കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലേക്ക് മത്സരിക്കുന്ന സിപിഎമ്മിന്റെ പ്രമുഖ നേതാവിനെതിരെ നഗരത്തില്‍ പരക്കെ ലഖുലേഖ വിതരണം. ഇന്നലെ രാവിലെയാണ് ലഖുലേഖ നഗരത്തിലും മാധ്യമ ഓഫിസുകളിലും വിതരണം ചെയ്ത നിലയില്‍ കണ്ടത്. നേതാവിന്റെ പേരെടുത്ത് പറഞ്ഞിരിക്കുന്ന ലഖുലേഖയില്‍ വിതരണം ചെയ്തത് ആരെന്ന് രേഖപ്പെടുത്തിയിട്ടില്ല. നേതാവ് മുമ്പ് നടത്തിയിട്ടുള്ള അഴിമതികള്‍ അക്കമിട്ട് ലഖുലേഖയില്‍ നിരത്തിയിട്ടുണ്ട്. ഉത്തരം കിട്ടേണ്ട പത്ത് ചോദ്യങ്ങള്‍ എന്നാണ് ലഖുലേഖയുടെ തലക്കെട്ട്.
മെഡിക്കല്‍ കോളേജില്‍ സീറ്റിനായി 50 ലക്ഷം രൂപ കോഴ നല്കിയവര് പാര്‍ട്ടിയില്‍ എത്രപേരുണ്ട്, സ്ഥാനാര്‍ത്ഥിയായ നേതാവിന് നേരെ ജില്ലാ നേതൃത്വം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറുണ്ടോ, ഇടതുപക്ഷ ഭരണകാലത്ത് നേതാവിന്റെ വീട്ടില്‍ അര്‍ദ്ധരാത്രി വാതില്‍ ചവിട്ടിപ്പൊളിച്ച് കയറിയവര്‍ എത്രരൂപയും സ്വര്‍ണാഭരണങ്ങളും കൊണ്ടുപോയി. തുടങ്ങിയ 10 ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതുമുതല്‍ കാഞ്ഞങ്ങാട്ടെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന അതൃപ്തിയും വിഭാഗീയതയുമാണ് ലഖുലേഖയായി പുറത്തുവന്നിരിക്കുന്നത്. വ്യക്ത്യാധിഷ്ടിതമായ വണ്‍മാന്‍ഷോ വാര്‍ത്തകള്‍ പെയ്ഡ് വാര്‍ത്തകളായി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് പാര്‍ട്ടി പറഞ്ഞിട്ടാണോ എന്നും ചോദിക്കുന്നു. സിപിഎം മത്സരിക്കുന്ന വാര്‍ഡുകളില്‍ ചിലവാക്കിയ തുകയുടെ ഉറവിടവും ലഖുലേഖ വിതരണം ചെയ്ത വിമതര്‍ ചോദിക്കുന്നു. ഒരു വാര്‍ഡില്‍ നിന്നും അടിച്ചോടിച്ച നേതാവിനെ ഞങ്ങള്‍ക്കാവശ്യമില്ല എന്ന മുന്നറിയിപ്പോടെയാണ് ലഖുലേഖ അവസാനിക്കുന്നത്. തെരഞ്ഞെടുപ്പിന് രണ്ടുദിവസം ബാക്കിനില്‍ക്കെ സ്ഥാനാര്‍ത്ഥിയുടെ വിശുദ്ധിയെ ചോദ്യം ചെയ്ത് വിമതവിഭാഗം വിതരണം ചെയ്ത ലഖുലേഖ പാര്‍ട്ടിയിലും പ്രവര്‍ത്തകര്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: