തിരുവനന്തപുരം: ജില്ലയില്‍ ഏറ്റവുമധികം വിമതരുള്ള മണ്ഡലമെന്ന ഖ്യാതി സ്പീക്കര്‍ എന്‍. ശക്തന്റെ തട്ടകമായ കാട്ടാക്കടയ്ക്ക് സ്വന്തം. കാട്ടാക്കട നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതര്‍ അങ്കം കുറിച്ചിട്ടുണ്ട്. ഇഷ്ടക്കാരെ സ്ഥാനാര്‍ഥിയാക്കാന്‍ സ്പീക്കര്‍ അണിയറയില്‍ ചരടുവലി നടത്തിയപ്പോള്‍ പരമ്പരാഗത പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമത വേഷം കെട്ടി അരങ്ങിലെത്തുകയായിരുന്നു. ഐ ഗ്രൂപ്പില്‍ നിന്നു മറുകണ്ടം ചാടിയ ശക്തന് കാട്ടാക്കട മണ്ഡലത്തില്‍ എ ഗ്രൂപ്പിന് ശക്തി വര്‍ധിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടലായി മാറുകയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയ്ക്ക് ശക്തന്റെ തട്ടകത്തിലെ ഒരു വാര്‍ഡില്‍ പോലും ലീഡ് ചെയ്യാന്‍ സാധിച്ചില്ല. ഐ ഗ്രൂപ്പുകാരിയായ ബിന്ദു കൃഷ്ണയ്ക്ക് ശക്തന് ‘എട്ടിന്റെ’ പണി കൊടുത്തുവെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആക്ഷേപം. തുടര്‍ച്ചയായി മൂന്നു തവണ ശക്തന് വെന്നിക്കൊടി പാറിച്ച മണ്ഡലത്തില്‍ ഒരിടത്തും ബിന്ദു ഒന്നാം സ്ഥാനത്തെത്തിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിലെ ചേരിപ്പോര് സര്‍വ്വ സീമകളും ലഘിച്ച് പുറത്തുവന്നു.
വിമതരായി രംഗത്തു വന്നവരില്‍ ഏറെയും ഐ ഗ്രൂപ്പ് പ്രതിനിധികളാണെന്നത് ശ്രദ്ധേയമാണ്. പള്ളിച്ചല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍, കാട്ടാക്കട തുടങ്ങി ആറു പഞ്ചായത്തുകളിലായി മുപ്പതോളം വിമതരാണ് കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥികളെ തറപറ്റിക്കാന്‍ മത്സരക്കളത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇവരില്‍ പലരും സിറ്റിംഗ് മെമ്പര്‍മാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: