കൊട്ടാരക്കര: എല്‍ഡിഎഫിലേക്കു പോയ ആര്.ബാലകൃഷ്ണപിള്ളയുടെ തീരുമാനം ആത്മഹത്യാപരമെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി. എന്നാല്‍ ഫലപ്രഖ്യാപനമുണ്ടാകുമ്പോള് കൊടിക്കുന്നില്‍ മാപ്പു പറയേണ്ടി വരുമെന്നു പിള്ളയുടെ മറുപടി.
പഞ്ചായത്തായിരുന്നപ്പോള്‍ പന്ത്രണ്ട് സീറ്റില്‍ മത്സരിച്ചിരുന്ന കേരളാ കോണ്‍ഗ്രസ്(ബി) നഗരസഭയായപ്പോള്‍ എട്ടില്‍ ഒതുങ്ങി. യുഡിഎഫിലായിരുന്നപ്പോള്‍ കേരളാ കോണ്‍ഗ്രസ് (ബി) ആവശ്യമുള്ള സീറ്റ് എടുത്തതിനുശേഷം ബാക്കിയുള്ളതായിരുന്നു കോണ്‍ഗ്രസിനു നല്‍കിയിരുന്നത്. ദയനീയമാണ് പിള്ളയുടെ അവസ്ഥ.
അഴിമതിക്കാരനെന്നാരോപിച്ച് ജയിലില്‍ അടയ്ക്കുകയും വഴി തടയുകയും വാളകം കേസില്‍ പോലും ആക്ഷേപിക്കുകയും ചെയ്ത ഇടതുപക്ഷത്തിനൊപ്പം പിള്ള പോയതിനെ ജനങ്ങള്‍ അംഗീകരിക്കില്ല. എല്‍ഡിഎഫിലേക്കു പോയ പിള്ളയ്ക്കൊപ്പം അണികളാരും പോയിട്ടില്ലെന്നും ആത്മഹത്യാപരമാണ് പിള്ളയുടെ നിലപാടെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
വെറുംകയ്യോടെ കൊട്ടാരക്കരയില്‍ വന്നവനെ ഇന്നു കാണുന്ന കൊടിക്കുന്നിലാക്കിയത് താനാണന്ന് പിള്ള പറഞ്ഞു. ആരുമില്ലാതെയും വെറും കയ്യോടെയുമാണ് എ.കെ.ആന്റണി കൊടിക്കുന്നിലിനെ കൊട്ടാരക്കരയിലേക്കു വിട്ടത്. കാലുവാരലില്ലാത്ത ഒരു മുന്നണിയിലെത്തിയതിന്റെ മന:സമാധാനമുണ്ട് ഇപ്പോള്‍. കേരളാകോണ്‍ഗ്രസി(ബി)നെ കൊല്ലം ജില്ലക്കു പുറത്തേക്കു അംഗീകാരം നല്‍കിയത് എല്‍ഡിഎഫ് മാത്രമാണ്. എല്‍ഡിഎഫുമായുള്ള കൂട്ടുകെട്ട് വിജയമാണോ എന്നു ഏഴാം തീയതി അറിയാം. കൊട്ടാരക്കര മുനിസിപ്പിലാറ്റിയില്‍ അഞ്ച് സീറ്റൊഴികെ എല്ലാം എല്‍ഡിഎഫിനു ലഭിക്കും. കൊട്ടാരക്കര നഗരസഭയില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാല്‍ ജനങ്ങളോടു മാപ്പു പറയാനുള്ള മാന്യതയെങ്കിലും കൊടിക്കുന്നില്‍ കാട്ടണമെന്ന് പിള്ള പറഞ്ഞു. രാഷ്ട്രീയത്തില്‍ ശത്രുവും മിത്രവുമില്ലെന്നും അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് യുഡിഎഫ് വിടേണ്ടി വന്നതെന്നും കെ.ബി.ഗണേഷ്കുമാര് എംഎല്‍എ പറഞ്ഞു.
അഴിമതിയുടെ പര്യായമാണു മാണി. ബജറ്റ് വില്‍പ്പനയെന്നത് യാഥാര്‍ഥ്യമാണ്. നാണമില്ലാത്തതിനാലാണു മാണി രാജിവയ്ക്കാത്തതെന്നും ഗണേഷ്കുമാര് പറഞ്ഞു. വോട്ട് ചെയ്യാനെത്തിയ ശേഷമാണ് ഇരുവരും മാധ്യമങ്ങളോട് നയം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: