന് ഉപദേശം തേടാറുള്ളത്. എന്നാല്‍ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഈ നടപടിക്രമം തെറ്റിച്ചു. വിജിലന്‍സ് ഡയറക്ടര്‍ ആരോടും അഭിപ്രായം ചോദിക്കാതെ നേരിട്ട് സുപ്രീംകോടതി അഭിഭാഷകരോട് ഉപദേശം തേടുകയായിരുന്നു. ഇതിലുള്ള അതൃപ്തിയാണ് നിയമവകുപ്പ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയത്. ഫയല്‍ ആഭ്യന്തരമന്ത്രി പരിശോധിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് സ്വകാര്യ അഭിഭാഷകരുടെ സേവനം സ്വീകരിച്ചപ്പോള്‍ പണം നല്‍കിയിട്ടുണ്ടോ, മുന്‍ മാനദണ്ഡം അനുസരിച്ച് നിയമോപദേശത്തിന് പ്രതിഫലം നല്കാന് കഴിയുമോ എന്നീ ചോദ്യങ്ങളാണ് ആഭ്യന്തരവകുപ്പ് ഉന്നയിച്ചിരിക്കുന്നത്. ആഭ്യന്തരവകുപ്പ് ഫയല്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ്സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: