കുടയത്തൂര്‍: കനത്തമഴയില്‍ മൂലമറ്റം മേഖലയില്‍ വ്യാപകമായ നാശനഷ്ടം.കോളപ്ര 7-ാം മൈലിലും അറക്കുളം കരിപ്പലിങ്ങാടിലും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. കോളപ്ര, കുടയത്തുര്‍,കാഞ്ഞാര്‍, മൂലമറ്റംഎന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. ഇന്നലെ വൈകിട്ട് 3 മണിയോടെ വീശിയടിച്ച കാറ്റില്‍ റോഡിനരികില്‍ നിന്ന മരം കടപുഴകി വീഴുകയായിരുന്നു. കനത്തമഴയോടപ്പമായിരുന്നു കാറ്റ് വീശിയടിച്ചത്. കോളപ്ര 7-ാം മൈലിന് സമീപം റോഡിലേക്ക് വീണ മരം തൊടുപുഴയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് വെട്ടിമാറ്റിയത്. തൊടുപുഴ ഭാഗത്തേക്ക് വന്ന വാഹനങ്ങള്‍ മരം മുറിച്ച് മാറ്റുന്നത് വരെ കാക്കൊമ്പ് റോഡ് വഴി തിരിച്ചുവിട്ടു. കോളപ്ര മേഖലയില്‍ നിരവധി വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. ഈ പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. അറക്കുളം കരിപ്പലങ്ങാടിന് സമീപം റോഡിലേക്ക് വീണ മരം മൂലമറ്റം ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് വെട്ടിമാറ്റിയത്. ഉച്ചതിരിഞ്ഞ് വീശിയടിച്ച അതിശക്തമായ കാറ്റില്‍ റബ്ബര്‍ മരങ്ങള്‍, വാഴ,കപ്പ എന്നിവ ഉള്‍പ്പെടെ നിലംപൊത്തി. ഒന്നരമണിക്കൂറോളം പെയ്ത മഴയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തൊടുപുഴയിലെ വിവിധ പ്രദേശങ്ങളില്‍ കനത്തമഴയാണ് പെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: