ചേര്‍ത്തല: തളര്‍ന്നുപോയ ശരീരത്തില്‍ തളരാത്ത മനസുമായി ജീവിതത്തോട് പോരാടുന്നവന് ഇപ്പോള്‍ തെരഞ്ഞെടുപ്പാണ് ഹരം. ചേട്ടന്മാരുടെ തോളിലേറി ബൂത്തിലേക്ക് പോകുന്നതും വോട്ട് ചെയ്യുന്നതുമെല്ലാം അമേഷിന് സന്തോഷമാണ്. അഞ്ചാം തീയതി രാവിലെ തന്നെ പൊക്കിയെടുത്ത് കൊണ്ടുപോകുവാന്‍ വരുന്നവരെ കാത്തിരിക്കുകയാണ് നഗരസഭ 22-ാം വാര്‍ഡ് തെക്കേ പുത്തേഴത്ത് വീട്ടില്‍ അമേഷ്. ആഞ്ഞിലിപ്പാലം ലെവല്‍ ക്രോസിനടുത്ത് മുച്ചക്ര സൈക്കിളിലിരുന്ന് ലോട്ടറി വില്‍ക്കുന്ന ഇരുപത്തിമൂന്നുകാരനും മകന്റെ സഹായത്തിനായി കൂട്ടിരിക്കുന്ന അമ്മയും ചേര്‍ത്തലക്കാര്‍ക്കെല്ലാം സുപരിചിതരാണ്.
അമേഷിന് ഒരൊറ്റ ആഗ്രഹമേയുള്ളു. അമ്മയെ കഷ്ടപ്പെടുത്താതെ തന്റെ മുച്ചക്ര വാഹനത്തില്‍ വീട്ടിലേക്കെത്താന്‍ ഒരു വഴി. ഇതിനായി കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. തെരഞ്ഞെടുപ്പ് കാലത്ത് ചിരിച്ചു കൊണ്ടെത്തുന്നവരും തോളിലേറ്റി വോട്ട് ചെയ്യുവാന്‍ കൊണ്ട് പോകുന്നവരും ജയിച്ചു കഴിഞ്ഞാല്‍ പിന്നെ തെക്കേ പുത്തേഴത്ത് വീട്ടിലേക്കൊന്നെത്തി നോക്കുവാന്‍ പോലും വരില്ലെന്ന് ഈ ചെറുപ്പക്കാരനറിയാം. നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് അമേഷിന് വീട്ടില്‍ നിന്ന് മെയിന്‍ റോഡിലേക്കെത്തുവാനായി നാഗക്കാവുങ്കല്‍ വൃന്ദാവനം റോഡ് നിര്‍മിച്ചത്. റോഡില്‍ നിന്ന് അമ്പത് മീറ്റര്‍ ഉള്ളിലായാണ് അമേഷിന്റെ വീട്. സമീപത്തെ സ്വകാര്യ വ്യക്തി കനിഞ്ഞാല്‍ മാത്രമേ പരസഹായമില്ലാതെ വീട്ടിലെത്താനാകൂ. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന വഴിയിലൂടെ സൈ ക്കിളുന്തി പോകുവാന്‍ കഴിയാത്ത സ്ഥിതിയാണ്.
നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന, സഹജീവികളോട് കരുണ കാണിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കുവാനായിരിക്കും ഇക്കുറി സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്ന് തീരുമാനിച്ചിരിക്കുകയാണ് അമേഷ്. ഭാഗ്യം വില്‍ക്കുന്ന പയ്യന്റെ തെരഞ്ഞെടുപ്പ് ചിന്തകളിലും രാഷ്‌ട്രീയക്കാരുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍പെട്ടുപോയതിന്റെ അമര്‍ഷമുണ്ട്. എങ്കിലും തന്റെ മൗലികാവകാശം പാഴാക്കാതെ വിനിയോഗിക്കുവാന്‍ അമേഷും എത്തും, കരുവായി ഭാഗം എല്‍പി സ്‌കൂളില്‍.
















