തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായുള്ള തോരാമഴ തെരഞ്ഞെടുപ്പ് ദിവസവും തുടര്‍ന്നത് വോട്ടര്‍മാരെയും സ്ഥാനാര്‍ത്ഥികളെയും ആദ്യം ആശങ്കയിലാഴ്ത്തിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ വോട്ടിംഗ് ശതമാനം ഉയര്‍ന്നു. മഴ കനത്തതോടെ വോട്ടര്‍മാര്‍ക്ക് കാല്‍നടയായി വന്ന് വോട്ട് ചെയ്യേണ്ടി വന്നില്ല. ഉച്ചയ്ക്ക് ശേഷവും കനത്ത മഴഉണ്ടാകും എന്ന് അറിഞ്ഞതോടെ സ്ഥാനാര്‍ത്ഥികളും അണികളും വൈറലാവുകയായിരുന്നു. പരമാവധി ആട്ടോറിക്ഷകള്‍ വാടകയ്ക്കെടുത്ത് വീടുകളില്‍ നിന്ന് വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിച്ചു. ഇതോടെ നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും പോളിംഗ് ബൂത്തുകളില്‍ കനത്ത മഴയത്തും പോളിംഗ് ശതമാനം ഉയര്‍ന്നു.
നെയ്യാറ്റിന്‍കര, വര്‍ക്കല, ആറ്റിങ്ങല്‍ എന്നീ പ്രദേശങ്ങളില്‍ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായി. എന്നാല്‍ മലയോരമേഖലയില്‍ നെടുമങ്ങാട്, കാട്ടാക്കട, അമ്പൂരി പ്രദേശങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ തോരാമഴയായിരുന്നു. കനത്ത മഴ അമ്പൂരിഗ്രാപഞ്ചായത്തിലെ വോട്ടിംഗ് നിലയെ സാരമായി ബാധിച്ചു. മഴവെള്ളം റോഡില്‍ കുത്തിയൊലിച്ച് ഒഴുകിയതുമൂലം വോട്ടര്‍മാര്‍ക്ക് വാഹനത്തിലും പോളിംഗ് ബൂത്തുകളില്‍ എത്താനായില്ല.
മിക്ക ബൂത്തുകളിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുഖത്തോടുമുഖം നോക്കിയിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. വൈകുന്നേരം മൂന്നു മണിയോടെ മഴ അല്പം ശമിച്ചപ്പോഴാണ് ബൂത്തുകളില്‍ ചെറിയ രീതിയിലെങ്കിലും വോട്ടര്‍മാര്‍ എത്തിയത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ ആദിവാസി മേഖല, കള്ളിക്കാട് പഞ്ചായത്തിലെ നെയ്യാര്‍ വനമേഖല എന്നിവിടങ്ങളില്‍ മഴയ്ക്കൊപ്പം മലവെള്ളപ്പാച്ചില്കൂടി ആരംഭിച്ചതോടെ ആദിവാസികള്‍ മലയിറങ്ങാന്‍ കൂട്ടാക്കിയില്ല.
കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാര്‍ഡിന്റെ ബൂത്ത് സജ്ജീകരിച്ചിരുന്നത് പാപ്പാട് റബ്ബര്‍ സംഭരണ കേന്ദ്രത്തിലായിരുന്നു. ഇവിടെ കനത്ത മഴയില്‍ ബൂത്തിനുള്ളില്‍ വെള്ളം പൊങ്ങി. ബൂത്തിലേക്ക് ആളുകള്‍ കടന്നുവരേണ്ട പാതയില്‍ ചെളിക്കെട്ട് രൂപപ്പെട്ടത് പോളിംഗിനെ ബാധിച്ചു. 760 വോട്ടര്‍മാരുള്ള ഈ ബൂത്തില്‍ 400 വോട്ടാണ് നടന്നത്. പന്നിയോട് എസ്സി സഹകരണ സംഘത്തില്‍ ക്രമീകരിച്ച ബൂത്ത് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ പലപ്രാവശ്യം വോട്ടെടുപ്പില്‍ തടസം നേരിട്ടു. നാട്ടുകാര്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുവന്ന് കെട്ടിടത്തിനു മുകളില്‍ കെട്ടിയാണ് ഇവിടെ വോട്ടെടുപ്പ് തുടര്‍ന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കുടിലുകളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന പൂവ്വാറിലും കനത്ത പോളിംഗായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: