ഹരിപ്പാട്: ചെറുതനയിലും കരുവാറ്റയിലും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി ദമ്പതികളുടെ വാശിയേറിയ മത്സരം. ചെറുതന പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പടനിലത്ത് റ്റി. മുരളിയും ഒന്‍പതാം വാര്‍ഡില്‍ ഭാര്യ സുധാ മുരളിയും മത്സരിക്കുന്നു.
2000 മുതല്‍ 2010 വരെ സുധാമുരളി അഞ്ച്, ആറ് വാര്‍ഡുകളില്‍ താമര ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചിരുന്നു. മുരളി 1995 മുതല്‍ 2010 വരെ നാല്, എട്ട് വാര്‍ഡുകളില്‍ നിന്നും വിജയിച്ച് പഞ്ചായത്ത് ഭരണത്തിന്റെ ഭാഗമായി.
2000 മുതല്‍ 2010 വരെ ദമ്പതികള്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ബിജെപിയുടെ പ്രതിനിധികളായി ഉണ്ടായിരുന്നു. ബിജെപിയുടെ പ്രതിനിധികളായി ഇത്തവണയും ഇരുവരും വിജയത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ്. മുരളി നാലാം വാര്‍ഡിലും, സുധാ മുരളി ഒന്‍പതാം വാര്‍ഡിലുമാണ് ഇപ്പോള്‍ മത്സരിക്കുന്നത്.
മുരളി കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയും സുധാമുരളി ബിജെപി ഹരിപ്പാട് മണ്ഡലം സെക്രട്ടറിയുമാണ്.
കരുവാറ്റാ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി വരുമ്പില്ലില്‍ എസ്.വിശ്വനാഥന്‍ നിലവിലുണ്ടായിരുന്ന ഭരണസമിതിയില്‍ എട്ടാം വാര്‍ഡില്‍ നിന്നും വിജയിച്ചുവന്നതാണ്. ഭാര്യ വിജയലക്ഷ്മിക്കിത് കന്നിയങ്കമാണ്. അഞ്ചാം വാര്‍ഡില്‍ നിന്നാണ് വിജയലക്ഷ്മി മത്സരിക്കുന്നത്. ഹരിപ്പാട്ട് പ്രവൃത്തിക്കുന്ന കസ്തൂര്‍ബ നഴ്‌സിംഗ് കോളേജിന്റെ ഡയറക്ടറാണ് വിജയലക്ഷ്മി.
വിശ്വനാഥന്‍ സാമൂഹ്യ പ്രവര്‍ത്തകനും ബിജെപി ഹരിപ്പാട് നിയോജകമണ്ഡലം സെക്രട്ടറിയുമാണ്.
















