പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലേക്ക് കുടിവെള്ളം കൊണ്ടുവരുന്നതിനുവേണ്ടി ജപ്പാന്റെ സഹായത്തോടെ തുടങ്ങിയ 80 കോടി രൂപയുടെ കുടിവെള്ള പദ്ധതിയില്‍ നടന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പരിസ്ഥിതിസമിതി മുഖ്യമന്ത്രിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി അയച്ചു. പയ്യന്നൂരില്‍ നിന്നും അമ്പത് കിലോമീറ്ററോളം അകലെയുള്ള ചപ്പാരപ്പടവ് പുഴയില്‍ നിന്നും വെള്ളം കൊണ്ടുവന്ന് നഗരസഭയിലെ ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയതാണ് പദ്ധതി. എന്നാല്‍ ജലലഭ്യത ഉറപ്പാക്കാതെ നഗരസഭാ പരിധിയില്‍ ആയിരക്കണക്കിന് പൈപ്പുകള്‍ കുഴിച്ചിടുകയായിരുന്നു. ജലസ്രോതസ്സ് പദ്ധതിയില്‍ കാണിച്ചിരുന്നുവെങ്കിലും ജലലഭ്യത ഉറപ്പുവരുത്താതെയാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ്.
ചപ്പാരപ്പടവില്‍ നിന്നും വെള്ളംകൊണ്ടുവന്ന് സ്റ്റോര്‍ ചെയ്യുന്നതിനുവേണ്ടി കോറോം കുന്നുകളില്‍ ഏകദേശം രണ്ടേക്കറോളം സ്ഥലത്ത് പണിത കൂറ്റന്‍ വാട്ടര്‍ ടാങ്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം നിറച്ചിരുന്നു. വെള്ളം നിറഞ്ഞ നിറഞ്ഞ ടാങ്ക് പൊട്ടാനും ലീക്കാവാനും തുടങ്ങുകയും പൈപ്പുവഴി വെള്ളം ഒലിച്ച് നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയുമാണ്. വലിയ മതിലുകെട്ടി തിരിച്ച ഈ പറമ്പില്‍ ആയിരക്കണക്കിന് ചെറുതും വലുതുമായ പൈപ്പുകള്‍ കൂട്ടിയിട്ട് ദ്രവിച്ച് തുരുമ്പെടുത്ത് നശിക്കുകയാണ്. ഈ പറമ്പുതന്നെ കാട് കയറിമൂടുകയും സാമൂഹ്യദ്രോഹികള്‍ ഇവിടെ പണിത ഓഫീസും സെക്യൂരിറ്റി മുറിയും തല്ലിപ്പൊളിക്കുകയും പൈപ്പുകള്‍ ഇളക്കിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
വിജനമായ സ്ഥലത്ത് 4 കോടിയോളം രൂപ മുടക്കി പണിത ടാങ്കും പൈപ്പുകളും സംരക്ഷിക്കാന്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡിനെപ്പോലും നിയമിച്ചിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ പദ്ധതിയെക്കുറിച്ചാരാഞ്ഞത് വിവാദമാകുമെന്ന വന്നപ്പോള്‍ ഇല്ലാത്ത ഒരു പദ്ധതിയുടെ പേരില്‍ പെരുമ്പയില്‍ നിന്നും കവ്വായിലേക്ക് പട്ടണത്തിലേക്ക് റോഡ് നെടുനീളത്തില്‍ കീറി പൈപ്പ് ഇടുകയും ചെയ്തു. മഴയെത്തുന്നതിനുമുമ്പ് തികച്ചും അശാസ്ത്രീയമായരീതിയില്‍ ഉണ്ടാക്കിയ പൈപ്പ് കുഴി ഉണ്ടാക്കിയ ബുദ്ധിമുട്ടില്‍നിന്നും പട്ടണം ഇതുവരെ മോചിതമായിട്ടില്ല.
ഇതിലൂടെ കവ്വായിക്കാര്ക്ക് എവിടെനിന്നാണ് വെള്ളംകൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത് എന്ന് വാട്ടര്‍ അതോറിറ്റി അധികൃതരോട് ആരാഞ്ഞപ്പോള്‍ തളിപ്പറമ്പിനടുത്തുള്ള പഴശ്ശി പട്ടുവം പദ്ധതിയില്‍ നിന്നുമെടുക്കുമെന്നായിരുന്നു മറുപടി. ഇത് തികച്ചും ആദ്യത്തെ പദ്ധതിക്ക് വിരുദ്ധമാണ്. രണ്ടും ജപ്പാന് സഹായമാണെങ്കിലും പദ്ധതി വ്യത്യസ്തമാണ്. മാത്രമല്ല, നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ തന്നെ ഹൈവേയും റെയില്‍വെ ട്രാക്കും തുറന്ന് കവ്വായിലേക്ക് വെള്ളമെത്തിക്കുക എന്നത് ശ്രമകരവുമാണ്. തെരഞ്ഞെടുപ്പ് വരുന്നതിന് മുമ്പ് നടത്തിയ ഈ കുഴിമാന്തല് പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ട്. കോറോത്തുനിന്നും എട്ട് കിലോമീറ്റര്‍ അടുത്തായി മീന്‍കുഴി അണക്കെട്ടില്‍ ഏതു വേനലിലും വറ്റാത്ത സമൃദ്ധമായ ശുദ്ധജലശേഖരം ഉണ്ടെന്നിരിക്കെയാണ് അതിന്റെ സാധ്യതകള്‍ പഠിക്കാതെ വളരെ ദൂരെയുള്ള ചപ്പാരപ്പടവിലേക്ക് പോയത്. ഇതിന്റെ പിന്നില്‍ ഭൂമി ഏറ്റെടുക്കല്‍ സംബന്ധമായ പ്രത്യേക ആഗ്രഹം ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന് വെള്ളൂര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: