കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം വ്യാപകമായ അക്രമം നടത്തി. പല ബൂത്തുകളിലും വ്യാപകമായ രീതിയില്‍ കള്ളവോട്ടും നടന്നു. വ്യാപക അക്രമത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും വോട്ടര്‍മാര്‍ക്കും പരിക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ ബൂത്തു കയ്യേറുകയും കളളവോട്ടിംഗ് നടത്തുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ശ്രമമുണ്ടായി. പയ്യന്നൂര്‍ കാങ്കോല്‍-ആലപടമ്പ് പഞ്ചായത്തിലെ ബിജെപി ബൂത്ത് ഏജന്റിനെ തെരഞ്ഞെടുപ്പ് അവസാനിച്ചതിനു ശേഷവും മണിക്കൂറുകളോളം സിപിഎം സംഘം തടഞ്ഞുവെച്ചു. ഒടുവില്‍ നൂറോളം പോലീസുകാര്‍ സ്ഥലത്തെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ആന്തൂര്‍ നഗരസഭയിലെ കടമ്പേരി 20-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ മകളെ അക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടത്തുകയും ചെയ്തു. പയ്യന്നൂര്‍ എരമം കുറ്റൂര്‍ പഞ്ചായത്തിലെ 9-ാം വാര്‍ഡ് വെള്ളോറയില്‍ ബൂത്ത് കയ്യേറിയ സിപിഎം സംഘം നൂറു കണക്കിന് കള്ളവോട്ടുകള്‍ ചെയ്തു. രണ്ടു സ്ഥലങ്ങളിലും റീ പോളിങ്ങ് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്കിയിയിട്ടുണ്ട്.
മയ്യില്‍ നണിയൂര്‍ നമ്പ്രത്ത് പട്ടികജാതി-പട്ടിക വര്‍ഗ്ഗ കോളനിയിലും സിപിഎം സംഘം വ്യാപകമായ അക്രമം നടത്തി. അക്രമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഖിലേഷ്, ചീഫ് ഏജന്റ് സുനില്‍ കുമാര്‍, എം.വി.ശ്രീദേവി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ കോളനിയിലെ സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കുകയും ജാതി വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
മയ്യില്‍, കുറ്റിയാട്ടൂര്‍, മലപ്പട്ടം പഞ്ചായത്തുകളിലും വ്യാപകമായി കള്ളവോട്ടും ബുത്ത് പിടുത്തവും നടന്നു.
പരിയാരത്ത് കാഞ്ഞിരങ്ങാട് വനിതാ സ്ഥാനാര്‍ത്ഥിയെ സിപിഎമ്മുകാര്‍ അക്രമിച്ചു. തലോറ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രേഷ്മയെയാണ് സിപിഎമ്മുകാര്‍ അക്രമിച്ചത്. അഞ്ച്, ആറ് വാര്‍ഡുകളിലെ നിരീക്ഷണ ക്യാമറകളുടെ കേബിള്‍ സിപിഎമ്മുകാര്‍ മുറിച്ചുമാറ്റി. പയ്യന്നൂര്‍ നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍ സിപിഎമ്മുകാര്‍ കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിനെ മര്‍ദ്ദിച്ചു. ഇയാളെ പയ്യന്നൂരിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പട്ടം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ രണ്ട് ബൂത്തുകള്‍ സിപിഎം കയ്യേറി. മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെ ഭീഷണിപ്പെടുത്തി ബൂത്തില്‍ നിന്ന് പുറത്താക്കിയാണ് സിപിഎമ്മുകാര്‍ ബൂത്ത് കയ്യേറിയത്. പെരിങ്ങോം-വയക്കര പഞ്ചായത്തിലെ ഒന്നാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഎം സംഘം മൃഗീയമായി മര്‍ദ്ദിച്ചു. കണ്ണിന് സാരമായി പരിക്കേറ്റ പവിത്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരമം-കുറ്റൂരില്‍ ബൂത്ത് ഏജന്റിനെ സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടുപോയി. പതിനഞ്ചാം വാര്‍ഡിലെ മന്‍സൂറിനെയാണ് തട്ടിക്കൊണ്ടുപോയത്.
കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ സിപിഎം സംഘം നത്തിയ അക്രമത്തില്‍ മാധ്യമപ്രവര്‍ക്ക് പരിക്കേറ്റു. വേട്ടെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങിനിടയില്‍ മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ സി.കെ.വിജയന്, ക്യാമറാമാന് പ്രതീഷ് എന്നിവര്‍ക്കെതിരെയാണ് കയ്യേറ്റമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുറ്റിയാട്ടൂര്‍ എഎല്‍പി സ്കൂളിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് അക്രമമുണ്ടായത്. തെരഞ്ഞെടുപ്പ് അവസാനിച്ചശേഷം തളിപ്പറമ്പില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും തുടര്‍ന്ന് വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ അക്രമത്തില്‍ പാടെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. സിപിഎം അക്രമങ്ങള്‍ തടയുന്നതില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടതായി ബിജെപി ആരോപിച്ചു. കൂടാതെ ജില്ലയില്‍ സിപിഎം ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് തെരഞ്ഞെടുപ്പിലൂടെ ചെയ്തതെന്ന് ബിജെപി ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. സിപിഎം തെരഞ്ഞെടുപ്പിന് മുന്നേ ആയുധശേഖരം ഉള്‍പ്പെടെ നടത്തി അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്നതാണ് സിപിഎം ഇന്നലെ നടത്തിയ അക്രമങ്ങളെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: