ഹരി ബാബു
കുടയത്തൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ദിവസങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ കുടയത്തൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇരുമുന്നണികളേയും കിതപ്പിച്ച് മുന്നേറുന്നു. നാല് ഗ്രാമ പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് സ്ഥാനത്തേക്കുമാണ് ബിജെപി മത്സരിക്കുന്നത്. രണ്ടാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന ദാമോദരന്‍ എന്‍ കെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ്. വാര്‍ഡിലെ വ്യക്തി ബന്ധങ്ങള്‍ വോട്ടാക്കി മാറ്റുവാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് ദാമോദരന്‍. ആറാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന അജിതകുമാരി പഞ്ചായത്തിലെ മലയോര മേഖലയായ ചക്കിക്കാവില്‍ നിന്നുമാണ് ജനവിധി തേടുന്നത്. ഇരുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് അജിതകുമാരിയുടെ പ്രചരണം മുന്നേറുന്നത്. നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റായ 10-ാം വാര്‍ഡില്‍ വീണ്ടും വിജയക്കൊടി പാറിക്കുവാന്‍ ബിന്ദു സുധാകരനെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ഇവിടെ എല്‍ഡിഎഫ് ചിത്രത്തില്‍ ഇല്ല.അടുക്കും ചിട്ടയോടുമുള്ള പ്രചരണവുമായി ബിന്ദുസുധാകരന്‍ വാര്‍ഡില്‍ ഏറെ മുന്നിലെത്തി കഴിഞ്ഞു. ശരംകുത്തിഭാഗം ഉള്‍പ്പെടുന്ന 11-ാം വാര്‍ഡില്‍ താമര വിരിയിക്കുവാനുള്ള വിശ്രമമില്ലാത്ത പ്രചരണത്തിലാണ് ഷീബ ചന്ദ്രന്. വലിയ ഒരു നിരയെ തന്നെ പ്രചണത്തിനായി തന്നോടൊപ്പം കൂട്ടുവാന്‍ ഷീബ ചന്ദ്രന് കഴിഞ്ഞിട്ടുണ്ട്. 10-ാം വാര്‍ഡില്‍ താമര വിരിയിച്ച പ്രസാദ് രാമകൃഷ്ണനാണ് ഇളംദേശം ബ്ലോക്ക് കുടയത്തൂര്‍ ഡിവിഷനിലെ സ്ഥാനാര്‍ത്ഥി. പഞ്ചായത്തിലെ ഏറ്റവും അധികം വികസന പ്രവര്‍ത്തനം നടന്ന വാര്‍ഡിന്റെ പ്രതിനിധി എന്ന നിലയില്‍ നേടിയെടുത്ത ജന വിശ്വാസത്തെ വോട്ടാക്കി മാറ്റുവാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് പ്രസാദ് രാമകൃഷ്ണന്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ആശങ്ക നല്കി വന്‍മുന്നേറ്റമാണ് പ്രസാദ് രാമകൃഷ്ണന് കാഴ്ച്ചവെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: