തിരുവനന്തപുരം: ഏഴുവര്‍ഷം മുമ്പ് വിരമിച്ച പ്രഥമാധ്യാപകന് 2007ലെ ശമ്പളം 2014ല്‍ നല്കിയസംഭവത്തില് വിദ്യാഭ്യാസവകുപ്പിലെ ഉദേ്യാഗസ്ഥരില്നിന്ന് പലിശ ഈടാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
ഒടുവില്‍ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് (ലാസ്റ്റ് പേ സര്‍ട്ടിഫിക്കേറ്റ്) നല്കാന് 7 വര്‍ഷത്തെ കാലതാമസം വരുത്തിയതു കാരണമാണ് ശമ്പളവും പെന്ഷന് ആനുകൂല്യങ്ങളും നിഷേധിച്ചത്. സര്‍വ്വ ശിക്ഷാ അഭിയാനില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 7 വര്‍ഷമെടുത്തത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ പിന്നീടുള്ള ശമ്പളം എഴുതുകയുള്ളൂ. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പെന്ഷന് നിഷേധിക്കപ്പെട്ടിരുന്നു.
അധ്യാപകന് അടിയന്തരമായി പെന്ഷന് ആനുകൂല്യങ്ങള്‍ നല്‍കാനും കമ്മീഷന് ഉത്തരവിട്ടു. പൊന്‍കുന്നം മുരിക്കുംവയല്‍ വിഎച്ച്എസ്എസ് പ്രിന്‍സിപ്പലായിരുന്ന എബ്രഹാം ജോസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2003മുതല്‍ 2007വരെ എബ്രഹാം ജോസ് സര്‍വശിക്ഷാ അഭിയാന്റെ (എസ്എസ്എ) കീഴില്‍ കാഞ്ഞിരപ്പള്ളി ബ്ളോക്ക് റിസോഴ്സ് സെന്ററില്‍ ജോലി ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് യഥാസമയം കിട്ടാത്തതിനാല്‍ 2007 ആഗസ്റ്റ് 7, 8 തീയതികളിലെയും പ്രമോഷന് ലഭിച്ച കാലഘട്ടത്തിലെയും ശമ്പളവും ആനുകൂല്യങ്ങളും യഥാസമയം മാറാന്‍കഴിഞ്ഞില്ല.
2014 ജനുവരി 2 നാണ് എസ്എസ്എ യില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്. 2007 ആഗസ്റ്റ് 7, 8 തീയതികളിലെ ശമ്പളം എഴുതി ട്രഷറിയില്‍ നല്കിയപ്പോള് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ക്ലയിം ആയതിനാല്‍ സര്ക്കാന് ഉത്തരവ് ആവശ്യമാണെന്ന് പറഞ്ഞ് ബില്ല് മടക്കി. 2014 ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2 ദിവസത്തെ ശമ്പളം കിട്ടിയെങ്കിലും പെന്ഷന് ആനുകൂല്യങ്ങള്‍ ലഭിച്ചില്ല.
അക്കൗണ്ടന്റ് ജനറലില്‍ നിന്നുള്ള പേസ്ലിപ്പ് പരാതിക്കാരന് കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് മുമ്പില്‍ ഹാജരാക്കി സര്‍ക്കാരില്‍ ലഭിച്ചാ ല്‍ ധനവകുപ്പിന്റെ അനുമതിയോടെ കുടിശിക നല്‍കാമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത് 2014ല്‍ മാത്രമാണെന്നും വിശദീകരണത്തില്‍ പറയുന്നു. പെന്ഷന് ആനുകൂല്യങ്ങള്‍ നല്കാന് ഇനിയും കാലതാമസം വരുത്തിയാല്‍ ഉത്തരവാദികളായ ഉദേ്യാഗസ്ഥര്‍ പലിശ നല്കാന്ബാധ്യസ്ഥരാകുമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: