പേട്ട: നഗരം കുടിവെള്ള പ്രതിസന്ധി നേരിടുമ്പോഴും ജപ്പാന് കുടിവെള്ള പദ്ധതിപ്രകാരം ഇറക്കുമതി ചെയ്ത പൈപ്പുകള്‍ പെരുവഴിയില്‍. കോടികളുടെ പൈപ്പുകളാണ് വിവിധ സ്ഥലങ്ങളില്‍ റോഡരുകില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഹൈവേ വികസനം വന്നതോടെ ഹൈവേയ്ക്കരികില്‍ ഇറക്കി വച്ചിരിക്കുന്ന പൈപ്പുകള്‍ നീക്കം ചെയ്യാന്‍ ഹൈവേ മന്ത്രാലയം വാട്ടര്‍ അതോറിട്ടിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ പൈപ്പുകള്‍ എവിടെ കൊണ്ടിടുമെന്ന ആശങ്കയാണ് വാട്ടര്‍ അതോറിട്ടിക്കുള്ളത്. പൈപ്പുകള്‍ നീക്കം ചെയ്യാന്‍ ലക്ഷ്മണന് തന്നെ വേണ്ടിവരുമെന്നാണ് വാട്ടര്‍ അതോറിട്ടി വിലയിരുത്തുന്നത്.
നഗരപ്രദേശങ്ങളില്‍ പൂര്‍ണമായും കുടിവെള്ള വിതരണം സുഗമമാക്കുകയെന്ന ലക്ഷ്യത്തിലാണ് ജപ്പാന് കുടിവെള്ള പദ്ധതി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സാധ്യമായത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി തുടങ്ങിയ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉന്നത പദവിയില്‍നിന്നും വിരമിച്ചവരെ ഉള്‍പ്പെടുത്തി ജിക്ക അതോറിട്ടിയും രൂപീകരിച്ചു. എന്നാല്‍ അതോറിറ്റിയുടെ പ്രവര്‍ത്തന പോരായ്മമൂലം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി പൂര്ണമാക്കാന് കഴിഞ്ഞിട്ടില്ല.
ആദ്യകാലത്ത് പദ്ധതി നടപ്പിലാക്കുന്നതിനായി കല്‍ക്കത്ത ആസ്ഥാനമായുള്ള ഇലക്ട്രോസ്റ്റിക് കാസ്റ്റിംഗ് കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഈ കമ്പനി കരാറില്‍നിന്നും ഒഴിഞ്ഞ് മാറിയിരിക്കുകയാണ്. ജിക്ക അതോറിട്ടിയുമായി യോജിച്ചുപോകാന്‍ കഴിയാത്തതാണ് കരാര്‍ ഉപേക്ഷിക്കാന്‍ കാരണം. എന്നാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടത്താത്തതുകൊണ്ട് കല്‍ക്കത്ത കമ്പനിയെ ഒഴിവാക്കിയെന്നാണ് ജിക്ക അതോറിറ്റി പറയുന്നത്. ഇപ്പോള്‍ ചെന്നെയിലുള്ള ശ്രീറാം ഇപിസി കമ്പനിക്കാണ് ജിക്ക കരാര്‍ നല്‍കിയിരിക്കുന്നത്. ഈ കമ്പനിക്കാണെങ്കില്‍ തൊഴിലാളികളുടെ അഭാവം രൂക്ഷമാണ്. പലയിടത്തും ജിക്കയുടെ അറ്റകുറ്റപണികള്ക്ക്പോലും ചെറുകിട പ്ലബിംഗ് കരാറുകാരെ കമ്പനി സ്വാധീനിക്കുകയാണ്. അതേസമയം ജിക്ക കരാര്‍ നല്കിയ കമ്പനികള്‍ പ്ലബിംഗ് ജോലികളെക്കാള്‍ പൈപ്പുകള്‍ ഇറക്കുമതി ചെയ്യുന്ന പ്രവര്‍ത്തിക്കാണ് താല്പര്യം കാണിക്കുന്നത് എന്ന് ആക്ഷേപമുണ്ട്. കൂടിയ വിലയ്ക്ക് പൈപ്പുകള്‍ ഇറക്കുമതി ചെയ്ത് വന്‍തുക കരാറുകാര്‍ കൈപ്പറ്റുമ്പോഴും പൈപ്പ് സ്ഥാപിക്കല്‍ ഇഴഞ്ഞു നീങ്ങുകയാണ്. വാട്ടര്‍ അതോററ്റിയിലെ ചില ജീവനക്കാരെകൂടി മേല്‍നോട്ട ജോലികള്‍ക്കായി ജിക്ക അതോറിറ്റിയില്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: