കണ്ണൂര്‍: ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത പോളിംഗ്. തെരഞ്ഞെടുപ്പ് നടന്ന ജില്ലകളില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയതില്‍ മൂന്നാം സ്ഥാനത്താണ് കണ്ണൂര്‍. 76 ശതമാനം വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ഉയര്‍ന്നത് ബിജെപിക്കും മുന്നണികള്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നതായി ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ഗ്രാമപ്രദേശങ്ങളിലടക്കം ഉണ്ടായ ഉയര്‍ന്ന പോളിംഗ് കണ്ണൂരിലെ ജങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിന് തെളിവാണെന്നും മുന്നണികളെ പിന്നിലാക്കി ബിജെപി ഇക്കുറി ജില്ലയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി നടത്തിയ ശക്തമായ പ്രചരണം പോളിംഗ് വര്‍ദ്ധിക്കാന്‍ ഇടയാക്കിയെന്നും ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും നേതൃത്വം പറഞ്ഞു. 2014 ലോകസഭാതെരഞ്ഞെടുപ്പില്‍ 82 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെല്ലാം നല്ല നിലയില്‍ പോളിംഗ് നടന്നു. അതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലും ജയപരാജയങ്ങള്‍ പ്രവചനാതീതമാണ്. ഇത് ഇരുമുന്നണികളെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.
ജില്ലയില്‍ വിവിധ സ്ഥലങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തി. കൂത്തുപറമ്പ് വേങ്ങാട് അഞ്ചാം തെരു സൗത്ത് യുപിസ്കൂള്‍ ബൂത്തിലെ ബിജെപി ഏജന്റായ ശശിധരനെയാണ് ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവാങ്ങി കീറി നശിപ്പിക്കുകയും ചെയ്തു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡായ മുണ്ടപത്ത് യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് നേരെ സിപിഎമ്മുകാര്‍ നായ്ക്കുരണ പൊടി വിതറി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആഗ്നസ് തെക്കേതിനുനേരെയാണ് നായ്ക്കുരണ പൊടി വിതറിയത്. കേളകത്ത് വോട്ട് ചെയ്യാന്‍ പോവുകയായിരുന്ന ആദിവാസി സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് സിപിഎമ്മുകാര്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു. കല്ലാങ്കോട് പണിയ കോളനിയിലെ വാസുവിന്റെ ഭാര്യ ചെമ്പിയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് നശിപ്പിച്ചത് അമ്പായ്തോട് സെന്റ് ജോര്‍ജ്ജ് യുപിസ്കൂളില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു.
കൂത്തുപറമ്പ് നഗരസഭയിലെ 23-ാം വാര്‍ഡായ വലിയപാറയിലെ യുഡിഎഫ് ഏജന്റിനെ സിപിഎം സംഘം തട്ടിക്കൊണ്ടുപോയി. ഏജന്റ് സി.വി.പൗലോസിനെയാണ് തട്ടിക്കൊണ്ടുപോയത്. തലശ്ശേരി ചൊക്ലി മാരാന് കണ്ടി ലക്ഷ്മിവിലാസം യുപി സ്കൂള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തലയില്‍ സിപിഎം സംഘം ചെളിവെള്ളം കോരി ഒഴിച്ചതായും പരാതിയുണ്ട്.
മട്ടന്നൂര്‍ കൊളപ്പയില്‍ യുഡിഎഫ് അനുഭാവി ഇഷൂദിന്റെ ഒമിനി വാനിന്റെ ഗ്ലാസ് സിപിഎം തകര്‍ക്കുകയും താക്കോല്‍ എടുത്തുകൊണ്ടുപോവുകയും പോളിംഗ് ബൂത്തിന് സമീപം ഏറുപടക്കം എറിയുകയും ചെയ്തു.
പയ്യന്നൂര്‍ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ബിജെപി പ്രസിഡണ്ട് കെ.പി.മോഹനനെ കടന്നപ്പള്ളി കിഴക്കേകരയില്‍ പോളിംഗ് ബൂത്തിന് സമീപം ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പരിയാരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രേഷ്മയെ സിപിഎം സംഘം അക്രമിച്ചു. പരിക്കേറ്റ രേഷ്മ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പയ്യന്നൂര്‍ കാങ്കോല്‍ ആലക്കാട് ഏഴാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പി. ഗംഗാധരനെയും ബൂത്ത് ഏജന്റ് പി.കെ. ദാമോദരനെയും ദേവീ വിലാസം എല്‍പി സ്കൂളില്‍ പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുള്ള നൂറോളം സിപിഎം ഗുണ്ടാ സംഘം തടഞ്ഞുവെച്ചു. തെരഞ്ഞെടുപ്പ് അവസാനിച്ച ശേഷവും സിപിഎം സംഘം പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. പെരിങ്ങോം എസ്ഐയും സംഘവും സംഭവസ്ഥലത്തെത്തിയെങ്കിലും അവരെയും തടഞ്ഞുവെക്കുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി പി.ഗംഗാധരന്റെ ഇരുചക്ര വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തു. രാത്രി 7.30ഓടുകൂടിയാണ് കനത്ത പോലീസ് സംരക്ഷണത്തില്‍ ഇരുവരെയും മോചിപ്പിച്ച് വീട്ടിലെത്തിച്ചത്.
മയ്യില്‍ നണിയൂര്‍ നമ്പ്രത്ത് പട്ടികജാതി-പട്ടിക വര്‍ഗ്ഗ കോളനിയിലും സിപിഎം സംഘം വ്യാപകമായ അക്രമം നടത്തി. അക്രമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഖിലേഷ്, ചീഫ് ഏജന്റ് സുനില്‍ കുമാര്‍, എം.വി.ശ്രീദേവി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ കോളനിയിലെ സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കുകയും ജാതി വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
ചപ്പാരപ്പടവ് പഞ്ചായത്തിലെ 13ാം വാര്‍ഡ് കൂവേരിയില്‍ ബെജിപി സ്ഥാനാര്‍ത്ഥിയായ രജിതാ രാജീവിന്റെ ബൂത്തേജന്റ് ആയ പി.ഗണേശനെ ബൂത്തില്‍ നിന്ന് ഇറങ്ങിവരവെ സുനീഷ്, മിഥുന്, ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള 12അംഗ സിപിഎം സംഘം ഇരുമ്പു പൈപ്പുകൊണ്ട് അക്രമിച്ചു. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഗണേശനെ തളിപ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: