കൊണ്ടോട്ടി: ക്രമക്കേട് കണ്ടെത്തിയ പുതുക്കിയ വോട്ടര്‍ പട്ടിക തന്നെ നിലവില്‍ വരുത്താന്‍ മലപ്പുറം കൊണ്ടോട്ടി നഗരസഭയില്‍ മുസ്ലീം ലീഗ് നടത്തിയ നീക്കം പാളി. തെരഞ്ഞെടുപ്പ് കമ്മീഷന് നിയമാനുസൃതമല്ലാത്ത വോട്ടര്‍ പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീഗിന്റെ ഉന്നത നേതാക്കള്‍ വരെ ഇടപ്പെട്ട് കളക്ടറെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പഴയ വോട്ടര്‍ പട്ടിക പ്രകാരം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് നടപ്പാക്കാനാണ് തീരുമാനം.
മലപ്പുറത്തെ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് കൊണ്ടോട്ടി നഗരസഭയിലെ വോട്ടര്‍ പട്ടികയെ ചൊല്ലി മുസ്ലീം ലീഗും മറ്റു പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് കളക്ടര്‍ ടി.ഭാസ്ക്കരന്‍ ഇരു കൂട്ടരുമായി ചര്‍ച്ച നടത്തി.
സ്ഥാനാര്‍ത്ഥികളെ വരെ തീരുമാനിച്ചതിന് ശേഷം ഒരു മാനദണ്ഡവും പാലിക്കാതെ കൊണ്ടു വന്ന പുതിയ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തിയിരുന്നത്. ഇതിന്റെ പേരില്‍ പഞ്ചായത്ത് സെക്രട്ടറിയേയും അസിസ്റ്റന്റ് സെക്രട്ടറിയേയും സസ്പെന്‍ഡ് ചെയ്തതുമാണ്. എന്നാല്‍ ഇതേ വോട്ടര്‍ പട്ടിക നടപ്പില്‍ വരുത്തണമെന്ന് ലീഗ് ശഠിക്കുകയായിരുന്നു. എന്നാല്‍ മുസ്ലീം ലീഗ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി എല്ലാ വാര്‍ഡുകളും തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമമായിരുന്നുവെന്ന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ കളക്ടറോട് ധരിപ്പിച്ചു. പുതുക്കിയ പട്ടിക പ്രകാരം സ്ഥാനാര്‍ത്ഥികളുടെ വാര്‍ഡുകള്‍ വരെ മാറിയിട്ടുണ്ട്. കോണ്ഡ്രസിന്റെ ഫെറോന ബീഗം 10 വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണെങ്കിലും ലിസ്റ്റില്‍ ഒമ്പതാം വാര്‍ഡിലാണ്.
നിയമാനുസൃതമല്ലാത്ത പട്ടിക ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ആദ്യമെ ഉത്തരവിട്ടെങ്കിലും മലപ്പുറം കളക്ടര്‍ തീരുമാനമെടുക്കാതെ ലീഗിനെ സഹായിക്കുകയായിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പും തെരഞ്ഞെടുപ്പിന് അഞ്ചു ദിവസം മാത്രം ശേഷിക്കെ തെറ്റു തിരുത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് പഴയ വോട്ടര്‍ പട്ടിക പ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നത്.
പഴയ ലിസ്റ്റില്‍ ഇപ്രാവശ്യം തെരഞ്ഞെടുപ്പ് നടത്താന്‍ മുസ്ലീം ലീഗിനുള്ള വിമുഖതയാണ് ചോദ്യം ചെയ്യുപ്പെടുന്നത്. കൊണ്ടോട്ടിയില്‍ ലീഗിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസ് ആണെന്നതും ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: