ഭാരതത്തിലുള്ളവര്‍ സംസ്കൃത ഭാഷയെ തിരസ്കരിക്കുകയും അതിനുനേരെ മുഖം തിരിച്ചുനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംസ്കൃതത്തില്‍ മറ്റൊരു സിനിമകൂടി പിറവികൊള്ളുന്നു.ഡോ.ജി.പ്രഭയുടെ ആദ്യ സിനിമാ സംരംഭമായ ഇഷ്ടിഃ സംസാരിക്കുക സംസ്കൃതത്തിലായിരിക്കും. 1940 കാലഘട്ടത്തില്‍ നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന മാമൂലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നമ്പൂതിരി സമുദായത്തില്‍ സ്ത്രീകള്‍ നേരിട്ടിരുന്ന അടിച്ചമര്‍ത്തലും നിരക്ഷരതയും ബഹുഭാര്യാത്വവും ഇതിനെതിരെയുള്ള ഒരു കൗമാരപ്രായക്കാരിയുടെ ചെറുത്തുനില്‍പ്പുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.ആത്മാന്വേഷണം എന്നാണ് ഇഷ്ടിഃ എന്ന വാക്കിന്റെ അര്‍ത്ഥം.
ഈ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ നടത്തുന്നതും ആത്മാന്വേഷണമാണ്. 71 വയസ്സുള്ള വേദപണ്ഡിതന് രാമവിക്രമന്‍ നമ്പൂതിരിയുടെ ഭാര്യയായി 17 വയസ്സുള്ള, അക്ഷരാഭ്യാസം നേടിയ പെണ്‍കുട്ടി (ശ്രീദേവി) കടന്നുവരുന്നതോടെ ആ ഇല്ലത്ത് സംഭവിക്കുന്ന പരിവര്‍ത്തനമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ക്ക് ശ്രീദേവിയുടെ ചിന്താഗതികള്‍ ഉള്‍ക്കൊള്ളാനാവുന്നില്ല. എന്നാല്‍ രാമവിക്രമന്‍ നമ്പൂതിരിയുടെ മൂത്ത മകന് രാമന് നമ്പൂതിരി പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും അതില്‍ വിജയിക്കുന്നില്ല. എങ്കിലും കാലത്തിന് സംഭവിക്കുന്ന മാറ്റം അയാള്‍ അറിയുകയും സമുദായത്തില്‍ നിലനില്‍ക്കുന്ന മാമൂലുകള്ക്കെതിരാവുകയും ചെയ്യുന്നു. വിദ്യാഭ്യാസം സമുദായത്തില്‍ വരുത്തുന്ന മാറ്റത്തെ അംഗീകരിക്കാന്‍ വിമുഖതകാട്ടുന്ന, യാഥാസ്ഥിതികനായ രാമവിക്രമന്‍ നമ്പൂതിരിയാണ് ഇഷ്ടിഃയിലെ കേന്ദ്രകഥാപാത്രം. നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന യാഥാസ്ഥിതിക മനോഭാവത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്മാര്‍ത്ത വിചാരത്തിന് വിധേയയാവേണ്ടിവരുന്ന സാഹചര്യത്തില്‍ അതിന് നിന്നുകൊടുക്കാതെ ധൈര്യപൂര്‍വം ഇല്ലം വിട്ടിറങ്ങുന്ന ശ്രീദേവിയെ ആ കാലഘട്ടത്തിലെ പെണ്‍കരുത്തിന്റെ പ്രതീകമായിട്ടാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സോമയാഗം അനുഷ്ഠിക്കുകയും ആ യാഗശാലയില്‍ നിന്നുള്ള അഗ്നി ഇല്ലത്തുകൊണ്ടുവന്ന് കെടാതെ സൂക്ഷിക്കുകയും ആ അഗ്നികൊണ്ട് സ്വന്തം ചിത കൊളുത്തണമെന്നും ആഗ്രഹിക്കുന്ന രാമവിക്രമന്‍ നമ്പൂതിരിയുടെ കഥയ്ക്കൊപ്പം ശക്തമായ സാമൂഹിക വിഷയം കൂടി സംവിധായകന് ഇഷ്ടിഃയിലൂടെ പറയുന്നു. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും സംസ്കൃതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ.ജി.പ്രഭ തന്നെയാണ്.
രാമവിക്രമന്‍ നമ്പൂതിരിയായി നെടുമുടി വേണു അഭിനയിക്കുന്നു. പുതുമുഖം ആതിരാ പട്ടേലാണ് ശ്രീദേവിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാമന് നമ്പൂതിരിയായി അനൂപ് കൃഷ്ണനെത്തുന്നു. ജിജോയ് പി.ആര്, ലക്ഷ്മി ഗോപകുമാര്‍, മോഹിനി വിനയന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കവി അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി ഒരു ചിത്രത്തിനുവേണ്ടി ആദ്യമായി ഗാനങ്ങള്‍ എഴുതുന്നു എന്ന പ്രത്യേകതയും ഇഷ്ടിഃയ്ക്കുണ്ട്. കവി മധുസൂദനന് നായരും ഈ സിനിമയ്ക്കുവേണ്ടി ഗാനരചന നടത്തിയിട്ടുണ്ട്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് സംസ്കൃത ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ക്രിയേറ്റീവ് ക്രിയേഷന്‍സ് നിര്‍മിക്കുന്ന ഇഷ്ടിഃയുടെ ചിത്രീകരണം പിറവം പാഴൂരിനടുത്തുള്ള പടുതോള്‍ മനയില്‍ ആരംഭിച്ചു.
എല്‍ദോ ഐസക് ഛായാഗ്രാഹണവും രൂപേഷ് കലാസംവിധാനവും പ്രവീഷ് നിശ്ചലഛായാഗ്രഹണവും ഏബ്രഹാംലിങ്കണ്‍ വാര്‍ത്താവിതരണവും നിര്‍വഹിക്കുന്നു. പട്ടണം റഷീദ്ചമയവും ഇന്ദ്രന്‍സ് ജയന് വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. അസോസിയേറ്റ് ഡയറക്ടര്‍പി. എസ്. ചന്തു. സംസ്കൃതത്തില്‍ ഒരു ചിത്രമെടുക്കണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് ഇഷ്ടിഃ സംവിധാനം ചെയ്യുന്നതെന്നും ഡോ.ജി.പ്രഭ പറയുന്നു. സിനിമയെന്നത് ഒരു മാധ്യമമാണെന്നും അതിന് ഭാഷ ഒരു തടസ്സമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ചെന്നൈ ലയോളെ കോളേജിലെ ഓറിയെന്റല്‍ ഭാഷാ വിഭാഗം മേധാവിയായിരുന്നു ഡോ.ജി. പ്രഭ. മഹാകവി അക്കിത്തത്തെക്കുറിച്ചും പാഞ്ഞാള്‍ അതിരാത്രത്തെക്കുറിച്ചും ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. ആദിശങ്കരാചാര്യ, ഭഗവദ്ഗീത, മുദ്രരാക്ഷസം, മനീഷ്കെ മോക്ഷഗുണ്ഠം, പ്രിയമാനസം എന്നിവയാണ് ഭാരതത്തില്‍ നിര്‍മിച്ചിരിക്കുന്ന സംസ്കൃത സിനിമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: