കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ അവസാന യോഗത്തില്‍ സ്നേഹം പങ്കിട്ടും ആശംസകള്‍ കൈമാറിയും അംഗങ്ങള്‍. രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ ഒറ്റ മനസ്സായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമാണ് അംഗങ്ങളെല്ലാം ഒരുപോലെ പ്രകടിപ്പിച്ചത്. ഒരു കുടുംബം പോലെ സൗഹാര്‍ദ്ദത്തോടെ അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാന നേട്ടമായി എല്ലാവരും എടുത്തുപറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വിടവാങ്ങല്‍ യോഗം അങ്ങനെ ജനാധിപത്യ പ്രക്രിയയിലെ മറ്റൊരു മാതൃകയായി.
ഒരു തത്വശാസ്ത്രത്തിലും വെളളം ചേര്‍ക്കാതെ സ്നേഹത്തിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ചതാണ് ജില്ലാ പഞ്ചായത്തിന്റെ നേട്ടങ്ങള്‍ക്ക് നിദാനമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രസിഡണ്ട് കെ.എ.സരള വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. ഐക്യത്തോടെയുളള പ്രവര്‍ത്തനങ്ങളിലൂടെ നേടിയ വിജയമാണ് ജില്ലാ പഞ്ചായത്തിന്റേതെന്നും അവര്‍ ഓര്‍മിപ്പിച്ചു.
രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒന്നിച്ചു നില്ക്കാന് കഴിഞ്ഞുവെന്നത് എല്ലാ അംഗങ്ങള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് വൈസ് പ്രസിഡണ്ട്ടി കൃഷ്ണന് അഭിപ്രായപ്പെട്ടു. ഒരു കുടുംബം പോലെ ഏറ്റവും സൗഹാര്ദ്ദത്തോടെയുളളതായിരുന്നു ജില്ലാ പഞ്ചായത്തിലെ അനുഭവമെന്ന് അഡ്വ.കെ.ജെ.ജോസഫ്, പി.മാധവന് മാസ്റ്റര്‍, ഡോ.കെ.വി.ഫിലോമിന, പി.പി.മഹമൂദ് എന്നിവര്‍ ഓര്‍മിച്ചു. ഒരു മനസ്സായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്നും ഓര്‍മിക്കാവുന്ന അനുഭവമാണെന്ന് കെ.മീനാക്ഷി ടീച്ചര്‍, എം.കുഞ്ഞിരാമന്, എം.വി.രാജീവന്, പി.കെ.ശബരീഷ് കുമാര്‍, ഇ. പി.കരുണാകരന് എന്നിവരും പറഞ്ഞു. സജി കുറ്റ്യാനിമറ്റം, പി.പി.ദിവ്യ, പി.ടി.രുഗ്മിണി, കെ.സത്യഭാമ, വി.കെ.പ്രകാശിനി, സെക്രട്ടറി എം.കെ.ശ്രീജിത്, എല്‍എസ്ജി ഡി എക്സി.എഞ്ചിനീയര്‍ കെ.വി.സജീവന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: