കണ്ണൂര്‍: പരിശീലനം പൂര്‍ത്തിയാക്കിയ കെഎപി നാലാം ബറ്റാലിയനിലെ 275 പൊലീസുകാരും എംഎസ്പി ബറ്റാലിയനിലെ 101 പൊലീസുകാരും കെഎപി അഞ്ചാം ബറ്റാലിയനിലെ 91 പൊലീസുകാരും ഉള്‍പ്പെടെ 467 പൊലീസുകാരുടെ പാസിങ്ങ് ഔട്ട് പരേഡ് മാങ്ങാട്ട്പറമ്പ് കെഎപി നാലാംബറ്റാലിയന്‍ ആസ്ഥാനത്ത് നടന്നു.
ചടങ്ങില്‍ ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിച്ചു. കേരള പൊലീസ് ചീഫ് ടി.പി.സെന്‍കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആംഡ് പൊലീസ് ബറ്റാലിയന് ഋഷിരാജ് സിങ്ങ്, ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ്ശ്രീകുമാര്, എംഎസ്പി കമാണ്ടന്റ് ഉമ, കെഎപി 4 കമാണ്ടന്റ് കെ.പി.ഫിലിപ്പ്, കെഎപി 5 കമാണ്ടന്റ് രതീഷ് കൃഷ്ണന് തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ സ്വീകരിച്ചു.
ട്രെയിനിങ്ങ് പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച സേനാംഗങ്ങള്‍ക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ട്രോഫികള്‍ നല്കി. ഡ്രൈവിങ്ങ്, നീന്തല്‍, നൂതന കമ്പ്യൂട്ടര്‍ പരിജ്ഞാനം, ആയുധ പരിശീലനം, മറ്റ് വിഷയങ്ങളെക്കുറിച്ചുളള പരിശീലനം, എഴുത്തു പരീക്ഷ എന്നിവ വിജയകരമായി പൂര്‍ത്തിയാക്കിയാണ് പരേഡില്‍ പങ്കെടുത്തവര്‍ കേരളാ പൊലീസ് സേനയിലെ അംഗങ്ങളായി മാറുന്നത്. ബിരുദാനന്തര ബിരുദം നേടിയ 37 പേരും എംബിഎ കഴിഞ്ഞ 3 പേരും ഒരു എംഎഡുകാരനും, 10 ബിടെക്കുകാരും, 17 ബിഎഡുകാരും 179 ബിരുദധാരികളും ഉള്‍പ്പെടുന്നവരാണ് പരേഡില്‍ പങ്കെടുത്തത്. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സരള, ഡിഐജി ദിനേന്ദ്ര കശ്യപ്, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി പി എന്‍.ഉണ്ണിരാജന് തുടങ്ങിയവര്‍ സംബന്ധിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എന്‍എസ്ജി കമാണ്ടോ പി.വി.മനേഷ് വിശിഷ്ടാതിഥിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: