തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില്‍ ആറ്റുകാല്‍ ക്ഷേത്രം ഉള്‍പ്പെടുന്ന ആറ്റുകാല്‍, കളിപ്പാന്‍കുളം, കാലടി, അമ്പലത്തറ(കല്ലടിമുഖം) വാര്‍ഡുകളില്‍ ഡ്രെയിനേജ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള ബൃഹത്തായ പദ്ധതി ഇന്നും കടലാസില്‍ മാത്രം. ഇതിനായി അനുവദിച്ച 17.2 കോടിരൂപ കഴിഞ്ഞ മാര്‍ച്ചില്‍ ലാപ്സായതോടെ പദ്ധതി അവതാളത്തിലാകുമെന്ന അവസ്ഥയാണ്.
2005ല്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയ പദ്ധതിക്ക് 14.55 കോടിരൂപയ്ക്കാണ് ഭരണാനുമതി 2006 ജനുവരിയില്‍ ടിയുഡിപിക്ക് ലഭിച്ചിട്ടുള്ളതാണ്. കൂടുതല്‍ ഫണ്ട് ലഭ്യമാക്കുന്നതിനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അതിന്‍പ്രകാരം 17.2 കോടി രൂപയ്ക്കുള്ള അനുമതി ലഭിച്ചിട്ടുള്ളതുമാണ്. ഈ പദ്ധതി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ കേരള വാട്ടര്‍ അതോറിറ്റി, കെഎസ്യുഡിപി എന്നീ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് നടപ്പിലാക്കുന്നത്. വാട്ടര്‍ അതോറിറ്റി സര്‍വെ നടത്തി സ്കെച്ചും പ്ലാനും തയ്യാറാക്കി ഗവണ്മെന്റിന് സമര്‍പ്പിച്ചു. എന്നാല്‍ ഇതുവരെയും ടെന്‍ഡര്‍ നടപടികള്‍ ഒന്നും തന്നെ നടന്നിട്ടില്ല.
പദ്ധതിക്ക് ആവശ്യമായ സ്ഥലം നഗരസഭ ഏറ്റെടുത്ത് നല്കിയാല് മാത്രമെ പണികള്‍ ആരംഭിക്കുകയുള്ളൂ. അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം 2011 മാര്‍ച്ചില്‍ കൂടിയ നഗരസഭാ കൗണ്‍സില്‍ യോഗം സ്വീവേജ് പ്രോജക്ട് ഫെയ്സ് പദ്ധതിപ്രകാരം മണക്കാട് വില്ലേജില്‍പ്പെട്ട ആറ്റുകാല്‍, കാലടി, കളിപ്പാന്‍കുളം പ്രദേശത്തെ പദ്ധതിക്കായി 4 പമ്പ്ഹൗസുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ തീരുമാനിച്ചു.
തുടര്‍ന്ന് ആറ്റുകാല്‍, കാലടി, കാലടി സൗത്ത്, കല്ലടിമുഖം എന്നീ സ്ഥലങ്ങളില്‍ പമ്പ്ഹൗസുകള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം അക്വയര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നു. നോട്ടിഫിക്കേഷന്‍ ഇറങ്ങിയതിനുശേഷം പദ്ധതികളാകെ തകിടം മറിഞ്ഞു. ഭൂമാഫിയകളും ചില സ്വകാര്യ വ്യക്തികളും ഇതിനെതിരെ രംഗത്ത് വരികയും അക്വയര്‍ ചെയ്ത സ്ഥലങ്ങളില്‍ പ്രാദേശിക വികാരം ഇളക്കിവിടുകയും ചെയ്തു. ഇതിനോടൊപ്പം ജനപ്രതിനിധികളുടെ ശ്രദ്ധക്കുറവും പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് വിഘാതമായി.
ഈ പദ്ധതിയുടെകൂടെ ഭരണാനുമതി ലഭിച്ച തീരദേശമേഖല ഉള്‍പ്പെട്ട പദ്ധതിയും ചെറുവയ്ക്കല്‍ പദ്ധതിയും ജനകീയ പങ്കാളിത്തത്തോടെയും പ്രക്ഷോഭ സമരങ്ങളില്‍കൂടി ജനപ്രതിനികളുടെ ശ്രദ്ധ പിടിച്ചെടുത്ത് പൂര്‍ത്തീകരിക്കുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്.
ഭരണാനുമതി ലഭിച്ച് ഏഴുവര്‍ഷം കഴിഞ്ഞിട്ടും 17.2 കോടിയില്‍നിന്നും ഒരു രൂപപോലും ചിലവാക്കപ്പെടാതെ 2015 മാര്‍ച്ച് 31ന് ഫണ്ട് ലാപ്സാവുകയും പദ്ധതി അവസാനിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്. ആറ്റുകാല്‍, കാലടി, കളിപ്പാന്‍കുള, അമ്പലത്തറ (കല്ലടിമുഖം) വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ഏറെ സഹായകരമായ ഡ്രെയിനേജ് സംവിധാനം നടപ്പില്‍ വരുത്തുന്നതിനായി ജനകീയ മുന്നേറ്റം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: