തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വലതു മുന്നണികള്‍ പരസ്പര സഹായസഖ്യമായി പ്രവര്‍ത്തിച്ച് കേരള രാഷ്ട്രീയത്തില്‍ നാണംകെട്ട ചരിത്രം കുറിച്ച മണ്ഡലമാണ് നേമം.
ബിജെപിയുടെ പൊതുസമ്മതനായ നേതാവ് ഒ. രാജഗോപാലിനെ പരാജയപ്പെടുത്താനായിരുന്നു അന്ന് യുഡിഎഫ് ഇടതു സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിക്കു വേണ്ടി വോട്ടു കച്ചവടം നടത്തിയത്. ശിവന്‍കുട്ടി എംഎല്‍എ ആയതോടെ നേമത്ത് ചുവപ്പ് മങ്ങുകയായിരുന്നു. വിചിത്ര സഖ്യത്തെ തുടക്കം മുതല്‍ എതിര്‍ത്ത സിപിഎം പ്രാദേശിക ഘടകം എംഎല്‍എയുടെ കണ്ണിലെ കരടായി. പുറത്ത് ജനങ്ങളോട് കാണിക്കുന്ന അതേ ഗുണ്ടായിസം പാര്‍ട്ടിക്കകത്തും തുടര്‍ന്നതോടെ എംഎല്‍എ നാട്ടുകാര്‍ക്കെന്ന പോലെ പാര്‍ട്ടിക്കാര്‍ക്കും അനഭിമതനായി. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം കൂടി കഴിഞ്ഞപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവരുകയായിരുന്നു.
നേമം മണ്ഡലത്തിലെ ജനങ്ങള്‍ നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ എംഎല്‍എയ്ക്ക് ഇന്നും സാധിച്ചിട്ടില്ല. തൃക്കണ്ണാപുരത്തെ പമ്പ്ഹൗസില്‍ നിന്നു വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടും യാതൊരു നടപടിയും എംഎല്‍എയുടെ ഭാഗത്തു നിന്നുണ്ടായില്ല. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്ര സന്നിധിയിലെ ബലിക്കടവ് നവീകരണവും ത്രിവേണി സംഗമ സ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനവും ആണ്ടുതോറും കര്‍ക്കിടക വാവുദിന പ്രഖ്യാപനം മാത്രമായി.
പൂജപ്പുര നൃത്താലയം ആശുപത്രിയുടെ ബഹുനില മന്ദിര നിര്‍മ്മാണം പൂര്‍ത്തിയായിട്ട് മൂന്നു വര്‍ഷം പിന്നിടുന്നു. ഇത് നാട്ടുകാര്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിക്കുന്നില്ല. ബിജെപി ഇവിടെ പ്രക്ഷോഭം സംഘടിപ്പിച്ചപ്പോഴാണ് യഥാര്‍ത്ഥ വസ്തുതയുടെ ചുരുളഴിഞ്ഞത്. ഇടതുപക്ഷം ഭരിക്കുന്ന കോര്പ്പറേഷന് ഇടത് എംഎല്‍എയുടെ മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന് റ്റി സി നല്കിയല്ലത്രെ. റ്റി സി കിട്ടാത്തതിനാല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് വൈദ്യുതീകരണത്തിനുള്ള അനുമതി നിഷേധിച്ചു. അങ്ങനെയാണ് ആശുപത്രി മന്ദിരം ഉദ്ഘാടനം ചെയ്യാനാവാതെ അടച്ചിട്ടിരിക്കുന്നത്. മേയറും എംഎല്‍എയും തമ്മിലുള്ള കലഹമാണ് റ്റിസി നല്‍കാത്തതിനു കാരണമെന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം രഹസ്യമായി സമ്മതിക്കുന്നു.
നേമം മണ്ഡലത്തിലെ 21 വാര്‍ഡുകളിലും സ്ഥാനാര്‍ഥി നിര്‍ണ്ണയം ശിവന്‍കുട്ടിയും പ്രാദേശിക ഘടകങ്ങളുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. മേലാങ്കോട് വാര്‍ഡില്‍ ശിവന്‍കുട്ടി തന്റെ വിശ്വസ്തനായ മുന്‍ കൗണ്‍സിലര്‍ ഗോപകുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. ആദ്യഘട്ട പ്രചാരണവും ചുവരെഴുത്തും പൂര്‍ത്തിയായപ്പോഴാണ് പ്രാദേശിക ഘടകം ലോക്കല്‍ കമ്മിറ്റിയംഗം ഷാജിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എംഎല്‍എ ഒരു ഭാഗത്തും പ്രാദേശിക നേതൃത്വം മറുഭാഗത്തും നിന്നു പോരു തുടങ്ങി. ഇതോടെ രണ്ടു പേരെയും ഒഴിവാക്കി ഇവിടെ കടകംപള്ളി സുരേന്ദ്രന് തന്റെ വിശ്വസ്തനും ഏര്യാകമ്മിറ്റി അംഗവുമായ ആര്. പ്രദീപിനെ സ്ഥാനാര്‍ഥിയാക്കി. അതോടെ ഈ മേഖലയില്‍ പര്‍ട്ടിക്കുള്ളില്‍ അസംതൃപ്തരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലറായിരുന്ന കൃഷ്ണന്‍കുട്ടിയെ കമലേശ്വരത്ത് സ്ഥാനാര്‍ഥിയാക്കാനായിരുന്നു പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി തീരുമാനം. പ്രചാരണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ശിവന്‍കുട്ടി ഇടപെട്ട് അമ്പലത്തറയിലെ യുഡിഎഫ് കൗണ്‍സിലറായിരുന്ന മുജീബ് റഹ്മാനെ ഇവിടെ സിപിഎം സ്ഥാനര്‍ഥിയാക്കിയത്. ഇങ്ങനെ നേമം മണ്ഡലത്തില്‍ എംഎല്‍എ വിരുദ്ധ വികാരം ആളിപ്പടരുകയാണ്.
നിയമസഭയ്ക്കുള്ളില്‍ നടത്തിയ പേക്കൂത്തുകളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഫഌക്സ് ബോര്‍ഡുകള്‍ മണ്ഡലത്തില്‍ നിരത്തിയത് പ്രാദേശിക ഘടകം അറിയാതെ എംഎല്‍എ നേരിട്ടായിരുന്നു. നിയമസഭയ്ക്കുള്ളില്‍ കാട്ടികൂട്ടിയ അശ്ലീല ദൃശ്യങ്ങള്‍ മണ്ഡലത്തില്‍ പ്രദര്‍ശിപ്പിച്ച് പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അപഹാസ്യമാക്കിയെന്ന ആക്ഷേപമാണ് പ്രാദേശിക നേതൃത്വത്തിനുള്ളത്. വികസന വിഷയങ്ങളിലോ പ്രാദേശിക പ്രശ്നങ്ങളിലോ അഭിപ്രായം പറയാന്‍ മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കളെ എംഎല്‍എ അനുവദിക്കാറില്ലെന്നും ആരോപണമുണ്ട്. പരാതികള്‍ എംഎല്‍എയോട് പറയാന്‍ നാട്ടുകാര്‍ക്കും ഭയമാണത്രെ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ബിജെപി ഒരു വാര്‍ഡിലാണ് വിജയിച്ചത്. ആ വാര്‍ഡില്‍ വികസനത്തിന്റെ പെരുമഴക്കാലം സൃഷ്ടിച്ച് അവര്‍ മണ്ഡലത്തിനു തന്നെ മാതൃകയായി. അതുകൊണ്ടു തന്നെ നേമം മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വാര്‍ഡുകളും ബിജെപിയുടെ അക്കൗണ്ടില്‍ ചേരുമെന്ന് ഇരുമുന്നണികളും ഉറപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: