കണ്ണൂര്‍: ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ച സംസ്ഥാനത്ത് ഇന്നും നിലനില്‍ക്കുന്നത് വികസന മുരടിപ്പാണെന്ന് കണ്ണൂര്‍ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ഇതിനൊരു അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവന്നിട്ടുള്ളത്. വികസനത്തിന്റെ രാഷ്ട്രീയം എന്ന മുദ്രാവാക്യമാണ് ബിജെപി ഈ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. വികസനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് കേരളം എത്രാം സ്ഥാനത്താണെന്ന് ജനങ്ങള്‍ പരിശോധിക്കണം. വികസനത്തിന്റെ പേരില്‍ വോട്ടുചോദിക്കാന്‍ ഇടത് വലത് മുന്നണികള്‍ക്ക് കഴിയില്ല. അതിനാല്‍ പരസ്പരം പഴിചാരലുകളില്‍ ഒതുക്കുകയാണ് ഇവര്‍. മുസ്ലീം ഭിന്നതയ്ക്കും വര്ഗ്ഗീയതക്കുമാണ് ഇവര്‍ ശ്രമിക്കുന്നത്. 23 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. രാജ്യവ്യപകമായി ഗോവധം നിരോധിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചതിന് സിപിഎം ബീഫ് ഫെസ്റ്റ് നടത്തുന്നത് കേരളത്തിലാണ്. കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ ആയിരക്കണക്കിന് ദളിതര്‍ കൊല്ലപ്പെട്ടു. കണ്ണൂരില്‍ ഒരാഴ്ച മുന്‍പ് ദളിത് യുവാവിനെ കോണ്‍ഗ്രസുകാര്‍ തല്ലിക്കൊന്നപ്പോള്‍ ആരും പ്രതികരിച്ചില്ല. ദാദ്രി വിഷയത്തില്‍ എഎപി പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തിട്ടും വേട്ടയാടുന്നത് ബിജെപിയെയാണ്. ദളിത് വിഷയത്തില്‍ ഇരുകൂട്ടര്‍ക്കും ഇരട്ടത്താപ്പ് നയമാണെന്നും കെ.രഞ്ജിത്ത് പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ ചിഹ്നത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഏക പാര്‍ട്ടിയാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചരണങ്ങളുടെ അവസാന ദിവസമായ ഇന്നലെ ജില്ലയിലെ ബിജെപി, കോണ്‍ഗ്രസ്, സിപിഎം ജില്ലാ നേതൃത്വത്തെ പങ്കെടുപ്പിച്ചുകൊണ്ടാണ് കണ്ണൂര്‍ പ്രസ്ക്ലബ്ബ് മുഖാമുഖം സംഘടിപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.സുരേന്ദ്രന് എന്നിരാണ് കെ.രഞ്ജിത്തിനൊപ്പം മുഖാമുഖത്തില്‍ പങ്കെടുത്തത്. സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ പരസ്പരം പഴിചാരലുകളില്‍ ഒതുക്കി. അധികാര വികേന്ദ്രീകരണം ഫലപ്രദമായി കേരളത്തില്‍ നടപ്പാക്കിയത് എല്‍ഡിഎഫ് ആണെന്ന് പി.ജയരാജന് പറഞ്ഞു. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കൃത്യമായി പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നടന്നിരുന്നു. സംസ്ഥാന ഫണ്ടിന്റെ 33 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കണം. എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്തതാകട്ടെ 23 ശതമാനത്തില്‍ താഴെ മാത്രം. ഇതില്‍ത്തന്നെ 60 ശതമാനം മാത്രമേ വിനിയോഗിച്ചിട്ടുളളു. തദ്ദേശ വകുപ്പ് മൂന്നു മന്ത്രിമാര്‍ക്ക് വീതം വെച്ചിരിക്കുകയാണ്. കുടുംബശ്രീയെ തകര്‍ക്കാന്‍ ജനശ്രീയുമായി കോണ്‍ഗ്രസ് മുന്‍പോട്ടു വന്നുവെന്നും പി.ജയരാജന് കുറ്റപ്പെടുത്തി. ഗ്രാമസ്വരാജ്, പഞ്ചായത്തിരാജുകള് കൊണ്ടുവന്നപ്പോള്‍ അതിശക്തമായി എതിര്‍ത്തവരാണ് സിപിഎം എന്ന് കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി. സിപിഎം കണ്ണൂരില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത് അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. അതിനു തെളിവാണ് കാരായിമാര്‍ മത്സരിക്കുന്നത്. വടിവാളും ബോംബും നായ്ക്കുരണപൊടിയുമായി എത്തി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് കണ്ണൂരില്‍ സിപിഎമ്മിന്റേതെന്നും കെ.സുരേന്ദ്രന് പറഞ്ഞു. പല സ്ഥലങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു എന്ന് ബിജെപി അദ്ധ്യക്ഷന്‍ കെ.രഞ്ജിത്ത് പറഞ്ഞു. പ്രവര്‍ത്തകരുള്ള മുഴുവന്‍ സ്ഥലത്തും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാപമുണ്ടാകുന്ന സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രതിചേര്‍ക്കുമെന്ന എസ്പിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. എന്‍പിസി രഞ്ജിത്ത് സ്വാഗതവും സിവി സാജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: