തിരുവന്തപുരം: കനത്തമഴ നഗരസഭ പട്ടം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി രമ്യാ രമേശിനെയും അമ്മയെയും പെരുവഴിയിലാക്കി. രാത്രിയില്‍ പുറമ്പോക്ക് ഭൂമിയിലെ സ്വന്തം വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണിത്. ഒരു വശത്ത് പൊതുറോഡ്. മറുവശത്ത് മലിനജലം ഒഴുകുന്ന തോട്. ഇടയില്‍ ആറടിവീതിയിലെ തുണ്ട് ഭൂമിയിലാണ് രമ്യയുടെ വീട്. രമ്യയുടെ ദുരിതാവസ്ഥ കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട്്് ചെയ്തിരുന്നു.
വീട്ടുവേലചെയ്ത് അമ്മയ്ക്ക് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബം. ശ്രീചിത്രാപുവര്‍ ഹോമില്‍ അഭയം തേടിയ ബാല്യം. ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ഭാവി ചോദ്യചിഹ്നം. ഇതെല്ലാമാണ് രമ്യാ രമേശ്.
കോസ്മോപോളിറ്റന്‍ ആശുപത്രിക്കു സമീപത്തു കൂടി കടന്നുപോകുന്ന കേദാരം റോഡിന് അരികിലുള്ള പുറമ്പോക്കു ഭൂമിയിലാണ് രമ്യ ജനിച്ചത്. റോഡിനും തോടിനും ഇടയില്‍ കഷ്ടിച്ച് ആറടി വീതിയില്‍ പുറമ്പോക്കിലെ കുടില്‍. കുട്ടിക്കാലം മുതല്‍ കഷ്ടപ്പാടും ദുരിതവും എന്തെന്ന് അറിഞ്ഞും അനുഭവിച്ചുമാണ് വളര്‍ന്നത്. രമ്യക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അച്ഛന് രമേശ് മരിച്ചു. ഒരു വയസ്സ് ഇളയവനാണ് അനുജന് രതീഷ്. അമ്മ വീടുകളില്‍ വീട്ടുജോലി ചെയ്താണ് പഠിപ്പിച്ചത്.
ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ കുമാരപുരം സ്കൂളില്‍. വീട്ടിലെ ദാരിദ്ര്യവും ബുദ്ധിമുട്ടും കാരണം ശ്രീചിത്രാ പുവര്‍ഹോമില്‍ അഭയം തേടി. ഹൈസ്കൂള്‍ പഠനം ഫോര്‍ട്ട് ഹൈസ്കൂളിലും പ്ലസ്ടു കമലേശ്വരം സ്കൂളിലുമായി പൂര്‍ത്തിയാക്കി. രാഷ്ട്രഭാഷയായ ഹിന്ദിയോടുള്ള അതിയായ താല്പര്യംമൂലം ഡിഗ്രി വിഷയം ഹിന്ദി ആയിരുന്നു. ബിഎയും എംഎയും യൂണിവേഴ്സിറ്റി കോളേജിലും ബിഎഡ് നെടുമങ്ങാട് മഞ്ച കോളേജിലും. മിക്കവാറും മഴ സമയത്ത് വീട്ടില്‍ വെള്ളം കയറുകയും പുസ്തകങ്ങളും മറ്റും നഷ്ടപ്പെടുകയും ചെയ്തു. അധ്യാപകര്‍ പഠനോപകരണങ്ങളും സാമ്പത്തികവും നല്കി സഹായിച്ചു.
മഴക്കാലത്ത് കുടിലില്‍ വെള്ളം കയറുമ്പോള്‍ രമ്യയും അമ്മയും സഹോദരനുമൊക്കെ വീട്ടുസാധനങ്ങള്‍ എടുത്ത് വഴിയരുകില്‍ വച്ച് നില്‍ക്കുന്നത്് നാട്ടുകാര്ക്ക്്് സ്ഥിരം കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: