നാട്ടുഭാഷ വിചിത്രമായി സംസാരിച്ച്, നാട്ടുകാരില്‍ നിന്നു തികച്ചും വ്യത്യസ്തമായ വേഷം ധരിച്ച്, അന്യനാട്ടിന്ചേരുവകളില് തീര്‍ത്ത ഭക്ഷണം കഴിക്കുന്നുവെങ്കിലും മലയാളി മലയാളിയായിത്തന്നെയാണ് തിരിച്ചറിയപ്പെടുന്നത്. ഭാരതീയനെന്നതിനേക്കാള് കേരളീയനെന്ന മുദ്രയാണവര്ക്ക് കിട്ടുന്നത് മറ്റു സ്ഥലങ്ങളില്‍. ശരിയായിരിക്കാം, ആഗോള മാനവനും ദേശീയ പുരുഷനുമെല്ലാം പ്രാദേശികമായ തിരിച്ചറിയലിന് വിധേയമാകുകയോ അങ്ങനെ അറിയാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നതാണ് കാലം. സമൂഹത്തില്‍ ചേരുന്നതിനേക്കാള്‍ സ്വന്തം വ്യക്തിത്വം ഉയര്ത്തിപ്പിടിക്കുന്നതാണിന്നത്തെ ശീലം. ഈ നവംബര്‍ ഒന്നിന് കേരളം അറുപതിലേക്കു കടക്കുമ്പോള്‍ നമ്മള് ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു, മാറിക്കൊണ്ടിരിക്കുന്നു. അറുപതിലെത്തുന്നതിന്റെ പിറുപിറുപ്പക്കലെന്നു കരുതിയാലും പിഴവില്ല.
അറുപത് തികയുമ്പോള്‍ തറവാട്ടില്‍ ആഘോഷമാണ് ആളുകളുടെ കാര്യത്തില്‍. ചിലര്‍ സ്വത്തു ഭാഗം വച്ച് ഓഹരി വീതിച്ച് വില്‍പത്രമെഴുതുന്ന പതിവുമുണ്ടായിരുന്നു. കേരളം അറുപതിലെത്തുമ്പോള്‍ അങ്ങനെയൊരു ഓഹരി വീതംവെക്കലിന് മുറവിളി ഉയരുന്നുവെന്നത് ചെറിയ കാര്യമല്ല. കേരളം രണ്ടാകണോ മൂന്നാകണോ എന്നതാണിപ്പോള്‍ ചില കോണുകളില്‍ നിന്നെങ്കിലും ഉയരുന്ന ചര്‍ച്ച; രണ്ടാകണമെന്ന കാര്യത്തില്‍ ചര്‍ച്ചയ്ക്കപ്പുറം പ്രമേയങ്ങള്‍ പോലും വന്നുകഴിഞ്ഞു. ഇടയ്ക്ക് ആവേശത്തോടെ ചര്‍ച്ച ചെയ്ത ആ വിഷയം ഇനി കൂടുതല്‍ ശക്തിയോടെ ഉയരാന്‍ പോകുന്നുവെന്നാണ് ലക്ഷണങ്ങള്‍ കാണിക്കുന്നത്. എന്തിനും ഏതിനും കൂട്ടായ്മകള്‍ കൂടുകയും കൂട്ടവിളിയുയര്ത്തുകയും മറ്റും ചെയ്യുന്നവര്‍ക്ക് പക്ഷേ, കേരളം ഒന്നായി നില്‍ക്കണമെന്ന കാര്യത്തില്‍ ഒരു കൂട്ടുമില്ല. കാരണം, ഏതു തലത്തിലായാലും വിഘടിപ്പിക്കല്‍, ദീര്‍ഘനാളത്തെ വൈദേശികാധിനിവേശം കൊണ്ടായിരിക്കണം, നമ്മുടെ ശീലമായിരിക്കുന്നു. അത് ഏതെല്ലാം തലത്തിലെന്നു പരിശോധിച്ചാല്‍ അമ്പരന്നുപോകും. അത്രയ്ക്കുണ്ട്. എല്ലാം പരിശോധിക്കുകയും എളുപ്പമല്ല.
പക്ഷേ വ്യക്തിയെയും വ്യക്തിത്വത്തെയും തിരിച്ചറിയുന്ന മൂന്നു കാര്യങ്ങള്‍ നോക്കാം. ഭാഷ, വേഷം, ഭക്ഷണം- ഈ മേഖലകളില്‍ മലയാളി എങ്ങനെയെല്ലാം മാറി! അത് ഗുണമോ ദോഷമോ എന്നതല്ല വിഷയം. അതും തര്‍ക്ക വിഷയമാണ്. അവരവര്‍ നിശ്ചയിക്കുന്നതാണ് ഗുണദോഷങ്ങള്‍ എന്നതാണ് നില. അപരന്നു സുഖമോ എന്നത് അനാവശ്യ ചിന്തയായി മാറിക്കഴിഞ്ഞിരിക്കുന്നു. അവനവനാനന്ദം കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങളേ നോക്കേണ്ടൂ. പക്ഷേ, പ്രവൃത്തിയില്‍ അങ്ങനെയായാലും പ്രസംഗിക്കുമ്പോള്‍ ആപ്തവാക്യങ്ങള്‍ ഇടയ്ക്കിടെയെടുത്തു പെരുമാറണം. അതാണ് ചട്ടം. നാവു വളയ്ക്കാന്‍ എളുപ്പമാണല്ലോ.
സമ്പൂര്‍ണ നഗ്നതാപ്രദര്‍ശനം മാത്രമാണ് ശിക്ഷാര്‍ഹമായ കുറ്റം. അതിന്റെ പരമാവധി അതിര്ത്തിവരെയെത്തിയെങ്കില് പോലും ചോദ്യം ചെയ്താല്‍ രണ്ടുപക്ഷമുണ്ടാകും. പക്ഷേ, വേഷം മലയാളിക്ക് എന്തായിരുന്നു, എന്താണിന്ന്? മാറുമറയ്ക്കാനവകാശമില്ലാതിരുന്ന, സ്ത്രീകളുടെ ദുരിതദുരന്ത ദയനീയ കാലത്തേക്കു മടങ്ങണമെന്നല്ല വാദം. പക്ഷേ, മലയാളിത്തത്തിന്റെ രീതികളില്‍നിന്ന് എത്രയെത്ര അകന്നു വേഷം എന്നാലോചിക്കുക! പുളിയിലക്കരമുണ്ട്, മുല്ലപ്പൂവ്, പട്ടുപാവാട, ദാവണിപ്പുടവ, ചട്ടയും മുണ്ടും, കാച്ചിത്തുണി, പെങ്കുപ്പായം, തട്ടം, സെറ്റുമുണ്ട്, കസവുമുണ്ട്, മേല്‍മുണ്ട് ഇവയെല്ലാം ഇന്ന് ആഘോഷവേളകളിലെ ആഡംബരമായി മാറി. ഓണത്തിനും തിരുവാതിരയ്ക്കും കേരളപ്പിറവിക്കും ഉടുക്കാനറിയാതെ വാരിച്ചുറ്റിപ്പോകുന്ന കസവുസാരിക്കാരുടെകൂട്ടം ഇക്കാലത്തൊരു കൗതുകക്കാഴ്ചയാണ്. മലയാളിയെ മുണ്ടുടുക്കാന്‍ പഠിപ്പിക്കുന്നത് വിഷമമായതിനാലാവണം ഒട്ടിച്ചോ ഉടുത്തോ എന്ന് പരസ്യം പറയിക്കുന്ന കമ്പനികള്‍ക്ക് നല്ലകാലം. (പോക്കറ്റില്ലെന്ന പരിഭവവും വേണ്ട.)
നമ്മുടെ വേഷം, അതിന്റെ രീതി, അളവ്, നിറം, ഗുണം എല്ലാമെല്ലാം ഇന്ന് മുംബൈയിലെയും ഗുജറാത്തിലെയും വസ്ത്രവ്യാപാര കമ്പനികള്‍ തീരുമാനിക്കുന്നു. മലയാളികളെല്ലാം മുണ്ടും സെറ്റുമുടുത്ത് നടക്കണമെന്ന വസ്ത്രമൗലികവാദമല്ല പറഞ്ഞു വരുന്നത്, മൗലികമായ വസ്ത്രധാരണ സമ്പ്രദായം അറുപതുവര്ഷത്തിനിടക്ക് അകന്നകന്നേ പോയില്ലേ എന്ന് നോക്കുകയായിരുന്നു.
ശാസ്ത്രലോകത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍ വസ്ത്രങ്ങളിലൂടെ, നൂറിലേറെ രാസപദാര്‍ത്ഥങ്ങള്‍ നമ്മുടെ ശരീരത്തില്‍ കയറുന്നുവെന്നും അവ വിഷകാരികളാണെന്നുമാണ്. അതെ,നമ്മുടെ ഉടുതുണിയിലും വിഷം കലര്‍ന്നിരിക്കുന്നു. ശരിയാണ്, നാടന്‍ കൈത്തറിവസ്ത്രം കല്ലില്‍ തിരുമ്മിയലക്കി, നീലം മുക്കി, കഞ്ഞിപിഴിഞ്ഞ് ചിരട്ടക്കരി നിറച്ച തേപ്പുപെട്ടികൊണ്ട് ഇസ്തിരിയിട്ട് ധരിക്കുന്ന കാലം കഴിഞ്ഞു. അതൊന്നും ചെയ്തുതരാനും ആളെ കിട്ടാത്ത കാലമായി. പക്ഷേ മാസത്തിലൊരിക്കലെങ്കിലും കൈത്തറി വസ്ത്രം ധരിക്കണമെന്ന്, സര്‍ക്കാരിന് നിര്‍ദ്ദേശിക്കുകയല്ലാതെ നിര്‍ബന്ധിക്കാനാവില്ലല്ലോ.
വസ്ത്രധാരണം ആധുനികകാലത്ത് നവമൗലികാവകാശമായതിനാല് അലക്കുകയേ വേണ്ടാത്ത വസ്ത്രങ്ങളിലാണ് പലര്‍ക്കും കമ്പം. (ചില ജീന്‍സ് കമ്പനികളുടെ പരസ്യവും അങ്ങനെയാണ്) സൗകര്യം നോക്കുമ്പോള്‍ അത്തരം വസ്ത്രങ്ങളാണ് ശരിയെന്നു വാദിക്കാന്‍ പ്രത്യേകിച്ച് മൗലികവാദമൊന്നും വേണ്ട. എന്നാല്‍ വസ്ത്രധാരണത്തിലും മതവും വിശ്വാസവും ആധിപത്യം നേടുന്ന കാലമാണിന്ന് എന്നത് മറ്റൊരു ചിന്താവിഷയം. പണ്ടുപണ്ട് അപൂര്‍വമായി കാണുമായിരുന്ന ബുര്‍ഖയുടെ സ്ഥാനം ഇന്ന് പര്‍ദ്ദ കൈയടക്കിയിരിക്കുന്നു, വ്യാപകമായി. ധരിക്കുന്ന രീതിയില്‍, ഡിസൈനില്‍, നിറത്തില്‍ എല്ലാമെല്ലാം വസ്ത്രധാരിയുടെ മതവും വിശ്വാസവും തിരിച്ചറിയുവാന്‍ എളുപ്പമാകുന്നു; മലയാളിയെ തിരിച്ചറിയാന്‍ വിഷമമാണെങ്കിലും. ഒരേ സമയം മനസ്സിനു പുറത്തെ വളര്‍ച്ചയും അകത്തെ ചുരുങ്ങലും പ്രകടമാകുന്ന വേഷം കെട്ടലുകള്‍.
വേഷത്തിലെ ഈ പകര്‍ച്ചയേക്കാള്‍ പലമടങ്ങു വേഗതയിലാണ് ഭക്ഷണശീലത്തിലെ മാറ്റം സംഭവിച്ചത്. കഞ്ഞിയും പയറും കഴിച്ച് കാലം പോക്കണമെന്നല്ല, താളും തകരയും പിണ്ടിയും വാഴച്ചുണ്ടും മാത്രം കറിവെക്കണമെന്നല്ല. പക്ഷേ, അറേബ്യന്‍ ഭക്ഷണവും അയല്‍ സംസ്ഥാന വിഭവങ്ങളും ആഘോഷവേളകളിലല്ല, ദൈനംദിന തീന്മേശയിലേക്ക് കയറിക്കൂടിയിരിക്കുന്നു. പുട്ടും കടലയും അപ്രത്യക്ഷമായി പൊറോട്ടയും ബീഫും മലയാളിയുടെ ഭക്ഷണമുദ്രയായി മാറുന്നു. സദ്യകള്‍ ബിരിയാണിക്ക് വഴിമാറുന്നു. വേവിച്ച ചോറിനെ ഫ്രൈഡ് റൈസ് തീന്മേശയില്നിന്ന് തള്ളിയിടുന്നു. പ്രാതലും അത്താഴവും ബ്രേക്ഫാസ്റ്റും ഡിന്നറുമാകുമ്പോള് വിഭവങ്ങളിലെ മെനു കുഴിമന്തിയും ഷവര്മ്മയുമാകുന്നു.
അസാധാരണമായ ആഘോഷങ്ങളിലെ വിഭവമായിരുന്ന പായസം ഇന്ന് ആര്ഭാടമല്ലാതായി. എങ്കിലും, ഓണക്കച്ചവടക്കാലത്ത് പാലട പ്രഥമന്‍ മാര്‍ക്കറ്റ് കുലുക്കുന്നു; സാംസ്കാരിക വാണിജ്യതന്ത്രത്തിന് നന്ദി പറയണം!! ഭക്ഷണമാറ്റത്തിനൊപ്പം ആരോഗ്യത്തിലെ ആകാംക്ഷകള്‍ കൂടി വന്നെന്നത് സത്യം. പക്ഷേ ജൈവകൃഷിയെക്കുറിച്ച് സെമിനാര്‍ നടത്തുകയും ബീഫ് വിതരണ ഉത്സവം നടത്തുകയും ചെയ്യുന്നത് മലയാളിയുടെ വൈരുദ്ധ്യമെന്ന വിചിത്ര ശീലമായി തുടരുന്നു. മാംസാഹാരം കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് അതും പ്രചരിപ്പിക്കുന്നില്ല. പൊണ്ണത്തടിക്ക് ചികിത്സിക്കാന്‍, അര്‍ശോരോഗത്തിന് മരുന്നുവാങ്ങാന്‍ നിരനില്ക്കുന്നവരും പുറത്തിറങ്ങിയാല്‍ ആദ്യം കാണുന്ന മക് ഡൊണാള്‍ഡിലും കെഎഫ്സിയിലും ചിക്കിങ്ങിലും കയറി മൂക്കറ്റം തട്ടുന്നു.
കുടിവെള്ളം പണം കൊടുത്തു വാങ്ങുന്നത് അന്തസ്സിന്റെ അടയാളമായി കരുതുന്ന, നദികളുടെ നാട്ടുകാരില്‍ പലര്‍ക്കും, ‘കുപ്പിയിലെ (നിറമുള്ള) വെള്ളം’ കിട്ടാതെ ഉറങ്ങാനാവില്ലെന്നു വരുന്നു. അതിനവര്‍ മണിക്കൂറുകള്‍ സമാധാനപൂര്‍വം നിര നില്ക്കാന് തയ്യാര്‍. പൊറോട്ട, ബൊറോട്ട, കേരള പറാത്ത എന്നിങ്ങനെ പലേടങ്ങളില്‍ അറിയപ്പെടുന്ന വിഭവം
നിരോധിക്കുന്നതിനെക്കുറിച്ചായിരുന്നു ഏതാണ്ട് ഒരു വര്‍ഷം നീണ്ട ചര്‍ച്ച. എന്നാലും മുറിച്ച മുടി ഇരട്ടി ശക്തിയില്‍ വളരുംപോലെ, അത് കൂടുതല്‍ കരുത്തോടെ ഭക്ഷണശാലകളില്‍ വ്യാപകമായി. തീന്മേശപ്പുറത്ത് ഒരു ജീവിയുടെ മാംസമില്ലെങ്കില് ആഹാരമിറങ്ങില്ലെന്ന ശീലം വ്യാപകമാവുകയാണ്. ഇതുകണ്ടാല്‍, മലയാളിയുടെ ഉള്ളില്‍ ഒരു ‘ടാര്സന് കോംപ്ലക്സ്’ ഉണ്ടെന്നു തോന്നിപ്പോകും. ടാര്സന് അവന് കീഴടക്കിയ ഇരയുടെ മുകളില്‍ കാല്‍വെച്ച് കാടു വിറയ്ക്കും മട്ടില്‍ അലറുന്ന സ്വഭാവമുണ്ടെന്ന് കുട്ടിക്കാലത്തെങ്ങോ ചിത്രകഥയില്‍ വായിച്ചത് ഓര്‍മ്മിച്ചു പോകുന്നു. വളര്‍ത്തു മൃഗങ്ങളില്‍ ഒന്നിനെ കശാപ്പുചെയ്ത് അതിന്റെ ജഡം ആഘോഷത്തോടെ വിഴുങ്ങുന്നത് മലയാളി നവശീലമാക്കി മാറ്റിക്കഴിഞ്ഞിരിക്കുകയാണ്. ജൈവകൃഷി വിപ്ലവ ഘോഷണം ഒരു വഴിക്കു നടക്കുമ്പോഴും ചേനയും ചേമ്പും കൂര്‍ക്കയും നനകിഴങ്ങും നാടന്‍ കപ്പയും മറ്റും മറ്റും മലയാളി മറന്നേ പോവുകയാണ്. അല്ല, ഒന്നുചോദിച്ചോട്ടെ, നിങ്ങള്‍ കൊഴുപ്പച്ചീര (കുപ്പച്ചീര) തോരന്‍ വെച്ച് കൂട്ടിയിട്ട് എത്ര നാളായിട്ടുണ്ടാവും?
ഭാഷയെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ പേടിക്കേണ്ട സ്ഥിതിയായി, ഭാഷാടിസ്ഥാനത്തില്‍ നമ്മുടെ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ എന്തായിരുന്നു ഭാഷയുടെ മാനദണ്ഡം? തമിഴല്ലാത്തതും കന്നഡ അല്ലാത്തതും മലയാളം എന്നായിരുന്നു. അങ്ങനെയായിരുന്നു നമ്മുടെ നാട്ടിന്റെ എലുകകള്‍ (അതിര്‍ത്തി) നിശ്ചയിച്ചത്. ഇന്ന് നമുക്കുള്ളത് മലയാളം അല്ല, മലയാളങ്ങളാണ്. അതിന് മതവും ജാതിയും വര്‍ഗ്ഗവും വര്‍ണ്ണവുമൊക്കെ അടിസ്ഥാനമാണ്. ഏതാണു ശരിയായ മലയാളമെന്ന് തര്‍ക്കമില്ലാതെ നിര്‍ണ്ണയിക്കുക വയ്യ, ‘പ്രതിപാത്രം ഭാഷണ ഭേദം’ എന്ന പോലെ പ്രതിജനം ഭാഷണഭേദങ്ങളായി. മറ്റെല്ലാം ശരി, മലയാളം ശ്രേഷ്ഠഭാഷയെന്നു സമ്മതിച്ചുകിട്ടിയാല്‍ മാത്രം മതിയെന്നുവന്നാല് പിന്നെ എല്ലാമായി. ഒടുവില്‍ ശ്രേഷ്ഠമായിട്ട് എന്തു നേട്ടമുണ്ടായി. ഈ നവംബര്‍ ആദ്യവാരം മലയാളവാരം ആഘോഷിക്കുമ്പോള്‍ ഒരു കണക്കെടുപ്പു നല്ലതാണ്, മലയാളം എവിടെയെത്തിയെന്ന്. ഭാഷയുടെ പേരില്‍ രൂപപ്പെടുത്തിയ സംസ്ഥാനത്തിനെ രണ്ടാക്കാന്‍ മതവും ഭാഷയും വികസനവും സംസ്കാരവും മാനദണ്ഡമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ പോലും അണിയറയില്‍ നടക്കുന്നുണ്ട്.
ഭാഷയ്ക്ക് മലബാര്‍ മലയാളവും തിരുവിതാംകൂര്‍ മലയാളവും എന്നു ചിലര്‍ വകഭേദം ചമയ്ക്കുന്നു, വ്യാകരണവും ശൈലിയും ചേര്‍ക്കുന്നു. ഐതിഹ്യ കഥയിലൂടെ, കേരളം വീണ്ടെടുത്തത് പരശുരാമനെന്നു കേട്ടു പഠിച്ചവരെ ‘മഴുരാമ’നും ‘ഭൃഗുരാമ’നും എന്നു തിരുത്തുന്നു, വേര്‍തിരിക്കുന്നു. (മഹത്വവല്ക്കരണത്തിനെ സാധാരണവല്‍ക്കരണം കൊണ്ടു നേരിടുമ്പോള്‍ തോല്പ്പിക്കപ്പെടുന്നത് സംസ്കാരംകൂടിയാണെന്നൊരു ഭാഗമുണ്ട്. ഭൃഗുവിന് മലഞ്ചെരിവെന്നൊരു അര്ത്ഥവുമുള്ളപ്പോള് മഴുവിനെ ആയുധമായി മാത്രം തിരിച്ചറിയുന്നതിലേക്ക് ചുരുക്കുന്നതിനെ ഭാഷാ ശാസ്ത്രത്തില്‍ വിനാമ പ്രക്രിയയെന്നു പറയും. മഴുരാമ വാദക്കാര്‍ക്ക് അത് അറിയാത്തതുമല്ല)
പൊതുഭാഷ മലയാളിക്ക് ഇല്ലാതാവുകയാണോ. മലയാള സര്‍വകലാശാലയ്ക്ക് കോപ്പുകൂട്ടാന്‍ തിടുക്കം കാട്ടിയപ്പോള്‍, ഉറുദു സര്‍വകലാശാലയ്ക്ക് തറക്കല്ലിടാന്‍ ധൃതിപിടിച്ചപ്പോള്‍, ഒന്നാം ക്ലാസുമുതല്‍ മലയാളം പാഠ്യവിഷയമാക്കുമെന്നു പറഞ്ഞത് നമ്മള് മറന്നേപോയി. മലയാളത്തിന്, മലയാളപഠനത്തിന് ഏറെ സഹായകമായ സംസ്കൃതത്തിന് പോഷണം തീരെ ഇല്ലെന്നായി. പാഠപുസ്തകങ്ങളില്‍ മലയാള ഭാഷയുടെ ചരിത്രത്തിലേക്കും ശാസ്ത്രത്തിലേക്കും വഴി തുറക്കുന്ന പാഠഭാഗങ്ങള്‍ ഇല്ലാതായി. എന്നാല്‍, ഭാഷാ സംരക്ഷണത്തിന് പരമാവധി എണ്ണം സെമിനാറുകള്‍ നടത്തുന്നു, ലേഖന പരമ്പരകള്‍ എഴുതുന്നു, പ്രകടനം നടത്തുന്നു, പ്രസ്താവനകള്‍ ഇറക്കുന്നു.
സംസാരത്തിനൊട്ടേറെ ഭാഷാഭേദം .
ഒരേ ഭാഷയില്‍ എഴുതാന്‍ പല ലിപി, ടെലിവിഷനില്‍ അനേകം വേറിട്ടൊരു സംസാര ഭാഷ, സോഷ്യല്‍ മീഡിയകളില്‍ നവീന വിചിത്ര ഭാഷ. ‘തോലന്’ എന്ന പണ്ഡിത കവി കണ്ടെത്തിയ ഭാഷയ്ക്കപ്പുറം, പുതിയകണ്ടെത്തലെന്നു പുകഴ്ത്തപ്പെടുന്ന എസ്എംഎസ് ഭാഷാ സങ്കേതവും വളര്‍ന്നിട്ടില്ലെന്നതാണ് വാസ്തവം. പക്ഷേ, ‘പനസി ദശായാം പാശി’: ചക്കി പത്തായത്തില് കയറി, എന്നു പറഞ്ഞപ്പോള്‍ അതില്‍ കാവ്യഭംഗിയും സാഹിത്യവും ആലോചനാമൃതത്വവും വ്യാകരണവുമുണ്ടായിരുന്നു. എസ്എംഎസിന് അതില്ല. അതു വ്യാകരണത്തിന്റെ കഴുത്തു ഞെരുക്കി ഭാഷയെ ശ്വാസം മുട്ടിച്ചുകൊല്ലലാണ്. ലിപിയുടെ അപനിര്‍മ്മാണമാണ്. ഇന്ന് ഭാഷയെ ‘മംഗ്ലീഷാ’യും (മലയാളവും ഇംഗ്ലീഷും) ‘മന്ദി’ (മലയാളവും ഹിന്ദിയും) യായും മാറ്റുമ്പോള്‍ മലയാള സാഹിത്യം വഴിമുട്ടി നില്ക്കുന്ന ആധുനികോത്തരതയ്ക്കും അപ്പുറം ഭാഷ മുന്നോട്ടു പോകുന്നുവെന്നാണ് ചിലരുടെ അവകാശവാദം. പക്ഷേ, അത് വാസ്തവമോ?
ആഘോഷം, വിനോദം, വിശ്വാസം എന്നുവേണ്ട എല്ലാ രംഗത്തും അന്യനാടുകളെ അനുകരിക്കുമ്പോള്‍ നാം സ്വന്തം സംസ്കാരത്തില്‍നിന്ന് അകന്നകന്നേ പോകുന്നു, അതാണ് അറുപതു വര്‍ഷത്തെ വളര്‍ച്ച. പരിചയപ്പെടേണ്ട അകലത്തെ കലകള്‍ പരിശ്രമിച്ച് പരിശീലിക്കുകയും പരിപോഷിപ്പിക്കേണ്ട തനതു കലകള്‍ക്ക് പിണ്ഡം വെക്കുകയും ചെയ്യുന്ന പരിഷ്കാര പ്രകൃതം. സോപാന സംഗീതം, കഥകളി, കൂത്ത്, കൂടിയാട്ടം, മാര്‍ഗ്ഗം കളി, ചവിട്ടു നാടകം എല്ലാം പിന്നാമ്പുറത്തേക്ക്. റോക് സംഗീതവും ജൂഗല്‍ബന്ദിയും മുഷാഹ്രിയും ഗസല്‍ മേളയും ഫാഷന്‍ പരേഡും കലയുടെ പുതിയ കോലങ്ങളായി അവതരിപ്പിക്കപ്പെടുന്നു, ആസൂത്രിതമായിത്തന്നെ.
ഭാഷയിലും വേഷത്തിനും ഭക്ഷണത്തിലും മാത്രമല്ല, മലയാളി എല്ലാ രംഗത്തും ആകെ മാറിപ്പോയിക്കഴിഞ്ഞിരിക്കുന്നു, മലയാളനാടും. ‘കേരളം വരുന്നൂ പശ്ചിമ ഘട്ടങ്ങളെ കേറിയും കടന്നുചെന്ന് അന്യമാം രാജ്യങ്ങളില്‍’ എന്ന് ആറു പതിറ്റാണ്ടോളം കവിത പാടി നടന്ന മഹാകവി പാലാ നാരായണന് നായരുടെ കവിതക്കാലത്തുനിന്ന് ‘നരന് ക്രമാല്തന്റെ ശവം ചവുട്ടിപ്പോകുന്നൊരിപ്പോക്കുയരത്തിലേക്കോ’ എന്ന് കവി നാലപ്പാടനോടൊപ്പം നിന്ന് ചോദിക്കാന്‍ സമയമം കഴിഞ്ഞിരിക്കുന്നു.
എന്നാല്‍ പ്രതീക്ഷകളുണ്ട്. അറുപതില്‍ വഴിമാറിച്ചിന്തിക്കുന്നത് നല്ലതുതന്നെയാണ്. തദ്ദേശങ്ങള്‍ക്ക് ഭരണാവകാശം പുതുക്കി നിര്‍ണ്ണയിക്കുന്ന വേളയില്‍ പുതിയ പ്രത്യാശയ്ക്ക് വകയുണ്ട്, അഞ്ചുവര്‍ഷത്തേക്കുള്ള അജണ്ടകള്‍ നിശ്ചയിക്കുന്ന പുതുമനസ്സുകള്ക്ക് സന്മനസ്സുണ്ടായാല് അതു പുതിയ മാറ്റങ്ങള്‍ക്കുള്ള സാധ്യതയാണല്ലോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: