അഭിനവഗുപ്തനെ പൗരസ്ത്യ സാഹിത്യം പഠിച്ചവരും പഠിപ്പിക്കുന്നവരും പഠിക്കുന്നവരും കേട്ടിട്ടുണ്ടായിരിക്കും. മഹത്വമാര്‍ന്ന ഭാരതീയ സാഹിത്യ ദര്‍ശനങ്ങളുടെ ഉള്ളറകളിലേക്കു കടക്കാന്‍ വഴികാണിച്ചുതന്നുവെന്നതിനപ്പുറം ആ മഹാപ്രതിഭയെ അറിയാന്‍ ശ്രമിച്ചവരും അറിഞ്ഞവരും കുറവാണ്. എംഎ മലയാളം ക്ലാസില്‍ പോലും അഭിനവ ഗുപ്തനെക്കുറിച്ച് അങ്ങനെ കാര്യമായ പരിചയപ്പെടുത്തലുകളില്ല എന്നതാണ് വാസ്തവം. ആയിരം വര്‍ഷം മുമ്പ് ജീവിതം കഴിഞ്ഞ ഒരു മഹാപുരുഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുക ഇന്ന് അത്ര എളുപ്പമല്ല, പക്ഷേ, അറിയേണ്ടതാണ് ആ മഹദ് വ്യക്തിത്വത്തെ. അറിവുള്ളിലേറ്റി, അതറിയാനാഗ്രഹിക്കുന്നവര്ക്കെല്ലാമായി കരുതിവെച്ച് സാഹിത്യവും നാട്യശാസ്ത്രവും തന്ത്രശാസ്ത്രവും എന്നു വേണ്ട സര്‍വവിജ്ഞാനങ്ങളുടെയും കലവറയായി, ശൈവ ചൈതന്യത്തില്‍ ലയിച്ച അഭിനവ ഗുപ്തന്, കശ്മീരിലെ ഒരു ഗുഹയില്‍ സമാധിയായെങ്കിലും ഇന്നും ലോകമാകെ പ്രസരിക്കുന്ന വിജ്ഞാന വിശേഷോര്ജ്ജമാണ്. ആചാര്യന്റെ ജീവിത സഹസ്രാബ്ദി ആഘോഷിക്കാന്‍ പോകുകയാണ് 2016-ല്‍; രാജ്യമെമ്പടും, വിപുലമായിത്തന്നെ.
ലോകം കണ്ട ദാര്‍ശനികരില്‍ പ്രമുഖനും സാഹിത്യ ചിന്തകളില്‍ വിഖ്യാതനുമായ ആചാര്യ അഭിനവ ഗുപ്തന്. ഭാരതത്തിന്റെ അപൂര്‍വ പ്രാചീന ഗ്രന്ഥങ്ങള്‍ക്ക് വ്യഖ്യാനവും അവയുടെ ഉള്ളടക്കം ആധാരമാക്കി താത്വിക-ദാര്‍ശനിക മാര്‍ഗ്ഗങ്ങളും ജനാവലിക്കു നല്കിയ അദ്ദേഹം ജീവിച്ചിരുന്നത് ക്രിസ്തുവിനു പിന്‍പ് 940-നും 1016-നും ഇടയിലായിരുന്നു; കശ്മീരില്‍. ഏതു വിജ്ഞാന മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനയുണ്ടായിരുന്നു. മധ്യകാല ഭാരതത്തിലെ താന്ത്രികന്, കവി, ആലങ്കാരികന്‍, ദാര്ശനികന് എന്നിങ്ങനെ അഭിനവഗുപ്തന് വിശേഷണങ്ങള്‍ ഏറെയാണ്. ഇദ്ദേഹത്തെ അഭിനവഗുപ്തപാദാചാര്യര്‍ എന്ന് ഭാരതീയ അലങ്കാര-വ്യാകരണ-ദാര്‍ശനിക ദ്രഷ്ടാക്കളായ മമ്മടഭട്ടനും അഭിനവഗുപ്താചാര്യപാദര്‍ എന്ന് ജഗന്നാഥനും അനുസ്മരിച്ചിട്ടുണ്ട്.
കശ്മീരില്‍; കേരളത്തിലും
കശ്മീരിലായിരുന്നു ജനനവും ജീവിതവുമെങ്കിലും ഇങ്ങകലെ കേരളത്തിലുള്‍പ്പെടെ ആ പേരും പ്രവര്‍ത്തനവും വ്യാപിച്ചിട്ടുണ്ട്. ദേശ വിദേശങ്ങളില്‍ എഴുപതിലധികം സര്‍വകലാശാലകളില്‍ അദ്ദേഹത്തിന്റെ ദര്‍ശനവും ജീവിതവും സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട് എന്നത് ആ മഹദ് വ്യക്തിത്വത്തിന്റെ സര്‍വകാല പ്രസക്തി വ്യക്തമാക്കുന്നു. ഭാരതീയ ദര്‍ശനങ്ങളും ദേശീയതയും പോഷിപ്പിക്കുന്നതിന് അഭിനവ ഗുപ്തന് ചെയ്ത സേവനങ്ങള്‍ വലുതാണ്.
അദ്ദേഹം ശൈവമതാചാരാനുഷ്ഠാന ക്രിയകളിലും ദര്‍ശനങ്ങളിലും അപാരമായ അവഗാഹം നേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മഹാമഹേശ്വരാചാര്യാഭിനവഗുപ്തന്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. അഭിനവഗുപ്തന് എന്നത് ഗുരുക്കന്മാര് നല്കിയ പേരാണ്; യഥാര്‍ഥനാമം എന്തെന്ന കാര്യത്തില്‍ മറ്റു പല പ്രാചീന ആചാര്യന്മാരുടെ കാര്യത്തിലെന്നപോലെ ഇദ്ദേഹത്തിന്റെ കാര്യത്തിലും ഭിന്നാഭിപ്രായമുണ്ട്. ബാലവലഭീഭുജംഗം എന്നൊരു ബിരുദം ആചാര്യന്മാര് ഇദ്ദേഹത്തിനു നല്‍കിയിരുന്നുവെന്നും അഭിനവഗുപ്തപാദന്‍ എന്നത് അതിന്റെ ഒരു പര്യായമാണെന്നും വാദങ്ങളുണ്ട്.
തന്റെ പൂര്‍വികരെയും മാതാപിതാക്കളെയും ബന്ധുക്കളെയും ഗുരുക്കന്മാരെയും കുറിച്ച് അഭിനവ ഗുപ്തന്തന്നെ പല ഗ്രന്ഥങ്ങളിലായി പരാമര്‍ശം നല്‍കിയിട്ടുണ്ട്. പരാത്രിംശികാവ്യാഖ്യയുടെയും ഈശ്വരപ്രത്യഭിജ്ഞാവിവൃതി വിമര്ശനിയുടെയും അവസാനത്തില്‍ പൂര്വികന്മാരെക്കുറിച്ച് സംക്ഷിപ്തമായ വിവരണമുണ്ട്. അതു പ്രകാരം, അദ്ദേഹത്തിന്റെ ഏറ്റവും അകന്ന പൂര്‍വികനായ അത്രിഗുപ്തന്‍, ഗംഗയ്ക്കും യമുനയ്ക്കും ഇടയ്ക്കുള്ള അന്തര്‍വേദി എന്ന സ്ഥലത്ത്, കന്യാകുബ്ജരാജാവായ യശോവര്‍മന്റെ കാലത്തു താമസിച്ചിരുന്നു. മഹാപണ്ഡിതനായിരുന്ന അത്രിഗുപ്തന്‍ കശ്മീരരാജാവായ ലളിതാദിത്യന്റെ ക്ഷണം സ്വീകരിച്ച് കശ്മിരത്തേക്കു പോയി, അവിടെ താമസമാക്കി. ഇദ്ദേഹത്തിന്റെ വംശത്തില്‍ ജനിച്ച വരാഹഗുപ്തന്റെ പുത്രനായ ചുഖലനാണ് അഭിനവഗുപ്തന്റെ പിതാവ്. നരസിംഹ ഗുപ്തന് എന്നായിരുന്നു ചുഖലന്റെ ശരിയായ പേര്. തന്ത്രാലോകം എന്ന ഗ്രന്ഥത്തിലെ ”വിമലാകലാശ്രയാഭിനവസൃഷ്ടി മഹോഭരിതതനുശ്ച ജനനീ പഞ്ചമുഖഗുപ്തരുചിര്‍ ജനകം” എന്ന വാക്യത്തിലെ വിമലാകലാജനനീ, പഞ്ചമുഖഗുപ്തജനകഃ എന്നീ വാക്കുകളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ച് തന്ത്രാലോക കര്‍ത്താവായ ജയരഥന്‍ അഭിപ്രായപ്പെടുന്നത് അഭിനവഗുപ്തന്റെ അമ്മയുടെ പേര് വിമലാ അഥവാ വിമലാകല എന്നും അച്ഛന്റെ പേര് നരസിംഹഗുപ്തന്‍ എന്നും ആയിരുന്നെന്നാണ്. അഭിനവഗുപ്തന് മനോരഥഗുപ്തന്‍ എന്നു പേരുള്ള ഒരു ഇളയ സഹോദരന് ഉണ്ടായിരുന്നു. താന്‍ പരാത്രിംശികയ്ക്ക് വ്യാഖ്യാനം എഴുതിയത് ഈ സഹോദരനും കശ്മീരരാജസചിവനായ വല്ലഭന്റെ പുത്രന് കര്‍ണനും തര്ക്കവ്യാകരണമീമാംസാ നിഷ്ണാതനായ ഒരു രാമദേവനും വേണ്ടിയാണെന്ന് അഭിനവഗുപ്തന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹം കര്ണന്, മന്ദ്രന്‍ എന്നീ ശിഷ്യന്മാരുടെ നിരന്തരാഭ്യര്‍ഥന നിമിത്തമാണ് മാലിനീവിജയവാര്‍ത്തികം എഴുതിയത്. ഇദ്ദേഹത്തിന്റെ അഭിനവഭാരതി എന്ന കൃതിയില്‍ വാമനഗുപ്തന്‍ എന്നൊരു മാതുലനെയും യശോരാഗന്‍ എന്ന പേരില്‍ പിതാവിന്റെ മാതാമഹനായ ഒരു പണ്ഡിതനെയും പറ്റി പരാമര്‍ശിക്കുന്നുണ്ട്.
വിജ്ഞാനംതേടി യാത്ര
കുശാഗ്രബുദ്ധിയും സര്‍വജ്ഞനുമായ അസാധാരണനായിരുന്നു അഭിനവഗുപ്തന്. ഇദ്ദേഹം ആജീവനാന്തം ബ്രഹ്മചാരിയും ശിവഭക്തനും ആയിരുന്നു; വിജ്ഞാന സമ്പാദനത്തിന് പലയിടങ്ങളില്‍ ചുറ്റിത്തിരിഞ്ഞ അദ്ദേഹം അനേകം ഗുരുക്കന്മാരുടെ അടുക്കല്‍നിന്നും നാനാവിഷയങ്ങളില്‍ വിജ്ഞാനം നേടിയിരുന്നു. ഈശ്വരപ്രത്യഭിജ്ഞാവിവൃതി വിമര്‍ശനിയിലെ
”തജ്ജന്‍മദേഹപദഭാക് പദവാക്യമാന
സംസ്കാരസംസ്കൃതമതിഃ പരമേശശക്തിഃ
സാമര്‍ഥ്യതഃ ശിവപദാംബുജഭക്തിഭാഗീ
ദാരാത്മജപ്രകൃതിബന്ധുകഥാമനാപ്തഃ
നാനാഗുരുപ്രവരപാദനിപാതജാത
സംവിത്സരോരുഹവികാസനിവേശിതശ്രീഃ”
എന്ന വരികളില്‍ ഗുരുക്കന്മാരായ 19 ആചാര്യന്മാരെ ഇദ്ദേഹം സ്മരിച്ചിട്ടുണ്ട്. അവരില്‍ നരസിംഹഗുപ്തന്‍ വ്യാകരണവും വ്യോമനാഥര്‍ ദ്വൈതാദ്വൈതവേദാന്തവും ഭൂതിരാജന്‍ ബ്രഹ്മവിദ്യയും ഭൂതിരാജതനയന്‍ ദ്വൈതവേദാന്തവും ലക്ഷ്മണഗുപ്തന്‍ പ്രത്യഭിജ്ഞാദര്‍ശനവും, ഇന്ദുരാജന്‍ ധ്വനിസിദ്ധാന്തവും ഭട്ടതൗതന്‍ നാട്യശാസ്ത്രവും പഠിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്.
തന്ത്രാലോകം, പരാത്രിംശികാ വിവരണം, പരമാര്‍ത്ഥസാരം, തന്ത്രസാരം, ഗീതാര്‍ത്ഥ സംഗ്രഹം തുടങ്ങി വിവിധ വിഷയകമായി നാല്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അഭിനവഗുപ്തന്. നാലു വിഭാഗമായി അവയെ തരം തിരിക്കാം.
തന്ത്രം: ഈ വിഭാഗത്തിലെ ഏറ്റവും ബൃഹത്തായ കൃതി തന്ത്രാലോകമാണ്. മാലിനീവിജയവാര്‍ത്തികം, പരാത്രിംശികാവിവരണം, തന്ത്രാലോകസാരം എന്നിവയാണ് എണ്ണപ്പെട്ട മറ്റു സംഭാവനകള്‍.
സ്തോത്രം: ഭൈരവസ്തവം, ക്രമസ്തോത്രം, ബോധപഞ്ചദശിക എന്നിവ ഈ വിഭാഗത്തില്‍ പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു.
അലങ്കാര-നാട്യശാസ്ത്രങ്ങള്‍: അലങ്കാര ശാസ്ത്ര ശാഖയില്‍ ലോചനവും നാട്യശാസ്ത്ര ശാഖയില്‍ അഭിനവഭാരതിയുമാണ് ആദ്യം പറയേണ്ടവ. നിരൂപണപരമായ അന്തര്‍ദൃഷ്ടിയുടെയും സാഹിതീചാരുതയുടെയും ശൈലീ സുഭഗതയുടെയും ശാശ്വതസ്മാരകങ്ങളാണ് ഇവ. മഹിമഭട്ടനൊഴികെ ഈ വിഷയങ്ങളെ അധികരിച്ച് പില്‍ക്കാലത്തെഴുതപ്പെട്ട എല്ലാ അലങ്കാര ഗ്രന്ഥ വ്യാഖ്യാനങ്ങളും അഭിനവഗുപ്തന്റെ വിശകലനങ്ങളില്‍ ആധാരിതമാണ്.
രസാസ്വാദനത്തിലെ മാനസികപ്രക്രിയകളെ രസധ്വനികളെ യഥോചിതം ഉദ്ഗ്രഥിച്ച് ഔചിത്യസിദ്ധാന്തവുമായി സംയോജിപ്പിച്ചതാണ് സംസ്കൃത നിരൂപണരംഗത്തെ അദ്ദേഹത്തിന്റെ മുഖ്യ സംഭാവനയെന്നു വിലയിരുത്തപ്പെടുന്നു. നാട്യശാസ്ത്രത്തിന് അഭിനവഗുപ്തന് വ്യാഖ്യാനം രചിച്ചിരുന്നില്ലെങ്കില്‍ നാട്യകലയെക്കുറിച്ച് ഇന്നു ലഭ്യമായ ഭാരതീയ സിദ്ധാന്തങ്ങള്‍ അജ്ഞാതമായി ശേഷിച്ചേനെ.
നാട്യശാസ്ത്രം, ധ്വന്യാലോകം, ഈശ്വരപ്രത്യഭിജ്ഞാവിവൃതി എന്നീ പ്രൗഢഗ്രന്ഥങ്ങളുടെ ഉള്ളടക്കം മനസിലാക്കാന്‍ അഭിനവഗുപ്തന്റെ വ്യാഖ്യാനങ്ങളില്ലാതെ സാധ്യമല്ല. ഘടകര്പ്പരകാവ്യത്തിനും അദ്ദേഹം വ്യാഖ്യാനം എഴുതിയിട്ടുണ്ട്.
പ്രത്യഭിജ്ഞാശാസ്ത്രം: പ്രത്യഭിജ്ഞാ ശാസ്ത്രം കശ്മീരത്തെ അദ്വൈതമതദര്ശനമാണ്. അതിനെ ആധാരമാക്കി ഈശ്വരപ്രത്യഭിജ്ഞാവിമര്‍ശനി (ലഘുവൃത്തി), ഈശ്വരപ്രത്യഭിജ്ഞാവിവൃതി എന്നീ ഗ്രന്ഥങ്ങള്‍ അഭിനവ ഗുപ്തന്റെ അനശ്വരങ്ങളായ സംഭാവനകളാണ്. ഉല്പലദേവന്റെ പ്രത്യഭിജ്ഞാകാരികയ്ക്കെഴുതിയ വിമര്‍ശനമാണ് ഈശ്വരപ്രത്യഭിജ്ഞാവിമര്‍ശനി; വിവൃതിയാകട്ടെ, പ്രത്യഭിജ്ഞാകാരികയ്ക്കെഴുതിയ പീഠികയുടെ വിമര്‍ശനവും. ഈശ്വരപ്രത്യഭിജ്ഞാവിമര്‍ശനിയില്‍ തന്റെ ദാര്‍ശനിക ഗുരുപരമ്പരയെപ്പറ്റി ഇങ്ങനെ പറയുന്നു: ത്രയംബകനാണ്, ഈ ദര്‍ശനത്തിന്റെ സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ വംശജനായ സോമാനന്ദനാഥന്‍, തന്റെ ദര്‍ശനപദ്ധതിയെ ശിവദൃഷ്ടി എന്ന പേരില്‍ പ്രകാശിപ്പിച്ചു. സോമാനന്ദശിഷ്യനായ ഉല്പലന് പ്രത്യഭിജ്ഞാസൂത്രം 190 കാരികകളില്‍ നിര്‍മിച്ചു; ഇദ്ദേഹം തന്നെ അതിന് വൃത്തിയും ടീകയും എഴുതി. ഉല്പലന്റെ ശിഷ്യനായ ലക്ഷ്മണഗുപ്തനാണ് അഭിനവഗുപ്തന്റെ ഗുരു.
ശൈവം, എങ്കിലും സര്‍വം
ശൈവ ദര്‍ശന വിശ്വാസിയായിരുന്നുവെങ്കിലും അന്യ ദര്‍ശങ്ങളോട് എതിര്‍പ്പോ വിയോജിപ്പോ ഉണ്ടായിരുന്നില്ല. ശൈവദര്‍ശനത്തിന്റെ പൂര്ണ്ണതഗ്രഹിക്കാനുള്ള വഴിയില്‍ അദ്ദേഹം വൈഷ്ണവ ദര്‍ശനം പഠിച്ചു, അതിന്റെ ആചാര്യന്മാരെ കണ്ടു സംവാദങ്ങള്‍ നടത്തി. ആ ജ്ഞാനാന്വേഷണത്തില്‍ താര്‍ക്കികന്‍മാരെയും ശ്രൌതന്മാരെയും ആര്‍ഹതന്മാരെയും ബൗദ്ധന്മാരെയും വൈഷ്ണവന്‍മാരെയും ഇദ്ദേഹം ആശ്രയിച്ചു.
ആധ്യാത്മികമായ ഔന്നത്യത്തില്‍ എത്തിയ ഒരാള്‍ക്ക് അഭിനവഗുപ്തന്റെ അഭിപ്രായത്തില്‍ അഞ്ചു ലക്ഷണങ്ങളുണ്ട്: സുനിശ്ചലമായ രുദ്രഭക്തി, മന്ത്രസിദ്ധി, സര്‍വതത്ത്വവശിത്വം, കൃത്യസമ്പത്ത്,കവിത്വവും സര്‍വശാസ്ത്രാര്‍ഥവേത്തൃത്വവും.
ഈ അഞ്ചു ലക്ഷണങ്ങളും അദ്ദേഹത്തില്‍ സമഞ്ജസമായി സമ്മേളിച്ചിരുന്നു. താന്‍ വെളിപ്പെടുത്തിയ പ്രത്യഭിജ്ഞാദര്‍ശനം ജാതിയുടെയോ അതുപോലെ മറ്റെന്തിന്റെയെങ്കിലുമോ അപേക്ഷ കൂടാതെ സകല മനുഷ്യരുടെയും നന്മയെ ഉദ്ദേശിച്ചുള്ളതാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചു. യസ്യകസ്യചിജ്ജന്തോരിതിനാത്ര ജാത്യാദ്യപേക്ഷാ കാചില്‍ ഇതി സര്‍വോപകാരിത്വമുക്തം (ഈശ്വരപ്രത്യഭിജ്ഞാവിവൃതി).
ഗുഹയിലെ സമാധി
അഭിനവഗുപ്തന്റെ അവസാനകാലമായപ്പോഴേക്കും ശിഷ്യര്‍ അദ്ദേഹത്തെ ഭൈരവാവതാരമായി കണ്ടുകഴിഞ്ഞിരുന്നു. 70 വയസ്സുള്ളപ്പോള്‍ അദ്ദേഹം 1200 ശിഷ്യന്മാരോടൊന്നിച്ച് ശ്രീനഗറിനു സമീപം ബഡ്ഗാവ് ജില്ലയില്‍ ബീര്‍വാ ഗ്രാമത്തിലുള്ള ഒരു ഗുഹയില്‍ പ്രവേശിച്ചു. അവിടെ ശിവസ്തുതികളും കീര്‍ത്തനാലാപനവുമായി കഴിഞ്ഞു. 106 ജനുവരി നാലിന് ശിവചൈതന്യത്തില്‍ സമാധിപൂകുകയും ചെയ്തുവെന്നാണ് വിശ്വാസം. ഭൈരവ ഗുഹയെന്ന പേരില്‍ ആ ഗുഹ ഇന്നും പ്രസിദ്ധമാണ്.
നവകാലത്തെയും പുരാണകാലത്തേയും സമന്വയിപ്പിക്കുന്ന അഭിനവഗുപ്ത ദര്‍ശനങ്ങള്‍ കാലാതീതമാണ്. കല്പ്പാന്തകാലം പ്രസക്തമായ ആ ദര്‍ശനങ്ങള്‍ അവതരിപ്പിച്ച ദര്ശകന് ഭൗതിക ദേഹം വെടിഞ്ഞിട്ട് ആയിരം വര്‍ഷം കഴിയുകയാണ്. ആ പുണ്യജീവിതത്തിന്റെ സ്മരണ ഇന്നത്തെ യുവാക്കളുടെ സമക്ഷം അവതരിപ്പിക്കുകവഴി രാഷ്ട്രാഭിവൃദ്ധിയുടെയും സംസ്കാര പോഷണത്തിന്റെയും നവാദ്ധ്യായത്തിനു തുടക്കം കുറിക്കുകയായിരിക്കും.
രാഷ്ട്രീയ സ്വയംസേവക സംഘം റാഞ്ചിയില്‍ ചേര്‍ന്ന അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ ആചാര്യ അഭിനവ ഗുപ്തന്റെ ജന്മ സഹസ്ര വാര്‍ഷികം സമുചിതമായി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സാഹിത്യത്തിന്റെ അഭിനയകലയുടെ, തന്ത്രവിദ്യയുടെ എന്നല്ല സര്‍വ വിജ്ഞാനത്തിന്റെ സാമ്രാജ്യാധിപതിയായിരുന്ന അഭിനവ ഗുപതന്റെ സ്മരണ പുതുക്കല്‍ നിശ്ചയമായും ഏവര്‍ക്കും പ്രചോദകമാകുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: