Categories: Kozhikode

നാദാപുരം മേഖലയില്‍ പോളിംഗ് സമാധാനപരം

Published by

നാദാപുരം: നാദാപുരം മേഖലയില്‍ സമാധാനപരം. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ടുകള്‍ ചെയ്യാന്‍ ചില ബൂത്തുകളില്‍ മറ്റുള്ളവര്‍ ചെയ്യാനെത്തിയത് വാക്കേറ്റത്തിന് ഇടയാക്കിയെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ഭാഗത്തുള്ള ബൂത്തുകളിലും തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ഏതു അക്രമ ഭീഷണിയും നേരിടാനായി തണ്ടര്‍ബോള്‍ട്ട്, ഐ.ആര്‍.ബി., കര്‍ണാടക പോലീസ് എന്നിവരടക്കമുള്ള സേനാ വിഭാഗങ്ങളെ നാദാപുരം മേഖലയില്‍ ഒരുക്കിനിര്‍ത്തിയിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വോട്ട് ചെയ്യിക്കാനായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ പരക്കം പാച്ചിലും സജീവതയും ഇത്തവണ പ്രകടമായില്ല.

പോളിംഗ് ബൂത്തിനു മുമ്പില്‍ കാലത്ത് തന്നെ രൂപപ്പെടുന്ന നീണ്ട ക്യൂവില്‍ കയറിപ്പറ്റി വോട്ടുകള്‍ നേരത്തെ തന്നെ ചെയ്തു മടങ്ങാനുള്ള പതിവ് മത്സര ബുദ്ധിയും ഇത്തവണ ജനങ്ങളില്‍ കാണാനായില്ല.

നാദാപുരം മേഖലയില്‍ വൈകുന്നേരത്തോടെ ബൂത്തുകളുടെ പരിസരത്ത് അക്രമ സംഭവങ്ങള്‍ പതിവാകുന്ന സ്ഥിതിയായിരുന്നു. അതിനാല്‍ തന്നെ സാധാരണയായി ഉച്ചക്ക് മുമ്പ് ഭൂരിഭാഗം വോട്ടുകളും പോള്‍ ചെയ്യുന്ന അവസ്ഥയായിരുന്നു.

എന്നാല്‍ പതിവിന് വിപരീതമായി വോട്ടെടുപ്പ് ആരംഭിച്ച് ഉച്ചക്ക് 12 മണി വരെ പല ബൂത്തുകളിലും 40 ശതമാനം മാത്രമാണ് പോളിംഗ് നടന്നത്. ഉച്ചക്ക് ശേഷം മാത്രമാണ് പോളിംഗ് ശതമാനം ഉയര്‍ന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by