അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പഴയ ബ്‌ളോക്കിനു സമീപം നില്‍ക്കുന്ന കഞ്ഞിപ്പുരയുടെ മുകളില്‍ വീണ മരം രണ്ടാഴ്ചകഴിഞ്ഞിട്ടും മുറിച്ചുമാറ്റാന്‍ ആശുപത്രി അധികാരികള്‍ തയ്യാറാകുന്നില്ല. ഈ കഞ്ഞിപ്പുരക്ക് സമീപത്താണ് കാന്‍സര്‍ വാര്‍ഡ്, മാനസികരോഗ വിഭാഗം, ത്വക്ക്‌രോഗ വിഭാഗം എന്നിവ സ്ഥിതിചെയ്യുന്നത്. ഇതിനോടൊപ്പം തന്നെയാണ് ആശുപത്രി സൂപ്രണ്ടിന്റെ ഒപി പ്രവര്‍ത്തിക്കുന്നതും. കഞ്ഞിപ്പുര വാഹന പാര്‍ക്കിങ് ഏരിയ കൂടിയാണ്. എന്നാല്‍ മരംവീണ് ഇടിഞ്ഞ് പൊളിഞ്ഞു നില്‍ക്കുന്ന കഞ്ഞിപ്പുര മരത്തിന്റെ ഭാരം മൂലം ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിലുമാണ്. മരം മുറിച്ചുമാറ്റിയില്ലായെങ്കില്‍ ഇവിടെ ഭക്ഷണം പാചകം ചെയ്യാനോ വിതരണം ചെയ്യാനോ പറ്റില്ല. രാവിലെയും വൈകുന്നേരവുമായി സേവാഭാരതി അടക്കമുള്ള സംഘനകളാണ് നാന്നൂറോളം രോഗികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്. മരം ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം ഇടപെട്ട് മരംവെട്ടി മാറ്റണമെന്ന് ആവശ്യം ശക്തമായി.
















