പാനൂര്‍: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പ്രചരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞു. ഇനി നിശബ്ദ പ്രചരണം. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വോട്ടര്‍മാരെ അവസാനവട്ടം കണ്ട് വോട്ടഭ്യര്‍ത്ഥനയുമായി സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഓട്ടപ്രദക്ഷിണത്തിലാണ്. നിയന്ത്രണവിധേയമായി അനുവദിക്കപ്പെട്ട കൊട്ടിക്കലാശത്തിന് പലസ്ഥലങ്ങളിലും ആവേശം കുറവായിരുന്നു. കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി, തലശ്ശേരി തുടങ്ങിയ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കലാശക്കൊട്ടു നടത്തി. ബാന്റ്മേളങ്ങളും ആര്‍പ്പുവിളികളുമായി പതാകകള്‍ വാനിലുയര്‍ത്തി പാരഡിഗാനങ്ങളുടെ ഈരടിയില്‍ പ്രവര്‍ത്തകര്‍ നൃത്തമാടി. ബിജെപി, എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പ്രവര്‍ത്തകരാണ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി കരുത്തറിയിച്ച് പ്രകടനം നടത്തിയത്.
ഇനിയുളള മണിക്കൂറുകള്‍ നിശബ്ദമായി അവസാനവട്ട വോട്ടുപിടുത്തമാണെന്ന തിരിച്ചറിവ് പല നഗരങ്ങളെയും വിജനമാക്കി. ഇരുമുന്നണികള്‍ക്കുമെതിരെ ഒറ്റയാള്‍പ്പട നയിക്കുന്ന ബിജെപിക്കെതിരെ ഇവിടെ അവിശുദ്ധ കൂട്ടുകെട്ടുമുയര്ന്നിട്ടുണ്ട്. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്എസ്എഫ് തുടങ്ങിയ സംഘടനകള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളുമായി കൂട്ടുചേര്‍ന്നതും ജില്ലയില്‍ കാണാം. പല വാര്‍ഡുകളിലും വെച്ചുമാറ്റങ്ങളും നടക്കുന്നുണ്ട്. ഒരു വാര്‍ഡില്‍ സഹകരിച്ചാല്‍ മറ്റേവാര്ഡില് സമാനസഹകരണം നടത്താന്‍ രഹസ്യ നീക്കവും ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ കടുത്ത മത്സരത്തിന് തയ്യാറായ ബിജെപിയും മറ്റ് കക്ഷികളും തമ്മിലുള്ള ഈ തദ്ദേശതിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യവുമുണ്ട്. എല്ലാം കണ്ടറിഞ്ഞ വോട്ടര്‍മാര്‍ നാളെ രാവിലെ വിധിയെഴുതുമ്പോള്‍ ആത്മവിശ്വാസം തെല്ലും ചോരാതെ ബിജെപി സാരഥികള്‍ ചരിത്രരചനയ്ക്ക് ചുവടുറപ്പിച്ച് തെരഞ്ഞെടുപ്പ് ഗോദയില്‍ നില്ക്കുന്നകാഴ്ചയാണ് കണ്ണൂരില്‍ കാണുന്നത്.
കന്നി നഗരസഭയില്‍ മത്സരത്തിനിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇന്നലെ പാനൂര്‍ ടൗണില്‍ കലാശക്കൊട്ടില്‍ അണിചേര്‍ന്നു. പഴയ വില്ലേജ്ഓഫീസ് പരിസരത്തു നിന്നും സ്ഥാനാര്‍ത്ഥികളെ ആനയിച്ച് നഗരപ്രദക്ഷിണം നടത്തി. ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ കുങ്കുമഹരിത പതാകയുമായി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം അണിനിരന്നു. ബിജെപി ജില്ലാവൈസ് പ്രസിഡണ്ട് പി.സത്യപ്രകാശ്, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സിപി.സംഗീത, ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക്ക് പ്രമുഖ് കെ.പ്രകാശന്, രാജേഷ് കൊച്ചിയങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് യുപി സ്കൂള്‍ പരിസരത്ത് നടന്ന സമ്മേളനം പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് വത്സന് എലാങ്കോട് അധ്യക്ഷത വഹിച്ചു. രാജേഷ് കൊച്ചിയങ്ങാടി പ്രസംഗിച്ചു.
ഇരിട്ടിയില്‍ നടന്ന കൊട്ടിക്കലാശത്തിന് ജില്ലാ വൈസ് പ്രസിഡന്റ് വി.വി.ചന്ദ്രന്, മണ്ഡലം പ്രസിഡന്റ് പി.കൃഷ്ണന്, നേതാക്കളായ രാമദാസ് ഇടക്കാനം, എം.സുരേഷ് ബാബു, സജിത്ത് കീഴൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കീഴൂരില്‍ നിന്നും പ്രകടനമായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഇരിട്ടി പട്ടണം വലംവെച്ചു. ഡിവൈഎസ് പി.പി.സുകുമാരന്റെ നേതൃത്വത്തില്‍ കനത്ത പോലീസ് സംഘത്തെ പട്ടണത്തില്‍ മുഴുവന്‍ വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: