കണ്ണൂര്‍: കൂത്തുപറമ്പ് പഴയനിരത്തിലെ സിപിഎം കേന്ദ്രത്തില്‍വെച്ച് ആയുധം പിടിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും സംഭവം സംബന്ധിച്ച് ഗൂഢാലോചനയുള്‍പ്പെടെ മുഴുവന്‍ വസ്തുതകളും സമഗ്രാന്വേഷണം നടത്തി പുറത്തുകൊണ്ടുവരാന്‍ പോലീസ് തയ്യാറാവണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്നായിരുന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി സംഭവത്തിനു ശേഷം പറഞ്ഞത്. എന്നാല്‍ പി.എം.മനോരാജെന്ന സിപിഎമ്മിന്റെ ജില്ലയിലെയും കൂത്തുപറമ്പിലേയും ഗുണ്ടാ നേതാവ് കേസില്‍ അറസ്റ്റിലാവുകയും ഇയാളെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ആര്‍എസ്എസ് ജില്ലാ നേതാവായിരുന്ന കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെടെ നിരവധി കൊലപാതക അക്രമക്കേസുകളില്‍ പ്രതിയായ ഇയാള്‍ ആയുധശേഖരം നടത്തിയത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ്. നേതൃത്വത്തിന്റെ അറിവില്ലാതെ ഇത്തരം ആയുധ ശേഖരം നടക്കില്ല. പാര്‍ട്ടി പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായ പി.എം.മനോജിന്റെ സഹോദരനാണ് പിടിയിലായ മനോരാജ്. അതുകൊണ്ടു തന്നെ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ വലിയ ഗൂഢാലോചന ഈ ആയുധ ശേഖരത്തിനു പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുമ്പേതന്നെ അക്രമങ്ങള്‍ക്ക് സിപിഎം തുടക്കം കുറിച്ചിരിക്കുകയാണ്.
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയ ബിനോയിയെന്ന ബോബിയുടെ വീടിനുനേരെ മൂന്നുതവണ സിപിഎം സംഘം അക്രമം നടത്തി. മാത്രമല്ല ഇത് ടെസ്റ്റ് ഡോസാണെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ നീ ഈ ഭൂമുഖത്തുണ്ടാകില്ലെന്ന് വധ ഭീഷണിയും സിപിഎം സംഘം മുഴക്കിയിരിക്കുകയാണ്. എരമം-കുറ്റൂരിലെ വെള്ളോറ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടുവരാന്തയില്‍ അസഭ്യഭാഷയില്‍ ഭീഷണിയെഴുതിവെയ്ക്കുകയും റീത്ത് വെയ്ക്കുകയും ചെയ്തു. ഇതെല്ലാം കാണിക്കുന്നത് തെരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടി മനസ്സിലാക്കിയ സിപിഎം നേതൃത്വം കളളവോട്ടിനും ബൂത്തുപിടുത്തത്തിനും ഒരുങ്ങിക്കഴിഞ്ഞുവെന്നതിലേക്കാണ്. അക്രമം നടന്നാല്‍ അതത് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ കേസെടുക്കുമെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് ലഭിച്ചതോടെ പോളിംഗ് ബൂത്തിന് നൂറുമീറ്റര്‍ അകലെവെച്ച് വോട്ടര്‍മാരെ തടഞ്ഞ് നായ്ക്കുരണപൊടി വിതറാന്‍ സിപിഎം തീരുമാനമെടുത്തിട്ടുണ്ടെന്നും രഞ്ചിത്ത് ആരോപിച്ചു. നോട്ടീസ് കൊടുക്കുന്നതിന് പകരം അക്രമങ്ങളെ മുന്‍കൂട്ടി കണ്ട് തടയാന്‍ പോലീസ് തയ്യാറാവണമെന്നും ഇക്കാര്യത്തില്‍ പോലീസ് ജാഗ്രത പുലര്‍ത്തണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു. കൂത്തുപറമ്പില്‍ നിന്ന് ആയുധശേഖരം കണ്ടെത്തിയതിനു പിന്നാലെ മൊടക്കോഴി മലയില്‍ വെച്ച് കഴിഞ്ഞ ദിവസം എട്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരിക്കുകയാണ്. ടിപി കേസിലെ സിപിഎമ്മുകാരായ പ്രതികളെ ഒളിപ്പിച്ച് താമസിപ്പിച്ച പ്രദേശമാണ് മൊടക്കോഴി. ഇതെല്ലാം കാണിക്കുന്നത് ജില്ലയില്‍ വലിയ അക്രമങ്ങള്‍ തെരഞ്ഞെടുപ്പിനിടയില്‍ നടത്താന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നുവെന്നതിലേക്കാണ്. ജില്ലയെ കലാപഭൂമിയാക്കാനാണ് സിപിഎം ശ്രമം. തെരഞ്ഞെടുപ്പ് രംഗത്ത് ചട്ടങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാവണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്,കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: