തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഉത്സാവന്തരീക്ഷത്തിലായിരുന്നു. സാധാരണ പ്രധാന ജംഗ്ക്ഷനുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കലാശക്കൊട്ട് ഇക്കുറി ചെറുതും വലുതുമായ എല്ലാ കവലകളിലും നടന്നു എന്നത് ശ്രദ്ധേയമാണ്. ചിലര്‍ റോഡ് ഷോയില്‍ ശ്രദ്ധചെലുത്തിയപ്പോള്‍ മറ്റുള്ളവര്‍ വാര്‍ഡുകളുടെ മുക്കുംമൂലയും കയറി വോട്ടര്‍മാരെ അരിച്ചുപെറുക്കുകയായിരുന്നു. ചെണ്ടമേളവും ബാന്റുമേളവുമൊക്കെ കൊട്ടിക്കലാശത്തില്‍ നിരന്നപ്പോള്‍ ഗ്രാമങ്ങളിലെല്ലാം ഉത്സവലഹരിയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ പ്രധാന കൊട്ടിക്കലാശ വേദിയായ പേരൂര്‍ക്കടയില്‍ ഇക്കുറിയും വലിയ ആഘോഷത്തോടെ പ്രവര്‍ത്തകര്‍ കൊട്ടിപ്പാടി.
കൊട്ടിക്കലാശം കൂടി കഴിഞ്ഞതോടെ പതിവിനു വിപരീതമായി മുന്നണി നേതാക്കളുടെയും അണികളുടെയും ചര്‍ച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനമായിരുന്നു. ബിജെപിയുടെ കടന്നുകയറ്റത്തില്‍ ഇരുകൂട്ടരുടെയും നേതാക്കള്‍ അങ്കലാപ്പിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ കൊട്ടിക്കലാശം വരെ മുന്‍പന്തിയില്‍ തന്നെയായിരുന്നു ബിജെപി. ഒന്നാംഘട്ടത്തില്‍ പ്രചാരണം നടത്തി ബിജെപി കളംവിടും എന്നായിരുന്നു ഇടതു വലതു നേതാക്കള്‍ അണികളെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്.
മുന്നണികള്‍ സാധാരണ തെരഞ്ഞെടുപ്പിനു മുമ്പ് സാധ്യതാ വോട്ടുകളുടെ എണ്ണം കണക്കാക്കി തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ വിജയപ്പട്ടിക പുറത്തിറക്കി ആവേശംകൊള്ളാറാണ് പതിവ്. സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടാവുന്ന വോട്ടുകളുടെ വ്യക്തമായ കണക്ക് മുന്നണികള്‍ കൃത്യമായി നിര്വചിക്കാറുണ്ടായിരുന്നു. ബിജെപിയുടെ ചിട്ടയായ പ്രചാരണമൂലം മുന്നണികളുടെ നടപടിക്രമങ്ങളെല്ലാം തകിടം മറഞ്ഞു. സിപിഎം എല്ലാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ബുദ്ധിജീവികളെക്കൊണ്ട് നടത്താറുള്ള സര്‍വ്വെ ഇക്കുറി നടത്താനായില്ല. വോട്ടര്‍മാരുടെ മനസ്സ് വായിച്ചെടുക്കാന്‍ സിപിഎം ബുദ്ധിജീവികള്ക്കാകുന്നില്ല. ഇത് ഇന്നലെ നടന്ന കലാശക്കൊട്ടിലും പ്രതിഫലിച്ചു. സിപിഎം പ്രചാരണവാഹനത്തിലെല്ലാം ആര്‍എസ്എസിനെ കൂറ്റപ്പെടുത്തിയുള്ള അനൗണ്സ്മെന്റുകളായിരുന്നു. കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തേണ്ടെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്ന് വ്യക്തം.
ഇടത് വലത് മുന്നണികളില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ചേരിതിരിവില്‍ നിരവധി വിമതന്മാരാണ് ജന്മംകൊണ്ടത്. പാര്‍ട്ടി വോട്ടുകള്‍ക്ക് വിള്ളല്‍ വീഴ്ത്തുന്ന ഇത്തരം വിമതസംഘങ്ങളുടെ വോട്ടുശേഖരണവും ശക്തമാണ്. ഇടതു വലതു മുന്നണികളുടെ കെടുകാര്യസ്ഥതയും വിമതന്മാരുടെയും സ്വതന്ത്രന്മാരുടെയും ശക്തമായ വോട്ടുശേഖരണവും ഒത്തുചേര്‍ന്നപ്പോള്‍ നിരവധി വാര്‍ഡുകളാണ് ബിജെപിക്ക് വിജയപ്രതീക്ഷ നല്‍കുന്നത്.
തിരുവനന്തപുരം നഗരത്തില്‍ വന്‍മുന്നേറ്റത്തിലാണ് ബിജെപി. മുന്നണികളുടെ പരമ്പരാഗത കോട്ടകള്‍ ഇക്കുറി തകരും. എസ്എന്‍ഡിപി, വിഎസ്ഡിപി എന്നിവയുടെ നിലപാടുകള്‍ ജില്ലയിലെ ഗ്രാമങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഗ്രാമങ്ങളിലും മാറ്റത്തിന്റെ തുലാവര്‍ഷം ചൊരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: