തിരുവല്ല: കുറ്റപ്പുഴ ഹോമിയോ ആശുപത്രിയോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. പ്രവര്‍ത്തനം തകര്‍ന്ന് വീഴാറായ കെട്ടിടത്തില്‍. കുറ്റപ്പുഴ റയില്‍വേ മേല്‍പ്പാലത്തിന്റെ ഭാഗമായി അപ്രോച്ച് റോഡ് ഉയര്‍ത്തിയതോടെ കുഴിയിലായ ആശുപത്രിയിലേക്ക് എത്താന്‍ രോഗികള്‍ നന്നേ കഷ്ടപ്പെടുന്നുണ്ട്. കുഴിയിലായ കെട്ടിടത്തിലേക്ക് നിര്‍മ്മിച്ച വീതികുറഞ്ഞ റോഡ് ചെളിക്കുണ്ടായി കിടക്കുന്നതും എത്തിപ്പെടുന്നതിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്.
പ്രായധിക്യം ഏറിയവരും പിഞ്ചുകുട്ടികളുമായി എത്തുന്ന സ്ത്രീകളുമാണ് ഇതുമൂലം ഏറെ കഷ്ടത അനുഭവിക്കുന്നത്. ജീവനക്കാരുടെ അഭാവവും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
ഡോക്ടറടക്കം 4 ജീവനക്കാര്‍ വേണ്ടിടത്ത് നിലവിലുള്ളത് ഡോക്ടറും താത്ക്കാലിക ജീവനക്കാരിയുമായ ഫാര്‍മസിസ്റ്റും മാത്രം. രണ്ട് അറ്റന്‍ഡര്‍ വേണ്ടിടത്ത് ഒരാള്‍പോലും നിലവിലില്ല എന്നതാണ് അവസ്ഥ. നൂറോളം രോഗികളാണ് പ്രതിദിനം ഇവിടെയെത്തുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പനി, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്കായി കുട്ടികള്‍ ഏറെയും ആശ്രയിക്കുന്നത് ഈ ചികിത്സാ കേന്ദ്രത്തെയാണ്. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3വരെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനസമയം.
മേല്‍പ്പാല നിര്‍മ്മാണത്തിലൂടെ കുഴിയിലായ കെട്ടിടത്തി ല്‍ നിന്നും ആശുപത്രിയുടെ പ്രവര്‍ത്തനം മഞ്ഞാടിയിലേക്ക് മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് മുന്‍ നഗരസഭാ കൗണ്‍സില്‍ തുടക്കമിട്ടിരുന്നു.
ഇതിന്റെ ഭാഗമായി മഞ്ഞാടിയില്‍ കെട്ടിടനിര്‍മ്മാണവും പൂര്‍ത്തിയായി. എന്നാല്‍ കുറ്റപ്പുഴയില്നിന്നും ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനെതിരെ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് മഞ്ഞാടിയില്‍ നിര്‍മ്മിച്ച കെട്ടിടം പ്രായാധിക്യം ഏറിയവര്ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയോമിത്രം പദ്ധതിക്കായി വിട്ടുനല്‍കിയെന്നാണ് സൂചന. പുതിയ കെട്ടിടം നിര്‍മ്മിച്ച് കുറ്റപ്പുഴയില്തന്ന ആശുപത്രി നിലനിര്‍ത്തണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: