തിരുവനന്തപുരം: മാതൃഭൂമി ക്യാമറമാന് റെജിമോന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്യപ്പെട്ട ഡോക്ടറുടെ സസ്പെന്ഷന് അന്വേഷണം തീരുന്നതുവരെ പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടു. ഡോക്ടറെ സസ്പെന്റ് ചെയ്തതിനെതിരെ ഡോക്ടര്‍മാരും അവരുടെ സംഘടനയും പല വിധ സമ്മര്‍ദ്ദങ്ങള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി സസ്പെന്‍ഷനിലായ ഡോക്ടറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒ സമര പുറപ്പാടിലാണ്.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയ റെജിമോന് മതിയായ ചികിത്സയോ പരിചരണമോ നല്കാന് ഡൂട്ടി ഡോക്ടമാര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് പത്രസമൂഹത്തിന്റെ പരാതി. ഏതെങ്കിലും തരത്തിലുള്ള വിഐപി പരിഗണന ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടില്ല. സാധാരണ രോഗിക്കു ലഭിക്കേണ്ട പരിഗണന ലഭിച്ചില്ല എന്നതാണ് ഉന്നയിക്കുന്ന പരാതി. മാത്രമല്ല മരണം ഉറപ്പായശേഷം ഡൂട്ടി ഡോക്ടര്‍ ഒപ്പമുണ്ടായിരുന്നവരോട് തട്ടിക്കയറുകയും ഒപി ടിക്കറ്റ് അവര്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്തു.
തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതിനാല്‍ സസ്പെന്‍ഷനിലുള്ള ഡ്യുട്ടി ഡോക്ടറെ തിരിച്ചെടുക്കണമെന്നാണ് കെജിഎംഒയുടെ ആവശ്യം. എന്നാല്‍, ഡോക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് മരണത്തിന്റെ ഉത്തരവാദിത്വം ചുമത്തിയായിരുന്നില്ല. റെജിമോനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴും മരണത്തിനു ശേഷവും ഡൂട്ടി ഡോക്ടര്‍ കാട്ടിയ തികഞ്ഞ അവഗണനയും അഹങ്കാരവും ആണ് പ്രശ്നമായത്. ഒന്നരമണിക്കൂറോളം ഒപ്സര്വേറ്ററില് കിടത്തിയിരുന്നിട്ടും രോഗിയുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ച ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും ധിക്കാരപരമായും അപമര്യാദയോടെയുമാണ് പെരുമാറിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ തലച്ചോറിലെ രക്തസ്രാവത്തിന് ഇടയാക്കിയ സാഹചര്യം അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്. അതുവരെ സസ്പെന്ഷന് പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ പ്രസിഡന്റ് സി. റഹിമും സെക്രട്ടറി ബി.എസ്. പ്രസന്നനും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: